2025-ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോർപ്പറേഷന്‍ പിടിച്ചെടുത്ത ആത്മവിശ്വാസത്തിലാണ് എന്‍ഡിഎ.
നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങളിൽ രാഷ്ട്രീയ ചൂടേറുന്നു. മൊത്തം 14 മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 14-ൽ 13 സീറ്റും നേടിയാണ് എല്‍ഡിഎഫ് വിജയക്കൊടി പറത്തിയത്. അതേസമയം 2025-ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോർപ്പറേഷന്‍ പിടിച്ചെടുത്ത ആത്മവിശ്വാസത്തിലാണ് എന്‍ഡിഎ. കൂടാതെ 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അക്കൗണ്ട് തുറന്ന (ഒ. രാജഗോപാൽ) നേമം നിയമ സഭാമണ്ഡലത്തില്‍ ഇത്തവണയും പ്രതീക്ഷ വെച്ചിരിക്കുകയാണ് എന്‍ഡിഎ. അതേസമയം ഭരണമാറ്റം വേണമെന്ന ദൃഢനിശ്ചയത്തില്‍ യുഡിഎഫും അങ്കത്തട്ടിലുണ്ട്.
2025-ലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം
2025-ല്‍ നടന്ന കേരള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ ഫലങ്ങൾ ചരിത്രപരമായ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. പ്രധാനമായും തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പി നേടിയ വിജയം ശ്രദ്ധേയമായി. ചരിത്രത്തിൽ ആദ്യമായാണ് തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎ മുന്നണി കൂടുതൽ സീറ്റുകൾ നേടുന്നത്. തിരുവനന്തപുരം മുൻസിപ്പൽ കോർപ്പറേഷനില്‍ നാല് പതിറ്റാണ്ടിലേറെ നീണ്ട എൽഡിഎഫ് ഭരണത്തിന് അറുതി വരുത്തിക്കൊണ്ട് ബിജെപി ചരിത്രത്തിലാദ്യമായി അധികാരം പിടിച്ചെടുത്തു. 50 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി എന്‍ഡിഎ മാറി. സംസ്ഥാനത്തെ ബിജെപിയുടെ ആദ്യ മേയറായി വിവി രാജേഷ് മാറുകയും ചെയ്തു. എൽഡിഎഫിന് വെറും 29 സീറ്റുകള്‍ മാത്രമേ നേടാനായൊള്ളൂ. യുഡിഎഫിന് 19 സീറ്റുകളും.
ജില്ലാ പഞ്ചായത്തിൽ 15 സീറ്റുകള്‍ നേടി എൽ.ഡി.എഫ് അധികാരം നിലനിർത്തിയിരുന്നു. ജില്ലയിലെ നാല് നഗരസഭകളിലും എൽഡിഎഫിനാണ് മേൽക്കൈ ലഭിച്ചത്. ജില്ലയിലെ ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളിലും എൽ.ഡി.എഫ് ആണ് മുന്നിലെത്തിയത്. എങ്കിലും യു.ഡി.എഫിനും ബി.ജെ.പിക്കും കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകൾ ലഭിച്ചു. ആകെയുള്ള 11 ബ്ലോക്ക് പഞ്ചായത്തുകളിൽ ഭൂരിഭാഗവും എൽ.ഡി.എഫ് നിലനിർത്തി. ചുരുക്കത്തിൽ കോർപ്പറേഷൻ ഭരണത്തിൽ ബി.ജെ.പി വലിയ മുന്നേറ്റം നടത്തിയപ്പോൾ, ഗ്രാമപ്രദേശങ്ങളിലും ജില്ലാ പഞ്ചായത്തിലും എൽ.ഡി.എഫ് തങ്ങളുടെ ആധിപത്യം നിലനിർത്തി. യു.ഡി.