പാലക്കാട് ജില്ലയിലെ 12 നിയമസഭ മണ്ഡലങ്ങളിൽ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കാനിരിക്കുന്നത്. പരമ്പരാഗതമായി ഇടതുപക്ഷത്തിന് മേൽക്കൈയുള്ള ജില്ലയിൽ, പികെ ശശിയുടെ വിമത നീക്കവും തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റവും പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്ക് വഴിവെക്കുന്നു. തൃത്താല, പട്ടാമ്പി, പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളിലെ മത്സരം നിർണ്ണായകമാകും.

പാലക്കാട് ജില്ലയിലെ നിയമസഭ മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇപ്രാവശ്യം നടക്കുന്നത്. പാലക്കാട് ജില്ലിൽ 12 നിയമസഭ മണ്ഡലങ്ങളാണുള്ളത്. പികെ ശശിയുടെ വിമത നീക്കവും പാലക്കാട് ഡീൽ ആരോപണവുമെല്ലാം ജില്ലിയലെ നിയമസഭ മണ്ഡലങ്ങളിൽ ചർച്ചയാകും. ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് മേൽക്കൈയുള്ള ജില്ലയാണ് പാലക്കാട്. പരമ്പരാ​ഗതമായി ഭൂരിഭാ​ഗം മണ്ഡലങ്ങളിലും ഇടതുപക്ഷമാണ് വിജയിച്ചുവരുന്നത്. 2011- ൽ 12 മണ്ഡലങ്ങളിൽ എൽ ഡി എഫ് ഏഴിടത്ത് ജയിച്ചപ്പോൾ 2016- എണ്ണം കൂട്ടി, ഒമ്പത് മണ്ഡലങ്ങളായി. 2021-ൽ 10 സീറ്റിലാണ് എൽഡിഎഫ് ജയിച്ചത്.

പാലക്കാട് ജില്ലയിലെ വിമത നീക്കം സിപിഎമ്മിന് ചെറിയ തോതിലെങ്കിലും തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ജില്ലയിലെ സിപിഎം വിമതരുടെ കൂട്ടായ്മ സംഘടിപ്പിച്ച് ഇലക്ഷനിൽ സജീവമാകാനുള്ള നീക്കത്തിലാണ് ശശി പികെ ശശി എന്നാണ് പുറത്തുവരുന്നത്. പികെ ശശിക്കെതിരെ ആരോപണങ്ങൾ കടുപ്പിച്ചാണ് സിപിഎം ഇതി​നെ നേരിടുന്നത്. മാത്രമല്ല, യുഡിഎഫുമായി സഹകരിക്കാനുള്ള ശശിയുടെ നീക്കത്തിന്, ഇപ്പോൾ അദ്ദേഹത്തിനൊപ്പമുള്ളവർക്ക് ഭിന്നതയുണ്ടെന്നുള്ള തരത്തിലുളള പ്രചാരണവും ജില്ലയിൽ നടക്കുന്നുണ്ട്. പാലക്കാട് രാഹുൽ ഫാക്ടറും യുഡിഎഫിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ലൈ​ഗികാധിക്രമ കേസിൽ ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തലിനെ കോൺ​ഗ്രസ് പുറത്താക്കിയിരുന്നെങ്കിലും ഇപ്പോഴും എംഎൽഎ ആയി തുടരുന്നത് വെല്ലുവിളിയാണ്.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം

തദ്ദേശ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ ഇടതു തരം​ഗം തന്നയാണെങ്കിലും മികച്ച മുന്നേറ്റം കാഴ്ചവെക്കാൻ യുഡിഎഫിന് കഴിഞ്ഞു എന്നതാണ് കോൺ​ഗ്രസ് കേന്ദ്രങ്ങളിലെ പ്രതീക്ഷ. വന്‍ ഭൂരിപക്ഷം പുലര്‍ത്തുന്ന ഇടതുകേന്ദ്രങ്ങളില്‍ പോലും രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിഞ്ഞിരുന്നു. എല്‍ഡിഎഫ് മാത്രം ഭരിച്ച ജില്ലാപഞ്ചായത്താണ് പാലക്കാട്ടേത്. 31 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തില്‍ 19 സീറ്റില്‍ എല്‍ഡിഎഫും 12 സീറ്റില്‍ യുഡിഎഫും വിജയിച്ചു. എങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സീറ്റുകള്‍ നിലനിര്‍ത്താന്‍ എല്‍ഡിഎഫിന് സാധിച്ചിട്ടില്ല. 2020ലെ തിരഞ്ഞെടുപ്പില്‍ 30 ഡിവിഷനുകളില്‍ 27 എണ്ണത്തിലായിരുന്നു എല്‍ഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചത്.

