പ്രതിപക്ഷ നേതാവ് വി ഡി സതീശന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെട്ടിവെക്കാനുള്ള തുക പ്ലാച്ചിമട സമരസമിതി നൽകും. പ്ലാച്ചിമട സമരങ്ങൾക്ക് സതീശൻ നൽകിയ പിന്തുണയ്ക്കുള്ള ഐക്യദാർഢ്യമായാണ് ഈ നടപടി. സമരസമിതി നേതാക്കൾ നാളെ പറവൂരിലെത്തി തുക കൈമാറുമെന്ന് അറിയിച്ചു.

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള കെട്ടിവെക്കാനുള്ള തുക പ്ലാച്ചിമട സമരസമിതി നൽകും. സമരസമിതി നേതാക്കളായ വിളയോടി വേണുഗോപാൽ, ശക്തിവേൽ എന്നിവർ നാളെ (തിങ്കളാഴ്ച) രാവിലെ 11 മണിക്ക് പറവൂർ രാജീവ് ഭവനിലെത്തി തുക കൈമാറുമെന്ന് സമിതി ഭാരവാഹികൾ അറിയിച്ചു. പ്ലാച്ചിമടയിലെ ജനകീയ സമരങ്ങൾക്ക് സതീശൻ നൽകി വരുന്ന പിന്തുണയ്ക്കുള്ള ഐക്യദാർഢ്യമായാണ് ഈ നീക്കം. പറവൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന സതീശന് ജനകീയ സമരസമിതികളുടെ ഈ പിന്തുണ രാഷ്ട്രീയ നേട്ടം കൂടിയാണ്. പറവൂർ മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥി ഇ ടി ടൈസൺ മാസ്റ്ററുമായാണ് ഇക്കുറി സതീശന്‍റെ പോരാട്ടം. 

സതീശന്‍റെ പടയോട്ടം തടയാൻ സി പി ഐ

കൈപ്പമംഗലം എം എൽ എയായ ടൈസൺ മാസ്റ്റർ, ഇവിടെ രണ്ട് ടേം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പറവൂരിലേക്ക് പോർവിളിച്ച് എത്തുന്നത്. ശക്തനായ എതിരാളിയെ തന്നെ രംഗത്തിറക്കി സതീശന്റെ വിജയത്തുടർച്ചക്ക് തടയിടാനും മണ്ഡലത്തിൽ തളയ്ക്കാനുമാണ് എൽ ഡി എഫ് ലക്ഷ്യമിടുന്നത്. കാൽനൂറ്റാണ്ടി പറവൂരിലെ എം എൽ എയായ സതീശനെ തളയ്ക്കാൻ ടൈസൺ മാസ്റ്റർക്ക് സാധിക്കുമെന്നാണ് സി പി ഐയുടെ പ്രതീക്ഷ. 2001 ൽ ആദ്യമായി നിയമസഭയിലെത്തിയ സതീശൻ, തുടർച്ചയായ ആറാം ജയമാണ് ഇക്കുറി ലക്ഷ്യമിടുന്നത്. സി പി ഐയിലെ എം ടി നിക്സണെയാണ് കഴിഞ്ഞ തവണ സതീശൻ പരാജയപ്പെടുത്തിയത്. 21301 വോട്ടുകൾക്കായിരുന്നു 2021 ലെ സതീശന്‍റെ വിജയം.