എഫ് കോർപ്പറേഷനിലും നഗരസഭകളിലും കഴിഞ്ഞ തവണത്തേക്കാൾ നില മെച്ചപ്പെടുത്തി.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തലസ്ഥാന ജില്ലയിൽ 14ൽ 13 സീറ്റും നേടി ഇടതുമുന്നണി റെക്കോർഡിട്ടു. മൂന്ന് സീറ്റ് ഉണ്ടായിരുന്ന യുഡിഎഫിന് കോവളം (എം.വിൻസന്റ്) മാത്രമാണ് ലഭിച്ചത്. 2006-ൽ 21,314 വോട്ടിന്റെ ഭൂരിപക്ഷത്തോടെ അരുവിക്കരയിൽ ജയിച്ച കെ.എസ്. ശബരീനാഥന്റെ പരാജയം യുഡിഎഫിന് കനത്ത തിരിച്ചടിയായി. 2016ൽ നിയമസഭയിൽ ബിജെപി അക്കൗണ്ട് തുറന്ന നേമത്ത് 2021ല്‍ കുമ്മനം രാജശേഖരനെ സിപിഎമ്മിലെ വി. ശിവൻകുട്ടി അട്ടിമറിച്ചു. വികസനം, ക്ഷേമപെൻഷനുകള്‍, പ്രളയം- കൊവിഡ് സഹായം തുടങ്ങിയവയൊക്കെ പിണറായി വിജയന്റെ വ്യക്തിപ്രഭാവം ഉയർത്തുകയും എല്‍ഡിഎഫിനോട് ചേര്‍ന്നുനില്‍ക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്ത ഒരു തെരഞ്ഞെടുപ്പായിരുന്നു അത്.
2016- ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം
2016-ലെ തെരെഞ്ഞെടുപ്പിൽ കേരളത്തിൽ വീശിയ ചുവപ്പുതരംഗത്തിന്റെ പ്രതിഫലനമായിരുന്നു തിരുവനന്തപുരത്തും. 14 മണ്ഡലങ്ങളിൽ ഒമ്പതെണ്ണം എൽഡിഎഫ് നേടി. നാലിടത്തു യുഡിഎഫ് ജയിച്ചു. അരുവിക്കര, കോവളം, തിരുവനന്തപുരം, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങള്‍ മാത്രമാണ് യുഡിഎഫിന് നേടാനായത്. പിന്നീട് ഉപതിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് എൽഡിഎഫിനൊപ്പമാവുകയും ചെയ്തു.
ജില്ലയിലെ മണ്ഡലങ്ങളുടെ ഇപ്പോഴത്തെ സാഹചര്യം:
1. നേമം
2026-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളം ഏറ്റവും അധികം ഉറ്റുനോക്കുന്ന ഒരു മണ്ഡലമാണ് നേമം. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും മുതിര്‍ന്ന സിപിഎം നേതാവും മന്ത്രിയുമായ വി ശിവന്‍കുട്ടിയും, എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖരനുമായുള്ള വാശിയേറിയ പോരാട്ടമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരിനാഥനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. മണ്ഡലത്തിലെ വികസനവും ഭരണമികവും ഉയര്‍ത്തിക്കാട്ടിയാണ് വി ശിവന്‍കുട്ടിയുടെ പ്രചാരണം. വികസനം സംബന്ധിച്ച സംവാദത്തിന് രാജീവ് ചന്ദ്രശേഖറിനെ ശിവന്‍കുട്ടി വെല്ലുവിളിച്ചും കഴിഞ്ഞു. നേമം മണ്ഡലത്തില്‍ ഭൂരിപക്ഷം ജനങ്ങളും ഹിന്ദുസമുദായാംഗങ്ങളാണ്. അതില്‍ തന്നെ നായര്‍ സമുദായത്തിന് മേല്‍ക്കൈ ഉണ്ടെന്നാണ് കണക്കുകള്‍. ഈ ഭൂരിപക്ഷ സമുദായത്തിന്റെ കരുത്തില്‍ തന്നെയാണ് ബിജെപി പ്രതീക്ഷവെക്കുന്നത്. കോണ്‍ഗ്രസിന്റെ ശബരിനാഥന്‍ പിടിക്കുന്ന വോട്ടുകളും നിര്‍ണായകമാണ്.