ഏഴ് നഗരസഭകളില്‍ മൂന്നെണ്ണത്തില്‍ എല്‍ഡിഎഫും മൂന്നെണ്ണത്തില്‍ യുഡിഎഫും ഒരു നഗരസഭയില്‍ ബിജെപിയുമായിരുന്നു വിജയിച്ചത്. ഒറ്റപ്പാലം, ഷൊര്‍ണൂര്‍, ചെര്‍പ്പുളശ്ശേരി എന്നീ നഗരസഭകൾ എൽഡിഎഫ് നിലനിർത്തിയെങ്കിലും പട്ടാമ്പിയി, മണ്ണാര്‍ക്കാട്, ചിറ്റൂര്‍ തത്തമംഗലം എന്നീ നഗരസഭകൾ യുഡിഎഫ് പിടിച്ചെടുക്കുന്ന കാഴ്ചയാണ് കണ്ടത്. പാലക്കാട് സിപിഎം കോട്ടകൾ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പിടിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും നിയമസഭ തെരഞ്ഞെടുപ്പുകൾ പലപ്പോഴും ഇടതുപക്ഷത്തിന് അനുകൂലമായാണ് നിന്നിട്ടുള്ളത്. ഇപ്രാവശ്യം പാലക്കാട് നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇഞ്ചോടിഞ്ച് മത്സരം തന്നെ കാണാൻ കഴിയുമെന്നാണ് നിലവനിലെ സാഹചര്യത്തിൽ‌നിന്ന് മനസിലാക്കാൻ സാധിക്കുന്നത്.

തൃത്താല നിയമസഭ മണ്ഡലം

സമ്മിശ്ര പ്രതികരണങ്ങളാണ് പലപ്പോഴും തൃത്താലയിൽ കാണാൻ സാധിക്കുന്നത്. ആനക്കര, ചാലിശ്ശേരി, കപ്പൂർ, നാഗലശ്ശേരി, പരതൂർ, പട്ടിത്തറ, തിരുമിറ്റക്കോട്, തൃത്താല എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് തൃത്താല. ഇതിൽ നാ​ഗലശേരി, പരതൂർ, തിരുമിറ്റക്കോട് എന്നീ ​ഗ്രാമ പഞ്ചായത്തുകൾ മാത്രമാണ് എൽ‌ഡിഎഫ് ഭരിക്കുന്നത്. ഒരു കാലത്ത് ചുവപ്പുകോട്ടയായിരുന്ന തൃത്താലയെ 2011ലാണ് വിടി ബൽറാം യുഡിഎഫ് പാളയത്തിലെത്തിക്കുന്നത്. 2016ൽ ഭൂരിപക്ഷം പതിനായിരത്തിന് മുകളിലേക്ക് ബൽറാം ഉയർത്തി. എന്നാൽ 2021ൽ എംബി രാജേഷിനെ കളത്തിലിറക്കി എൽഡിഎഫ് തൃകത്താല പിടിച്ചു. അതും വെറും 3,016 വോട്ടുകളുടെ ഭരിപക്ഷത്തിന്. ഇപ്രാവശ്യവും വിടി ബൽറാമും എംബി രാജേഷും തന്നെയാണ് മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ പ്രാവശ്യം കൈവിട്ടുപോയ മണ്ഡലം തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് വിടി ബൽറാം നടത്തുന്നത്. ബിജെപിക്കുവേണ്ടി വനി ഉണ്ണികൃഷ്ണനാണ് രം​ഗത്ത് ഇറങ്ങുന്നത്.

