സിറ്റിങ് എംഎൽഎ പി.പി സുമോദ് വീണ്ടും എൽഡിഎഫിനായി മത്സരിക്കുമ്പോൾ, കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ വൻ ഭൂരിപക്ഷം ഇത്തവണയും ആവർത്തിക്കുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ. 

നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിന് എല്ലാ കാലവും വ്യക്തമായ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിൽ ഒന്നാണ് തരൂർ. രൂപീകൃതമായത് മുതൽ ഇവിടെ ഇടതിന് വേരോട്ടമുണ്ട്. എല്ലാ കാലവും തങ്ങളുടെ വോട്ടുനില വർധിപ്പിക്കുന്ന എൽഡിഎഫിന് തോൽവി എന്നത് കൺമുന്നിൽ പോലും ഇല്ലാത്ത മണ്ഡലം എന്നാണ് ഖ്യാതി. തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിലും വാശിയോടെ പ്രചാരണ തിരക്കിലാണ് മൂന്ന് സ്ഥാനാർത്ഥികളും.

Add Asianetnews as a Preferred SourcegooglePreferred

എൽഡിഎഫിൽ നിന്നും ഇക്കുറി വീണ്ടും മണ്ഡലത്തിൽ തന്റെ വിജയം ഉറപ്പിച്ചാണ് സ്ഥാനാർത്ഥിയായി സിറ്റിങ് എംഎൽഎ കൂടിയായ പി.പി സുമോദ് മത്സര രംഗത്തിറങ്ങുന്നത്. മണ്ഡലത്തിലെ വികസനവും അഞ്ച് വർഷത്തെ ഭരണ മികവുമാണ് സുമോദ് മുന്നോട്ടു വെക്കുന്നത്. അതേസമയം ഇക്കുറി ഇടത് കോട്ട പിടിച്ചടക്കുമെന്നാണ് യുഡിഎഫ് പറയുന്നത്. കെ.സി സുബ്രഹ്മണ്യനാണ് യുഡിഎഫ് സ്ഥാനാർത്ഥി. കണക്കുകൾ പരിശോധിക്കുമ്പോൾ മണ്ഡലത്തിൽ കോൺഗ്രസിന് ഗണ്യമായ വോട്ട് വിഹിതം ലഭിക്കുന്നുണ്ടെങ്കിലും എൽഡിഎഫിന്റെ മേധാവിത്വം മറികടക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ബിജെപിയും മറ്റ് ചെറിയ പാർട്ടികളും സ്വതന്ത്രരും ഇവിടെ മത്സരിക്കാറുണ്ടെങ്കിലും വലിയ തെരഞ്ഞെടുപ്പ് വിജയങ്ങൾ ഇതുവരെ നേടാനായിട്ടില്ല. ആലത്തൂർ താലൂക്കിലെ കണ്ണമ്പ്ര, കാവശ്ശേരി, കോട്ടായി, കുത്തനൂർ, പെരിങ്ങോട്ടുകുറിശ്ശി, പുതുക്കോട്, തരൂർ, വടക്കഞ്ചേരി എന്നീ പഞ്ചായത്തുകളാണ് മണ്ഡലത്തിന്റെ സുപ്രധാന വിധി തീരുമാനിക്കുന്നത്.

ഇളകാത്ത ഇടത് കോട്ട

തരൂർ മണ്ഡലത്തിൽ ഇക്കുറിയും കാറ്റ് ഇടത്തേക്ക് ചായുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. 2008ലെ മണ്ഡല പുനർനിർണയത്തിന് ശേഷം നിലവിൽ വന്ന തരൂർ നിയോജക മണ്ഡലം 2011ൽ നടന്ന തെരഞ്ഞെടുപ്പിൽ എ.കെ ബാലൻ വിജയിച്ചു. തടർച്ചയെന്നോണം 2016ലും അദ്ദേഹം തുടർ വിജയം നേടി. ഈ രണ്ട് ടേമിലും ബാലന്റെ ഭൂരിപക്ഷം 20,000ത്തിന് മുകളിലായിരുന്നു. പട്ടിക ജാതി സംവരണ മണ്ഡലങ്ങളിൽ ഒന്നായ തരൂരിൽ വ്യക്തമായ അടത്തറ ഉണ്ടാക്കാൻ സിപിഎമ്മിന് കഴിഞ്ഞിട്ടുണ്ട്. പിന്നീട് നടന്ന 2021ലെ തെരഞ്ഞെടുപ്പിൽ സിപിഎം ടിക്കറ്റിൽ പി.പി സുമോദിന് വിജയം. 24,000 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അന്ന് മണ്ഡലം സുമോദ് നില നിർത്തുന്നത്.

വീണ്ടും പടക്കൊരുങ്ങുന്ന സിറ്റിം​ഗ് സീറ്റിൽ 20,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കുറഞ്ഞൊന്നും എൽഡിഎഫ് പ്രതീക്ഷിക്കുന്നില്ല. അതേസമയം, പാലക്കാട് ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതിന് തന്നെയാണ് പ്രാധിനിത്യം. ജില്ലാ പഞ്ചായത്തിൽ 19 സീറ്റും എൽഡിഎഫ് പിടിച്ചപ്പോൾ 12 സീറ്റിലേക്ക് യുഡിഎഫ് ഒതുങ്ങി. അതേസമയം, മുൻസിപ്പാലിറ്റിയിൽ യുഡിഎഫിന് മേൽക്കൈയുണ്ട്. ബ്ലോക്ക് പഞ്ചായത്തിലും ഗ്രാമപഞ്ചായത്തിലും വ്യക്തമായ ഭൂരിപക്ഷം എൽഡിഎഫ് നിലനിർത്തുന്നുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഫലങ്ങൾ

2021 നിയമസഭാ തെരഞ്ഞെടുപ്പ്

  • പി.പി. സുമോദ് (എൽഡിഎഫ്) - 67,744 വോട്ട് (24,531 ലീഡ്)
  • കെ.എ. ഷീബ (യുഡിഎഫ്) - 43,213 വോട്ട്
  • ജയപ്രകാശ് കെ.പി (ബിജെപി) - 18,465 വോട്ട്

2016 നിയമസഭാ തെരഞ്ഞെടുപ്പ്

  • എ.കെ ബാലൻ (എൽഡിഎഫ്) - 67,047 വോട്ട് (23,068 ലീഡ്)
  • സി.പ്രകാശ് (യുഡിഎഫ്) - 43,979 വോട്ട്
  • കെ.വി ദിവാകരൻ (ബിജെപി) - 15,493 വോട്ട്

2011 നിയമസഭാ തെരഞ്ഞെടുപ്പ്

  • എ.കെ ബാലൻ (എൽഡിഎഫ്) - 64,175 വോട്ട് (25,756 ലീഡ്)
  • എന്‍. വിനേഷ്‌, കെഇസി(ജെ) - 38,419 വോട്ട്
  • എം. ലക്ഷ്മണൻ (ബിജെപി) - 5,385 വോട്ട്