2. തിരുവനന്തപുരം സെൻട്രൽ
തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗം ഉൾക്കൊള്ളുന്ന തിരുവനന്തപുരം സെൻട്രൽ നിയമസഭാ മണ്ഡലത്തിൽ ഇത്തവണയും ശക്തമായ ത്രികോണപ്പോരിന് സാധ്യത തെളിഞ്ഞുകഴിഞ്ഞു. മണ്ഡലം നിലനിര്‍ത്താൻ എൽഡിഎഫിന് വേണ്ടി നടൻ സുധീര്‍ കരമനയാണ് ഇറങ്ങുന്നത്. യുഡിഎഫിന് വേണ്ടി സി പി ജോണും എൻഡിഎയ്ക്ക് വേണ്ടി കരമന ജയനും കളത്തിലിറങ്ങുന്നതോടെ പോരാട്ടം കടുക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
3. വട്ടിയൂർക്കാവ്
നിലവിലെ സാഹചര്യത്തിൽ വട്ടിയൂർക്കാവിൽ യുഡിഎഫും എൽഡിഎഫും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ബിജെപിയുടെ വോട്ടുകൾ എങ്ങോട്ട് മറിയും എന്നത് വിജയപരാജയങ്ങളെ സ്വാധീനിക്കും. കെ. മുരളീധരനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. വി.കെ. പ്രശാന്താണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഇത്തവണ ബിജെപി രംഗത്തിറക്കിയിരിക്കുന്നത് മുൻ ഡിജിപി ആർ. ശ്രീലേഖയെയാണ്.
4. കഴക്കൂട്ടം
കഴക്കൂട്ടം നിയോജകമണ്ഡലത്തിൽ ഇത്തവണ ത്രീകോണ മത്സരം പൊടിപാറുമെന്നാണ് റിപ്പോർട്ട്. മുൻ കേന്ദ്ര മന്ത്രി വി മുരളീധരനും മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും നേർക്കുനേർ വരുമ്പോൾ ഇത്തവണ ആര് മണ്ഡലം പിടിക്കുമെന്നത് പ്രവചനാതീതമാണ്. കഴിഞ്ഞ രണ്ട് ടേം കൈപ്പിടിയിലാക്കിയ വാശിയോടെയാണ് ഇടത് പക്ഷം തങ്ങളുടെ തുറുപ്പ് ചീട്ടായ കടകംപള്ളിയെ തന്നെ മത്സരത്തിന് ഇറക്കുന്നത്. ശരത്ചന്ദ്ര പ്രസാദാണ് യുഡിഎഫ് സ്ഥാനാര്‍ഥി.
5. അരുവിക്കര
1991 മുതല്‍ 2021 വരെ 30 വര്‍ഷം യുഡിഎഫിന് നിലനിര്‍ത്താനായ മണ്ഡലമാണ് അരുവിക്കര. ജി കാര്‍ത്തികേയന്‍റെ മരണത്തെത്തുടർന്ന് ഒഴിവ് വന്ന അരുവിക്കര നിയോജകമണ്ഡലത്തിൽ നിന്ന് 2015ൽ ഉപതിരഞ്ഞെടുപ്പിൽ മകന്‍ കെ. എസ്. ശബരീനാഥൻ മത്സരിച്ചു. 2016 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ അരുവിക്കര നിയോജകമണ്ഡലത്തിൽ നിന്ന് വീണ്ടും ശബരീനാഥൻ തെരഞ്ഞെടുക്കപ്പെട്ടു. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ പ്രവര്‍ത്തന മികവിന്‍റെ ഫലമായാണ് 2021-ല്‍ അരുവിക്കര മണ്ഡലം എല്‍ഡിഎഫിന് തിരിച്ചു പിടിക്കാന്‍ കഴിഞ്ഞത്. മുപ്പത് വര്‍ഷം തങ്ങളുടെ കുത്തകയായിരുന്ന അരുവിക്കര മണ്ഡലം തിരിച്ച് പിടിക്കാന്‍ ഇത്തവണ കരുത്തനായ വി. എസ്. ശിവകുമാറിനെ രംഗത്തിറക്കിയിരിക്കുകയാണ് യുഡിഎഫ്. കഴിഞ്ഞ അഞ്ച് വര്‍ഷം മണ്ഡലത്തില്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജി. സ്റ്റീഫന്‍. നടന്‍ വിവേക് ഗോപനാണ് അരുവിക്കരയില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ഥി.