പട്ടാമ്പി നിയമസഭ മണ്ഡലം

പട്ടാമ്പി നിയമസഭ മണ്ഡലത്തിൽ ഇതുവരെ നടന്ന തെരഞ്ഞെടുപ്പിൽ അഞ്ച് തവണയാണ് യുഡിഎഫ് വിജയിച്ചിട്ടുള്ളത്. പത്ത് തവണയും വിജയിച്ചത് എൽഡിഎഫ് സ്ഥാനാർഥികളായിരുന്നു. 2001 മുതൽ 2011 വരെ യുഡിഎഫിലെ സിപി മുഹമ്മദായിരുന്നു പട്ടാമ്പിയിൽ വിജയിച്ചിരുന്നത്. 2016ൽ സിപിഐയുടെ മുഹമ്മദ് മുഹ്സിൻ മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. 2021ലും മുഹമ്മദ് മുഹ്സിൻ തന്നെയായിരുന്നു വിജയിച്ചത്. 17,974ൻ്റെ ഭൂരിപക്ഷത്തിനാണ് 2021ൽ മുഹസിൻ പട്ടാമ്പിയിൽ വിജയിച്ചത്. കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റു സൈദ്ധാന്തികനുമായ ഇ എംഎസ് 1960, 1967, 1970 കാലങ്ങളിൽ പട്ടാമ്പിയിൽ നിന്നുള്ള എംഎൽഎയായിരുന്നു.

2024- ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ 9200 വോട്ടാണ് യുഡിഎഫിന് എൽഡിഎഫിനേക്കാൾ കൂടുതലുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കൊപ്പം, ഓങ്ങല്ലൂർ ഗ്രാമ പഞ്ചായത്തുകളിൽ എൽഡിഎഫും കുലുക്കല്ലൂർ, മുതുതല, തിരുവേഗപ്പുറ, വല്ലപ്പുഴ ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫും അധികാരത്തിലെത്തി. വിളയൂർ പഞ്ചായത്തിൽ സീറ്റുകളുടെ അടിസ്ഥാനത്തിൽ മേൽക്കൈ ഐക്യമുന്നണിക്കാണ്. തദ്ദേശ തെരഞ്ഞെടുപ്പ് കണക്ക് പ്രകാരം യുഡിഎഫിന് 11,000 ലേറെ വോട്ടിന്റെ മുൻ‌തൂക്കമുണ്ട്. യുഡിഫ് പ്രതീക്ഷവെക്കുന്നതും തദ്ദേശ, ലോക്സഭ തെരഞ്ഞെടുപ്പുകളിലെ മുന്നേറ്റം തന്നെയാണ്.

ഷൊർണൂർ നിയമസഭ മണ്ഡലം

ഷൊർണൂർ, ചെർപ്പുളശ്ശേരി നഗരസഭകളും അനങ്ങനടി, ചളവറ, നെല്ലായ, തൃക്കടീരി, വാണിയംകുളം, വെള്ളിനേഴി പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ഷൊർണൂർ മണ്ഡലം. പഴയ ശ്രീകൃഷ്ണപുരം മാറി വന്ന മണ്ഡലമാണ് ഇത്. ഇടതുപക്ഷത്തിന് വിജയ സാധ്യതയുള്ള മണ്ഡലമാണിത്. 2006-ൽ ശ്രീകൃഷ്ണപുരം എംഎൽഎയായിരുന്ന കെഎസ്.സലീഖതന്നെയായിരുന്നു 2011-ൽ എൽഡിഎഫ് സ്ഥാനാർഥി. സലീഖ രണ്ടുടേം പൂർത്തിയാക്കിയതോടെ 2016-ൽ എൽഡിഎഫ് പികെ ശശിയെ നിർത്തി മണ്ഡലം നിലനിർത്തി. എന്നാൽ പികെ ശശിക്കെതിരെ ലൈം​ഗിക ആരോപണം വന്നതിനാൽ പി മമ്മിക്കുട്ടിയെ അവതരിപ്പിച്ച് മമ്മിക്കുട്ടി മണ്ഡലം നിലനിർത്തി. ഇപ്രാവശ്യവും പി മമ്മിക്കുട്ടി തന്നെയാണ് എൽഡിഎഫിനുവേണ്ടി രം​ഗത്ത് ഇറങ്ങുന്നത്. പി ഹരി​ഗോവിന്ദനാണ് യുഡിഎഫ് സ്ഥാനാർഥി. ശങ്കു ടി ദാസാണ് ബിജെപിക്കായി രം​ഗത്തിറങ്ങിയിരിക്കുന്നത്.

