തുടർച്ചയായി ആറാം തവണ ജനവിധി തേടുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ, കയ്പമംഗലം എംഎൽഎയായ ഇ ടി ടൈസൺ മാസ്റ്ററെയാണ് എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്.
പറവൂർ: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ ശ്രദ്ധാ കേന്ദ്രമായി പറവൂർ മണ്ഡലം. പറവൂരിൽ തുടർച്ചയായ ആറാം തവണയും പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ജനവിധി തേടുന്നത്. സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ ജനവിധി ഉണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് വി ഡി സതീശൻ പോരിനിറങ്ങുന്നത്. യുഡിഎഫിന്റെ തിരിച്ചുവരവും വി ഡി സതീശന്റെ രാഷ്ട്രീയ വനവാസ പ്രസ്താവനയുമെല്ലാം വലിയ ചർച്ചയായിരിക്കുകയാണ്.
യുഡിഎഫിന്റെ വെല്ലുവിളിയെ നേരിടുന്നതിനൊപ്പം തന്നെ വി ഡി സതീശനെ പറവൂർ മണ്ഡലത്തിൽ തളച്ചിടുക എന്ന ലക്ഷ്യവും എൽഡിഎഫിനുണ്ട്. പറവൂരിൽ വി ഡി സതീശനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഐയുടെ ഇ ടി ടൈസൺ മാസ്റ്ററാണ് മത്സരിക്കുന്നത്. കയ്പമംഗലം എംഎൽഎയാണ് ഇ ടി ടൈസൺ മാസ്റ്റർ. തൃശൂർ ജില്ലയിലെ വിവിധ ഹൈസ്കൂളുകളിൽ ഹെഡ്മാസ്റ്ററായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒരു അധ്യാപകൻ എന്ന നിലയിലുള്ള പശ്ചാത്തലമാണ് അദ്ദേഹം 'മാസ്റ്റർ' എന്ന പേരിൽ അറിയപ്പെടാൻ കാരണമായത്.
സിപിഐ തൃശൂർ ജില്ലാ കമ്മിറ്റി അംഗം, സിപിഐ കയ്പമംഗലം മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച പരിചയമുള്ളയാളാണ് ടൈസൺ മാസ്റ്റർ. എടവിലങ്ങ് ഗ്രാമപഞ്ചായത്ത് അംഗം, കൊടുങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം, രണ്ട് തവണ തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം എന്നിങ്ങനെയുള്ള പ്രവർത്തി പരിചയവും അദ്ദേഹത്തിനുണ്ട്. 2016ലാണ് ടൈസൺ മാസ്റ്റർ ആദ്യമായി നിയമസഭയിലെത്തുന്നത്. കയ്പമംഗലം മണ്ഡലത്തിൽ ആർഎസ്പി സ്ഥാനാർത്ഥി മുഹമ്മദ് നഹാസിനെയാണ് അന്ന് അദ്ദേഹം പരാജയപ്പെടുത്തിയത്. 33,440 വോട്ടുകൾക്കായിരുന്നു ടൈസൺ മാസ്റ്ററുടെ വിജയം. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അദ്ദേഹം കയ്പമംഗലത്ത് നിന്ന് വീണ്ടും വിജയിച്ചു. കോൺഗ്രസിലെ ശോഭ സുബിനെതിരെ 22,698 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ടൈസൺ മാസ്റ്ററുടെ വിജയം.