6. കോവളം
തിരുവനന്തപുരത്തെ ഗ്ലോബൽ ഇമേജ് ഉള്ള മണ്ഡലമാണ് കോവളം നിയോജക മണ്ഡലം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം അടക്കം ടൂറിസത്തിന്റെ വലിയ വഴികളും മത്സ്യത്തൊഴിലാളികളുടെ ഉപജീവനവും ചർച്ചയാകുന്ന മണ്ഡലം കൂടിയാണിത്. കഴിഞ്ഞ 10 വർഷത്തെ കേരള സർക്കാറിന്റെ വികസന നേട്ടങ്ങളാണ് മറ്റെല്ലാ മണ്ഡലങ്ങളിലേയും പോലെ കോവളത്തും പ്രചാരണ ആയുധം. ഭഗത് റൂഫസ് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫ് സ്ഥാനാർത്ഥി സിറ്റിങ് എംഎൽഎയായ എം. വിൻസന്റ് ആണ്. ടി എൻ സുരേഷാണ് എൻഡിഎ സ്ഥാനാർത്ഥി.
7. നെയ്യാറ്റിൻകര
തിരുവനന്തപുരം ജില്ലയുടെ തെക്കൻ കവാടമായി അറിയപ്പെടുന്ന മണ്ഡലമാണ് നെയ്യാറ്റിൻകര. 2021-ലെ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ കെ. ആൻസലൻ 65,497 വോട്ടുകൾ നേടി മണ്ഡലം നിലനിർത്തി. 2026 നിയമസഭാ തെരഞ്ഞെടുപ്പിലും നെയ്യാറ്റിൻകരയിൽ കെ. ആൻസലൻ തന്നെയാണ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരത്തിനിറങ്ങുന്നത്. ആൻസലൻ ഇവിടെ ജനവിധി തേടുന്നത് മൂന്നാംതവണയാണ്. 2016, 2021 തെരഞ്ഞെടുപ്പുകളിലെ മികച്ച വിജയം തന്നെയാണ് ആൻസലനെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കിയത്. കഴിഞ്ഞ പത്ത് വർഷത്തെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞാണ് ആൻസലന്റെ വോട്ടഭ്യർത്ഥന. കിഫ്ബി വഴി നടപ്പാക്കിയ വികസനങ്ങള്‍ ജനങ്ങള്‍ വോട്ടായി നല്‍കുമെന്നും ആൻസലൻ പ്രതീക്ഷിക്കുന്നു. മുതിര്‍ന്ന നേതാവ് എന്‍. ശക്തന്‍ ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. നെയ്യാറ്റിന്‍കരയെ വീണ്ടെടുക്കാനുള്ള പോരാട്ടമാണ് ഇതെന്ന് പറഞ്ഞുകൊണ്ടാണ് ശക്തന്‍ പ്രചാരണം നടത്തുന്നത്. ചെങ്കൽ രാജശേഖരൻ നായർ ആണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.
8. നെടുമങ്ങാട്
തലസ്ഥാനത്തിന്റെ വികസിച്ച് വരുന്ന പ്രാന്തപ്രദേശങ്ങളും മലയോര, വനപ്രദേശ ഗ്രാമങ്ങളും ചേരുന്ന ഇടമാണ് നെടുമങ്ങാട്. സിപിഐ നേതാവായിരുന്ന മീനാങ്കൽ കുമാർ കോൺഗ്രസ് സ്ഥാനാർത്ഥിയായതോടെ പോരാട്ടം ശക്തമാവുകയാണ് ഇവിടെ. പത്ത് വർഷത്തിനുശേഷം നെടുമങ്ങാട് മണ്ഡലം തിരിച്ചുപിടിക്കുക ലക്ഷ്യത്തോടെയാണ് സിപിഐക്കാരനായ മീനാങ്കൾ കുമാറിനെ മറുകണ്ടം ചാടിച്ച് കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത്. സിപിഐയുടെ ജി.ആർ അനിൽ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. 2021-ൽ നെടുമങ്ങാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 23309 വോട്ടുകൾക്കാണ് ജി ആർ അനിൽ ജയിച്ചത്.