ഒറ്റപ്പാലം നിയമസഭ തെരഞ്ഞെടുപ്പ്

ഒറ്റപ്പാലത്ത് ഏറ്റവും കൂടുതൽ തവണ നിയമസഭാംഗമായത് വിസി കബീറാണ്. വിവിധ ഘട്ടങ്ങളിൽ ഇടതുപക്ഷത്തും ഐക്യമുന്നണിയിലും മാറിമാറി നിന്ന് അഞ്ചു തെരഞ്ഞെടുപ്പുകളിലാണ് കബീർ ജയിച്ചത്. ഇത്തവണ സിപിഎം വിമതൻ പികെ ശശി മത്സരിക്കുന്നു എന്ന പ്രത്യേകതയാണ് ഒറ്റപ്പാലത്തിനുള്ളിൽ. എൽഡിഎഫിനുവേണ്ടി കെ പ്രേംകുമാറാണ് രം​ഗത്തിറങ്ങുന്നത്. മേജർ രവിയാണ് ബിജെപി സ്ഥാനാർഥി. 2016ൽ ഇപ്പോൾ സിപിഎം പാളയത്തിലെത്തിയ പി സരിനെ 15,152വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് കെ പ്രേംകുമാർ നിയമസഭയിൽ എത്തിയത്. 2011 മുതലുള്ള തെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണി 15 ശതമാനത്തിനടുത്ത് വോട്ടുകൾ കൂടുതലായി നേടിയാണ് വിജയിക്കുന്നത്. അതുകൊണ്ടുതന്നെ ഒറ്റപ്പാലം ഇടതുമുന്നണിയുടെ സുരക്ഷിത മണ്ഡലമായിട്ടാണ് പൊതുവെ കരുതിവരുന്നത്.

കോങ്ങാട് നിയമസഭ മണ്ഡലം

2011- നുശേഷം നടന്ന മൂന്നു തെരഞ്ഞെടുപ്പുകളിലും സിപിഎം വൻ ഭൂരിപക്ഷ​ത്തോടെ വിജയിച്ച മണ്ഡലമാണ് കോങ്ങാട്. ഇതുപക്ഷത്തിന് വിജയ പ്രതീക്ഷയുള്ള മണ്ഡലമാണിത്. 2016ൽ സിപിഎമ്മിൻ്റെ കെവി വിജയദാസ് 13,271വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് കോൺ​ഗ്രസിലെ പന്തളം സുധാകരനെ പരാജയപ്പെടുത്തി നിയമസഭയിലെത്തിയത്. 2021ൽ കെ ശാന്തകുമാരി 27,219 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഇത്തവണയും കെ ശാന്തകുമാരി തന്നെയാണ് മത്സരത്തിനിറങ്ങുന്നത്. കോൺ​ഗ്രസിലെ കെഎ തുളസിയാണ് യുഡിഎഫ് സ്ഥാനാർഥി. ബിജെപിക്കായി രേണു സുരേഷ് ആണ് രം​ഗത്ത് ഇറങ്ങുന്നത്. ബി ജെ പിയുടെ സ്വാധീനമേഖലകൾ മണ്ഡലത്തിലെ ചിലയിടങ്ങളിലുള്ളതിനാൽ അവരുടെ വോട്ടുവിഹിതം ഓരോ തെരഞ്ഞെടുപ്പിലും വർധിക്കുന്നുണ്ട്. 2011- മുതൽ നടന്ന തെരഞ്ഞെടുപ്പുകളിൽ എൽ ഡി എഫിന് ലഭിച്ച വോട്ടുവിഹിതം പരിഗണിച്ചാൽ 2026-ലും ഇടതുമുന്നണിക്ക് നല്ല വിജയ പ്രതീക്ഷയുള്ള മണ്ഡലമാണിത്.

മണ്ണാർക്കാട് നിയമസഭ മണ്ഡലം

ഇടതുമുന്നണിയും ഐക്യമുന്നണിയും മാറിമാറി വിജയിച്ചിരുന്ന തെരഞ്ഞെടുപ്പുകളിൽ 2011നു ശേഷമുള്ള മൂന്ന് തെരഞ്ഞെടുപ്പുകളിലും യുഡിഎഫ് ആണ് വിജയിക്കുന്നത്. ഇപ്രാവശ്യം സിപിഐയുടെ അബൂബക്കർ മൻസിലാണ് ഇടതുപക്ഷത്തിനായി രം​ഗത്ത് ഇറങ്ങുന്നത്. കഴിഞ്ഞ മൂന്ന് പ്രാവശ്യവും എംഎൽഎ ആയി തുടരുന്ന എൻ ഷംസുദ്ദീൻ തന്നെയാണ് യുഡിഎഫിനായി രം​ഗത്ത് ഇറങ്ങുന്നത്. ബിഡിജെഎസിൻ്റെ ഐസക് വർ​ഗീസ് ആണ് എൻഡിഎ സ്ഥാനാർഥി.