പറവൂർ മണ്ഡലത്തിൽ ഇത്തവണത്തെ പോരാട്ടം അത്യന്തം വാശിയേറിയതാണ്. 2001 മുതൽ വി ഡി സതീശന്റെ കോട്ടയാണ് പറവൂർ. ഓരോ തെരഞ്ഞെടുപ്പിലും തന്റെ ഭൂരിപക്ഷം ഉയർത്തിയാണ് അദ്ദേഹം മണ്ഡലത്തെ തന്നോടൊപ്പം നിർത്തുന്നത്. 2001ൽ വെറും 2,734 വോട്ടിന് ജയിച്ച അദ്ദേഹം 2021ൽ ഭൂരിപക്ഷം 21,301ലേക്ക് എത്തിക്കുകയും ചെയ്തു. അതേസമയം, എൽഡിഎഫിൽ സിപിഐ മത്സരിക്കുന്ന സീറ്റാണിത്. പന്ന്യൻ രവീന്ദ്രനെപ്പോലെയുള്ള മുതിർന്ന നേതാക്കളെ ഇറക്കിയിട്ടും സതീശനെ പിടിച്ചുകെട്ടാൻ ഇതുവരെ ഇടതുപക്ഷത്തിന് സാധിച്ചിട്ടില്ല. 2016 മുതൽ എൻഡിഎ പറവൂർ മണ്ഡലത്തിലെ വോട്ട് വിഹിതം വർദ്ധിപ്പിച്ചിക്കുന്നുണ്ട്. 2016ൽ ബിഡിജെഎസിലെ ഹരി വിജയൻ 28,000ലധികം വോട്ടുകൾ സ്വന്തമാക്കിയത് വലിയ വാർത്തയായിരുന്നു.
2001ല്‍ സിപിഐയുടെ പി രാജുവിനെ 2,700ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് സതീശൻ പറവൂരിലെ തന്റെ ജൈത്രയാത്രയ്ക്ക് തുടക്കമിടുന്നത്. 2006ൽ സിപിഐയുടെ കെ എം ദിനകരെ 7,700ലധികം വോട്ടുകൾക്കും 2011ൽ പന്ന്യൻ രവീന്ദ്രനെ 11,000ത്തിലധികം വോട്ടുകൾക്കും സതീശൻ പരാജയപ്പെടുത്തി. 2016ൽ എത്തിയപ്പോഴേയ്ക്ക് സതീശന്റെ ഭൂരിപക്ഷം വീണ്ടും ഉയര്‍ന്ന് 20,000ത്തിലേയ്ക്ക് എത്തി. സിപിഐ സ്ഥാനാര്‍ത്ഥിയായിരുന്ന ശാരദ മോഹനെ 20,634 വോട്ടുകൾക്കാണ് സതീശൻ പരാജയപ്പെടുത്തിയത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സതീശന്‍ വീണ്ടും ഭൂരിപക്ഷം ഉയര്‍ത്തുകയും എം ടി നിക്സണെ 21,301 വോട്ടുകൾക്ക് പരാജയപ്പെടുത്തുകയും ചെയ്തു. 2001 മുതൽ 2021 വരെയുള്ള നിയമസഭ തെരഞ്ഞെടുപ്പുകളിൽ സതീശൻ തനിയ്ക്ക് ലഭിക്കുന്ന വോട്ടുകളും ഭൂരിപക്ഷവും ഒരുപോലെ വർധിപ്പിക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഏതായാലും കൊടുമ്പിരി കൊണ്ടുള്ള പ്രചാരണങ്ങളുമായി മുന്നണികൾ മുന്നോട്ടുപോകുകയാണ്. ശക്തമായ ഭരണവിരുദ്ധ വികാരവും സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളുമെല്ലാം വോട്ടാകുമെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിശ്വാസം. എന്നാൽ, വികസന പ്രവർത്തനങ്ങളുടെ കണക്കുകൾ നിരത്തിയാണ് എൽഡിഎഫ് പ്രചാരണം. തുടർച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുപക്ഷം പോരാട്ടത്തിന് തയ്യാറെടുക്കുന്നത്. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നും പ്രകടനം നിയമസഭയിലും ആവർത്തിക്കാനായാൽ ഭരണം പിടിക്കുകയെന്നത് വെല്ലുവിളിയാകില്ലെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ. മറുഭാഗത്ത് തൃശൂരിലെയും തിരുവനന്തപുരത്തെയും നേട്ടങ്ങൾ മറ്റിടങ്ങളിൽ കൂടി ആവർത്തിക്കുകയാണ് എൻഡിഎയുടെ ലക്ഷ്യം.