9. കാട്ടാക്കട
പൊതുവേ ഇടതുപക്ഷത്തോട് ചായ്വുള്ള മണ്ഡലമാണ് കാട്ടാക്കട. എന്നാൽ, യുഡിഎഫിനും ഇവിടെ ശക്തമായ സ്വാധീനമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി നടത്തിയ മുന്നേറ്റം ഇരുമുന്നണികളെയും ഒരുപോലെ ഞെട്ടിക്കുകയും ചെയ്തിരുന്നു. ബിജെപിയുടെ ശക്തമായ സാന്നിധ്യം മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിച്ചെന്ന് മാത്രമല്ല, മണ്ഡലത്തെ ഒരു ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലമായി മാറ്റുകയും ചെയ്തു. രണ്ട് തവണ എൽഡിഎഫിനെ വിജയിപ്പിച്ച ഐ ബി സതീഷ് ഇത്തവണ മൂന്നാം അങ്കത്തിന് ഇറങ്ങുകയാണ്. രണ്ട് തവണ യുഡിഎഫിനെ കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാനുള്ള ചുമതല ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന എം ആര്‍ ബൈജുവിനെയാണ് കോണ്‍ഗ്രസ് ഏൽപ്പിച്ചിരിക്കുന്നത്. എന്നാൽ, മണ്ഡലം പിടിച്ചെടുക്കാനായി നാലാം തവണയും മുതിർന്ന നേതാവ് പി കെ കൃഷ്ണദാസിനെയാണ് ബി.ജെ.പി നിയോഗിച്ചിട്ടുള്ളത്. കൃഷ്ണദാസാണ് കഴിഞ്ഞ രണ്ട് തവണയും ഇവിടെ എൻഡിഎയ്ക്കായി മത്സരിച്ചത്.
10. ആറ്റിങ്ങല്‍
കൃത്യമായ രാഷ്ട്രീയ ധാരണയോടെയാണ് ആറ്റിങ്ങൽ എപ്പോഴും വോട്ട് ചെയ്യുന്നത്. 2021-ലെ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ ഇടതുപക്ഷ സ്വാധീനം ശക്തമായി നിലനിർത്തി. സി.പി.ഐ.എം സ്ഥാനാർത്ഥി ഒ. എസ്. അംബിക 69,898 വോട്ടുകൾ നേടി വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു. ബി.ജെ.പി സ്ഥാനാർത്ഥി പി. സുധീറിനെ (38,262 വോട്ട്) 31,636 വോട്ടുകൾക്കാണ് അംബിക പരാജയപ്പെടുത്തിയത്. കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫിന് വേണ്ടി മത്സരിച്ച ആർ.എസ്.പി സ്ഥാനാർത്ഥി എ. ശ്രീധരൻ 36,938 വോട്ടുകളുമായി മൂന്നാം സ്ഥാനത്തേക്ക് ഒതുങ്ങി. ഇത്തവണയും ശക്തമായ ത്രികോണമത്സരത്തിന്റെ വേദിയായി ആറ്റിങ്ങൽ മാറിക്കഴിഞ്ഞു. ഒ. എസ്. അംബിക തന്നെയാണ് എൽഡിഎഫ് സ്ഥാനാർഥി. ആർ.എസ്.പി നേതാവ് സന്തോഷ് ഭദ്രൻ ആണ് യുഡിഎഫ് സ്ഥാനാർഥി. പി. സുധീർ ആണ് എൻഡിഎ സ്ഥാനാർഥി.
11. ചിറയിന്‍കീഴ്
രൂപീകരിച്ചത് മുതല്‍ ഇടത് മുന്നണി വിജയിച്ചുവരുന്ന മണ്ഡലമാണ് തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ്. സിപിഐയുടെ വി. ശശി ഹാട്രിക് വിജയം നേടിയ മണ്ഡലം. എന്നാല്‍ എല്‍ഡിഎഫ് പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തിയതും, യുഡിഎഫ് രമ്യ ഹരിദാസിനെ മത്സരിപ്പിക്കുന്നതും, ബിജെപി സര്‍പ്രൈസ് സ്ഥാനാര്‍ഥിയെ ഇറക്കിയതും ഇത്തവണ ചിറയിൻകീഴിലെ മത്സരം കടുപ്പിക്കുന്നു. കഴിഞ്ഞ വട്ടം കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ബി.എസ്. അനൂപാണ് ഇത്തവണ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മുപ്പതിനായിരം വോട്ടുകള്‍ പിടിച്ച ബിജെപി ഇത്തവണ വലിയ പ്രതീക്ഷയിലാണ്. സാധാരണക്കാരായ ജനങ്ങളുടെയും കടലോരവാസികളുടെയും പ്രശ്‌നങ്ങള്‍ ചിറയിന്‍കീഴിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കും.
