സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും ജനം മാറ്റം ആഗ്രഹിക്കുകയാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. മുസ്ലിം ലീഗിനെതിരായ രാജീവ് ചന്ദ്രശേഖറിന്‍റെ പരാമര്‍ശം സിപിഎം-ബിജെപി ഡീലിന്‍റെ ഭാഗമാണെന്നും കെസി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും ജനം മാറ്റം ആഗ്രഹിക്കുകയാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. മുസ്ലിം ലീഗിനെതിരായ രാജീവ് ചന്ദ്രശേഖറിന്‍റെ പരാമര്‍ശം സിപിഎം-ബിജെപി ഡീലിന്‍റെ ഭാഗമാണെന്നും കെസി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് അസി. എക്സിക്യൂട്ടീവ് എഡിറ്റര്‍ വിനു വി ജോണുമായുള്ള അഭിമുഖത്തിലാണ് കെസി വേണുഗോപാലിന്‍റെ പ്രതികരണം. ഒരേ സ്ഥലത്ത് നിന്ന് തയ്യാറാക്കിയ പ്രസ്താവനയായിരുന്നു ലീഗിനെതിരെ വന്നതെന്നും ബിജെപി പ്രസിഡന്‍റ് ആദ്യം പറഞ്ഞത് സിപിഎം നേതാക്കള്‍ ഏറ്റെടുത്തുവെന്നും കെസി വേണുഗോപാൽ പറഞ്ഞു. 

സിപിഎം-ബിജെപി ഡീൽ പലയിടത്തും വ്യക്തമാണെന്നും മികച്ച വിജയത്തോടെ അധികാരത്തിലെത്താനായില്ലെങ്കിൽ രാഷ്ട്രീയ വനവാസം നടത്തുമെന്ന വിഡി സതീശന്‍റെ പ്രതികരണത്തോടും കെസി വേണുഗോപാൽ പ്രതികരിച്ചു. സതീശന്‍റെ അത്തരമൊരു പരാമര്‍ശം ആത്മാര്‍ത്ഥത കൊണ്ടാണെന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് തര്‍ക്കം ഉണ്ടാകില്ലെന്നും ഒരു വ്യക്തിയെ മാത്രം മുൻനിര്‍ത്തിയല്ല പ്രചാരണമെന്നും കെസി വേണുഗോപാൽ പറഞ്ഞു. എഫ്‍സിആര്‍എ നിയമ ഭേദഗതി ക്രൈസ്തവരെ പേടിപ്പിച്ചു നിര്‍ത്താനാണ്. ബില്ലിലൂടെ ബിജെപിയുടെ തനിനിറ ംവ്യക്തമായി. കെസി എന്നാൽ കേരളത്തിലെ കോണ്‍ഗ്രസാണെന്നും തനിക്ക് ഗ്രൂപ്പില്ലെന്നും എല്ലാം പാര്‍ട്ടി സ്ഥാനാര്‍ത്ഥികളാണെന്നും കെസി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

യുഡ‍ിഎഫ് അധികാരത്തിൽ വരാൻ കേരളം സജ്ജമാണെന്നും കള്ള പ്രോഗ്രസ് റിപ്പോർട്ടാണ് സർക്കാർ കൊണ്ടുവന്നതെന്നും മുഖ്യമന്ത്രിയുടെ അവകാശവാദങ്ങൾ പൊളിഞ്ഞുവെന്നുമാണ് രാവിലെ കെസി വേണുഗോപാൽ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണെന്നും അഴിമതിയുടെ പ്രഭവകേന്ദ്രം ഊരാളുങ്കൽ സൊസൈറ്റിയാണെന്നും കെസി വേണുഗോപാൽ ആരോപിച്ചു.

സിപിഎമ്മിന്റെ സാമ്പത്തിക സ്രോതസ്സ് ഊരാളുങ്കൽ സൊസൈറ്റിയാണ്. എല്ലാ പ്രധാന കരാറുകളും ഊരാളുങ്കലിന് നൽകി. മോദിക്ക് അദാനി പോലെയാണ് പിണറായിക്ക് ഊരാളുങ്കൽ. പിണറായിക്ക് മൂന്നാം ടേം എന്നായിരുന്നു പ്രചാരണം. ഞാൻ അല്ലാതെ മറ്റാരുണ്ട് എന്നാണ് ചോദ്യം. ആ ചോദ്യത്തിന് കേരളം മറുപടി നൽകും. ഞങ്ങൾക്ക് മടുത്ത ഇയാൾ അല്ല വേണ്ടത് എന്ന് ജനം മറുപടി നൽകും. സഖാവ് മാനേജർ എന്നാണ് എം.എൻ.വിജയൻ പിണറായിയെ വിളിച്ചത്. യുഡിഎഫ് ഗൃഹപാഠം ചെയ്താണ് ഗ്യാരന്റികൾ പ്രഖ്യാപിച്ചത്. അത് നടപ്പാക്കുക തന്നെ ചെയ്യും. വേറെ ഒന്നും ചോദിക്കാനില്ലാത്തത് കൊണ്ടാണ് വയനാട് ഫണ്ടിനെ പറ്റി ചോദിക്കുന്നതെന്നും കോൺഗ്രസ് വെട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിൽ സർക്കാരിന് അന്വേഷിക്കാമല്ലോയെ്നനും കെസി വേണുഗോപാൽ പറഞ്ഞു. മുഖ്യമന്ത്രി പതിവില്ലാത്ത കൂടിക്കാഴ്ചകൾ നടത്തിയെന്നും അമിത് ഷായെയും നിർമല സീതാരാമനെയും നിതിൻ ഗഡ്കരിയെയും കണ്ടുവെന്നും കെസി വേണുഗോപാൽ ആരോപിച്ചു.

YouTube video player