സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ആവേശത്തിന് നൂറുമേനി തിളക്കം. പ്രായം വെറുമൊരു അക്കം മാത്രമാണെന്ന് തെളിയിച്ചുകൊണ്ട് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ 100 വയസ്സ് പിന്നിട്ട 1,555 വോട്ടർമാരാണ് പട്ടികയിലുള്ളത്. 

കേരളം നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് നീങ്ങുമ്പോൾ വോട്ടർ പട്ടികയിലെ കണക്കുകൾ രാഷ്ട്രീയ കേന്ദ്രങ്ങളെയും പൊതുജനങ്ങളെയും ഒരുപോലെ അത്ഭുതപ്പെടുത്തുകയാണ്. ജനാധിപത്യ പ്രക്രിയയിൽ പ്രായം വെറുമൊരു അക്കമാണെന്ന് തെളിയിക്കുന്നതാണ് ഇത്തവണത്തെ വോട്ടർ പട്ടിക. സംസ്ഥാനത്ത് നൂറ് വയസ് പിന്നിട്ടിട്ടും വോട്ട് ചെയ്യാൻ ആവേശത്തോടെ കാത്തിരിക്കുന്നത് ആയിരക്കണക്കിന് മുതിർന്ന പൗരന്മാരാണ്. തെരഞ്ഞെടുപ്പ് കമ്മിഷൽ പുറത്തുവിട്ട അന്തിമ പട്ടിക പ്രകാരം 100 വയസിന് മുകളിൽ പ്രായമുള്ള 1,555 വോട്ടർമാരാണ് ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കാൻ തയ്യാറെടുക്കുന്നത്.

പ്രായത്തെ വെല്ലുന്ന ആവേശം

വായോധികരായ വോട്ടർമാരുടെ എണ്ണത്തിൽ ഇത്തവണ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പട്ടികയിലെ കണക്കുകൾ സൂക്ഷ്മമായി പരിശോധിച്ചാൽ 100 മുതൽ 109 വയസ്സുവരെയുള്ള വോട്ടർമാരുടെ എണ്ണം മാത്രം 1,501 ആണ്. അതിലും അത്ഭുതപ്പെടുത്തുന്ന കാര്യം, 110 വയസിന് മുകളിൽ പ്രായമുള്ള 54 പേർ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട് എന്നതാണ്. ജീവിതത്തിന്റെ നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും നാടിന്റെ വിധി നിർണ്ണയിക്കാൻ തങ്ങളുടെ വോട്ടിനുള്ള കരുത്ത് ഇവർ തിരിച്ചറിയുന്നു. പലരും ശാരീരികമായ അവശതകൾ നേരിടുന്നുണ്ടെങ്കിലും ജനാധിപത്യത്തോടുള്ള ഇവരുടെ പ്രതിബദ്ധത പുതുതലമുറയ്ക്ക് വലിയൊരു മാതൃകയാണ്.

ഇത്തവണത്തെ വോട്ടർ പട്ടിക പ്രായം തിരിച്ചുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഏറ്റവും കൂടുതൽ വോട്ടർമാർ ഉൾപ്പെടുന്നത് 40 മുതൽ 49 വയസ്സുവരെയുള്ള വിഭാഗത്തിലാണ്. ഏകദേശം 56.32 ലക്ഷം പേരാണ് ഈ പ്രായപരിധിയിലുള്ളത്.

ഇത്തവണ 4,66,408 പുതിയ വോട്ടർമാരാണ് ആദ്യമായി വോട്ട് രേഖപ്പെടുത്തുന്നത്. യുവത്വത്തിന്റെ ഈ വലിയ പങ്കാളിത്തം രാഷ്ട്രീയ പാർട്ടികൾക്ക് വലിയ പ്രതീക്ഷ നൽകുന്നു. അത് കൂടാതെ, ആകെ വോട്ടർമാരായ 2,71,42,952 പേരിൽ 1,39,21,868 പേരും സ്ത്രീകളാണ്. പുരുഷന്മാരേക്കാൾ ഏഴ് ലക്ഷത്തോളം അധികം വോട്ടർമാർ സ്ത്രീകൾ ആണെന്നത് കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സ്ത്രീപക്ഷ നിലപാടുകൾക്കുള്ള പ്രാധാന്യം വർദ്ധിപ്പിക്കുന്നു. ജില്ലാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് മലപ്പുറത്താണ് (36,32,210). സംസ്ഥാനത്ത് പുരുഷ വോട്ടർമാർ സ്ത്രീകളേക്കാൾ കൂടുതലുള്ള ഏക ജില്ലയും മലപ്പുറമാണ്. മണ്ഡലങ്ങളിൽ തിരൂരാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്.

പ്രായാധിക്യം മൂലം പോളിങ് ബൂത്തുകളിൽ എത്താൻ ബുദ്ധിമുട്ടുന്ന വായോധികർക്കായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 85 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള 'ഹോം വോട്ടിങ്' സൗകര്യം ഇത്തവണയും ലഭ്യമാണ്. ഇതിനായി ഫോം 12 ഡി വഴി മുൻകൂട്ടി അപേക്ഷ നൽകണം. ഉദ്യോഗസ്ഥർ നേരിട്ട് വീടുകളിലെത്തി വോട്ട് രേഖപ്പെടുത്തുന്ന ഈ സംവിധാനം നൂറ് കടന്ന വോട്ടർമാർക്ക് വലിയ ആശ്വാസമാണ്. വോട്ട് ചെയ്യാൻ ആഗ്രഹമുണ്ടായിട്ടും ശാരീരികമായ ബുദ്ധിമുട്ടുകൾ കാരണം ബൂത്തിലെത്താൻ കഴിയാത്തവർക്ക് ജനാധിപത്യത്തിന്റെ ഭാഗമാകാൻ ഇത് വഴിതുറക്കുന്നു.

കേരളത്തിലെ അന്തിമ വോട്ടർ പട്ടികയിൽ 2,71,42,952 വോട്ടർമാരാണ് ആകെ ഉള്ളത്. ഇതിൽ 1,39,21,868 സ്ത്രീകളും 1,32,20,811 പുരുഷന്മാരുമാണുള്ളത്. സ്ത്രീ വോട്ടർമാരുടെ ആധിക്യം കേരളത്തിന്റെ രാഷ്ട്രീയ ബോധത്തിന്റെ അടയാളമാണെങ്കിൽ, നൂറ് കടന്നവരുടെ ഈ പങ്കാളിത്തം ജനാധിപത്യ വ്യവസ്ഥയിലുള്ള വിശ്വാസത്തിന്റെ പ്രതിഫലനമാണ്. കഴിഞ്ഞ പല തെരഞ്ഞെടുപ്പുകളിലും നൂറ് വയസ് പിന്നിട്ടവർ കുടുംബാംഗങ്ങളുടെ സഹായത്തോടെ ബൂത്തിലെത്തി വോട്ട് ചെയ്യുന്ന കാഴ്ചകൾ നമ്മൾ കണ്ടിട്ടുണ്ട്. ഇത്തവണയും അത്തരം കാഴ്ചകൾക്ക് കേരളം സാക്ഷ്യം വഹിക്കുമെന്നുറപ്പാണ്.