2025ലെ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിനെ പരാജയപ്പെടുത്തി മണ്ഡലം തിരിച്ചുപിടിക്കുകയായിരുന്നു. 11,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയായിരുന്നു വിജയം. 

നിലമ്പൂർ: കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച ഇടമാണ് മലപ്പുറം ജില്ലയിലെ നിലമ്പൂർ നിയമസഭാ മണ്ഡലം. കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ അപ്രമാദിത്തത്തിൽ നിന്ന് പി വി അൻവറിലൂടെ എൽഡിഎഫ് മണ്ഡലം പിടിച്ചെടുത്ത ചരിത്രം ഇവിടെയുണ്ട്. നിലമ്പൂർ താലൂക്കിലെ നിലമ്പൂർ നഗരസഭയും അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി, മൂത്തേടം, പോത്തുകൽ, വഴിക്കടവ് എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ്‌ നിലമ്പൂർ നിയമസഭ മണ്ഡലം. മലപ്പുറം ജില്ലയിലെ മലയോര മേഖലയുടെ രാഷ്ട്രീയ വികാരങ്ങൾ കൃത്യമായി പ്രതിഫലിപ്പിക്കുന്ന മണ്ഡലമെന്ന പ്രത്യേകതയും നിലമ്പൂരിനുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

2016ലും 2021ലും നിലമ്പൂർ കോട്ട കൈവിട്ടുപോയെങ്കിലും 2025ലെ ഉപതിരഞ്ഞെടുപ്പിലൂടെ ആര്യാടൻ ഷൗക്കത്ത് മണ്ഡലം തിരിച്ചുപിടിച്ചു. എം സ്വരാജിനെ പോലെയുള്ള ഒരു കരുത്തനായ നേതാവിനെ പരാജയപ്പെടുത്തിയത് യുഡിഎഫിന് നിലമ്പൂരിൽ വലിയ ആത്മവിശ്വാസമാണ് നൽകിയത്. 11,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ആര്യാടൻ ഷൗക്കത്ത് മണ്ഡലം പിടിച്ചത് ഇരട്ടി മധുരമായി മാറി. 2016ൽ നിലമ്പൂരിലെ കോൺഗ്രസ് ആധിപത്യത്തിന് അന്ത്യം കുറിച്ചത് പി വി അൻവറായിരുന്നു. എന്നാൽ, 2025ൽ ഇടതുപക്ഷവുമായി തെറ്റിപ്പിരിഞ്ഞ അൻവർ തൃണമൂൽ കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ചു. എന്നാൽ, 19,760 വോട്ടുകൾ മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.

2021ലെ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുൻപ് അന്തരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി വി വി പ്രകാശ് മണ്ഡലത്തിൽ വലിയ വൈകാരിക തരംഗമുണ്ടാക്കിയിരുന്നു. അന്ന് 2,700 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനാണ് അൻവർ വിജയിച്ചത്. മണ്ഡലത്തിൽ ഏകദേശം 5% വോട്ടുകൾ ബിജെപി സ്ഥിരമായി നേടുന്നുണ്ട്. 2025-ൽ മോഹൻ ജോർജ് 8,648 വോട്ടുകൾ നേടിയിരുന്നു. വിജയം ആവര്‍ത്തിക്കാൻ ഇത്തവണയും ആര്യാടൻ ഷൗക്കത്തിനെ തന്നെയാണ് യുഡിഎഫ് പോരാട്ടത്തിനിറക്കുന്നത്. ഇടതുപക്ഷത്തിന് വേണ്ടി യു ഷറഫലി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.