12. വർക്കല
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ് വർക്കല. ഇടതുപക്ഷ ചായ്‌വ് എപ്പോഴും കാണിക്കുന്ന മണ്ഡലമാണ് വര്‍ക്കല. 2021-ലെ തെരഞ്ഞെടുപ്പും അങ്ങനെ തന്നെയായിരുന്നു. സിപിഐഎം സ്ഥാനാർത്ഥി അഡ്വ. വി. ജോയ് 68,816 വോട്ടുകൾ നേടി വിജയിച്ചു. കോൺഗ്രസിലെ ബി.ആർ.എം. ഷഫീറിനെ 17,821 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഇത്തവണയും അഡ്വ.വി. ജോയി തന്നെയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. യു.ഡി.എഫ് സ്ഥാനാർഥി വർക്കല കഹാർ ആണ്. എൻഡിഎ സ്ഥാനാർഥി അഡ്വ.സ്മിത സുന്ദരേശനാണ്.
13. വാമനപുരം
തിരുവനന്തപുരം ജില്ലയുടെ വടക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന വാമനപുരം, കാലങ്ങളായി ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലർത്തുന്ന മണ്ഡലമാണ്. എന്നാൽ, ഭരണവിരുദ്ധ വികാരവും പ്രാദേശിക വികസന ചർച്ചകളും മുൻനിർത്തി ഇത്തവണ അട്ടിമറി വിജയം നേടാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ ഡി.കെ. മുരളി 73,137 വോട്ടുകൾ നേടിയാണ് മണ്ഡലം നിലനിർത്തിയത്. യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ആനാട് ജയന് 62,895 വോട്ടുകൾ ലഭിച്ചപ്പോൾ, 10,242 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഡി.കെ. മുരളിക്ക് ലഭിച്ചത്.
മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎയായ ഡി.കെ. മുരളി, കഴിഞ്ഞ പത്ത് വർഷത്തെ തന്റെ വികസന നേട്ടങ്ങളും ജനകീയ ഇടപെടലുകളും മുൻനിർത്തിയാണ് ജനവിധി തേടുന്നത്. വാമനപുരം തിരിച്ചുപിടിക്കാൻ കോൺഗ്രസ് ഇത്തവണ സുധീർ ഷാ പാലോടിനെയാണ് നിയോഗിച്ചിരിക്കുന്നത്. യുഡിഎഫ് വോട്ടുകൾ ഏകീകരിക്കാനും ഭരണവിരുദ്ധ തരംഗം മുതലാക്കാനുമാണ് അദ്ദേഹത്തിന്റെ ശ്രമം. എൻഡിഎ സഖ്യത്തിൽ ബിഡിജെഎസ് സ്ഥാനാർത്ഥിയായി വേണു കാരണവർ മത്സരിക്കുന്നു.
14. പാറശ്ശാല
മുന്നണികളെ മാറിമാറി പരീക്ഷിച്ച പാറശ്ശാല രാഷ്ട്രീയത്തിനുപരിയായി വ്യക്തികളെ നോക്കിയും വിജയക്കൊടി നല്‍കിയിട്ടുണ്ട്. മുമ്പ് ഇടത്, വലത് മുന്നണികൾ തമ്മിൽ നേരിട്ടുള്ള പോരാട്ടമായിരുന്നു ഇവിടെയെങ്കിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ രാഷ്ട്രീയ വളർച്ച നേടിയ ബിജെപി പാറശ്ശാലയെ ത്രികോണമത്സരവേദിയാക്കി മാറ്റിയിട്ടുണ്ട്. സി കെ ഹരീന്ദ്രനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. നെയ്യാറ്റിന്‍കര സനല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. അഡ്വ. ഗിരീഷ് നെയ്യാര്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