മലമ്പുഴ നിയമസഭ മണ്ഡലം

സ്വതന്ത്ര സ്ഥാനാർത്ഥിയെ മുന്നിൽനിർത്തി സിപിഎം വിരുദ്ധ വോട്ടുകൾ ഏകീകരിക്കാനുള്ള പരീക്ഷണത്തിനാണ് മലമ്പുഴയിൽ യുഡിഎഫ് ഒരുങ്ങുന്നത്. മുൻ മുഖ്യമന്ത്രിമാരായ ഇകെ നായനാർ, വിഎസ് അച്യുതാനന്ദൻ, ഇടതുമുന്നണി കൺവീനറായിരുന്ന പിവി കുഞ്ഞിക്കണ്ണൻ, എം.പി. കുഞ്ഞിരാമൻ, വി. കൃഷ്ണദാസ്, മുൻമന്ത്രി ടി. ശിവദാസമേനോൻ എന്നിവർ വിവിധ കാലഘട്ടത്തിൽ മണ്ഡലത്തെ പ്രതിനിധാകരിച്ചിട്ടുണ്ട്. കോൺ​ഗ്രസ് സ്ഥാനാർഥിയായി എ സുരേഷും, സിപിഎം സ്ഥാനാർഥിയായി എ പ്രഭാകരനും എൻഡിഎ സ്ഥാനാർഥിയായി സി കൃഷ്ണകുമാറുമാണ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്. 2016-ലും 2021-ലും ബി.ജെ.പിയാണ് മലമ്പുഴയിൽ രണ്ടാം സ്ഥാനത്തെത്തുന്നത്. 2024- ലെ ലോകസഭ തെരഞ്ഞെടുപ്പിൽ 6520 വോട്ടിന്റെയും തദ്ദേശ തെരഞ്ഞെടുപ്പിൽ 21,000 ലേറെ വോട്ടിന്റെയും മുൻതൂക്കമാണ് ഇടതുമുന്നണിക്കുള്ളത്.

പാലക്കാട് നിയമസഭ മണ്ഡലം

എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് പാലക്കാട്. 1982 മുതൽ 2001 വരെ ശരാശരി പതിനായിരത്തോളം വോട്ടാണ് ബി ജെ പിക്ക് ലഭിച്ചതെങ്കിൽ 2006 മുതൽ അവരുടെ വോട്ട് വിഹിതം വലിയതോതിൽ വർധിച്ചു. 2021 ആവുമ്പോഴേക്കും അമ്പത്തിനായിരത്തിന് മുകളിലേക്ക് ഉയർന്നു. ഇടതുമുന്നണിക്ക് കഴിഞ്ഞ കാലങ്ങളിൽ ലഭിച്ചിരുന്ന വോട്ട് 32000- 43000 ആയിരുന്നു. അതിൽ ഏറ്റവും കുറവുണ്ടായത് 1987, 2021 തെരഞ്ഞെടുപ്പുകളിലാണ്. രാഹുൽ മാങ്കൂട്ടത്തിൽ സൃഷ്ടിച്ച പ്രതിസന്ധികൾ തരണം ചെയ്ത് മണ്ഡലം നിലനിർത്തണമെങ്കിൽ ഇത്തവണ കോൺഗ്രസിന് നന്നായി വിയർപ്പൊഴുക്കേണ്ടിവരും. എൻഎംആ‍ർ റസാഖ് ആണ് എൽഡിഎഫ് സ്ഥാനാർഥി. യുഡിഎഫിനായി രമേഷ് പിഷാരടിയാണ് രം​ഗത്ത് ഇറങ്ങുന്നത്. എൻഡിഎ സ്ഥാനാർഥിയായി ശോഭ സുരേന്ദ്രനും മത്സരിക്കുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ സൃഷ്ടിച്ച പ്രതിസന്ധികൾ തരണം ചെയ്ത് മണ്ഡലം നിലനിർത്തണമെങ്കിൽ ഇത്തവണ കോൺഗ്രസിന് നന്നായി വിയർപ്പൊഴുക്കേണ്ടിവരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലിയിരുത്തുന്നത്.

തരൂർ നിയമസഭ മണ്ഡലം

2021ലെ തെരഞ്ഞെടുപ്പിൽ 24,531 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സിപിഎമ്മിന്റെ സിപി സുമോദ് വിജയിച്ചത്. ഇത്തവണയും സുമോദ് തന്നെയാണ് മത്സരത്തിനിറങ്ങുന്നത്. കോൺ​ഗ്രസിൻ്റെ കെഎ ഷീബയാണ് യുഡിഎഫ് സ്ഥാനാർഥി. കെപി ജയപ്രകാശനാണ് എൻഡിഎ സ്ഥാനാർഥി. ശക്തമായ ഇടതു സംഘടനാ സ്വാധീനവും തൊഴിലാളിവർഗ്ഗ അടിത്തറയുമുള്ള മണ്ഡലമാണ് തരൂർ. ഇടതുപക്ഷത്തിന് വിജയ സാധ്യതയുളള മണ്ഡലമാണിത്. തദ്ദേശ തെരഞ്ഞെടുപ്പിൽ 8,000- ലേറെ വോട്ടിന്റെ മുൻതൂക്കമാണ് എൽഡിഎഫിനുള്ളത്. ഈ പശ്ചാത്തലത്തിൽ 2026-ലും ഇടതുമുന്നണി മണ്ഡലം നിലനിർത്താനാണ് സാധ്യത.

ചിറ്റൂർ നിയമസഭ മണ്ഡലം

ഇടതുപക്ഷ ആഭിമുഖ്യം പുലർത്തുന്ന മണ്ഡലമാണ് ചിറ്റൂർ. ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാ ദൾ ആണ് ഇടതുപക്ഷത്തിനുവേണ്ടി മത്സരിക്കുന്നത്. വി മുരുകദാസ് ആണ് സ്ഥാനാർഥി. സുമേഷ് അച്യുതനാണ് കോൺ​ഗ്രസ് സ്ഥാനാർഥി. പ്രമണേഷ് രാജേന്ദ്രൻ എൻഡിഎയ്ക്കുവേണ്ടിയും രം​ഗത്ത് ഇറങ്ങുന്നു.

നെന്മാറ നിയമസഭ മണ്ഡലം

എംവി രാഘവൻ സജീവ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചത് നെന്മാറ മണ്ഡലത്തിലെ തോൽവിയോടെയാണെങ്കിൽ പറയാം. 2011- ലെ ആദ്യ തെരഞ്ഞെടുപ്പിൽ സിഎംപി നേതാവ് എംവി രാഘവനായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി. സിപിഎമ്മിലെ വി ചെന്താമരാക്ഷനോട് എട്ടായിരത്തിൽപ്പരം വോട്ടിനാണ് രാഘവൻ പരാജയപ്പെടുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കു പ്രകാരം 11,000 ലേറെ വോട്ടിന്റെ മുൻതൂക്കമാണ് എൽ ഡി എഫിനുള്ളത്. 2026ലെ എൽഡിഎഫ് സ്ഥാനാർഥി കെ പ്രേമനാണ്. യുഡിഎഫിനുവേണ്ടി എ തങ്കപ്പനാണ് രം​ഗത്തിറങ്ങുന്നത്. ബിഡിജെഎസ് സ്ഥാനാർഥി എഎൻ അനുരാ​ഗ് ആണ്.

ആലത്തൂർ നിയമസഭ മണ്ഡലം

1991- ൽ കോൺഗ്രസിലെ എവി ഗോപിനാഥ് നേടിയ അട്ടിമറി വിജയമൊഴിച്ചാൽ 1957 മുതൽ 2021 വരെ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥികൾ മാത്രം വിജയിച്ച മണ്ഡലമാണ് ആലത്തൂർ. തദ്ദേശ തെരഞ്ഞെടുപ്പിൽ 18,000- ലേറെ വോട്ടിന്റെ മുൻതൂക്കമാണ് എൽ ഡി എഫിനുള്ളത്. ടിഎം ശശിയാണ് സിപിഎം സ്ഥാനാർഥിയായി രം​ഗത്തുള്ളത്. കെഎം ഫെബിൻ കോൺ​ഗ്രസ് സ്ഥാനാർഥിയാണ്. എൻഡിഎ സ്ഥാനാർഥി കെവി പ്രസന്ന മാസ്റ്റർ ആണ്.