മുസ്ലീം ലീഗിന്റെ ശക്തികേന്ദ്രമായ വേങ്ങര മണ്ഡലം പുതിയൊരു തെരഞ്ഞെടുപ്പ് പോരാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ്. പി കെ കുഞ്ഞാലിക്കുട്ടിക്ക് പകരം കെ എം ഷാജിയെ യുഡിഎഫ് രംഗത്തിറങ്ങുന്നു എന്നതാണ് സവിശേഷത.
മലപ്പുറം ജില്ലയിലെ മുസ്ലീം ലീഗിന്റെ ഏറ്റവും കരുത്തുറ്റ കോട്ടകളിലൊന്നാണ് വേങ്ങര മണ്ഡലം. മുൻ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ തട്ടകമെന്ന നിലയിൽ രാഷ്ട്രീയ കേരളം എപ്പോഴും ഉറ്റുനോക്കുന്ന മണ്ഡലമാണിത്. കുഞ്ഞാലിക്കുട്ടിയ്ക്ക് പകരം കെ എം ഷാജിയാണ് ഇത്തവണ വേങ്ങരയിൽ ജനവിധി തേടുന്നത്. മറ്റൊരു തെരഞ്ഞെടുപ്പിന് കൂടി വേങ്ങരയിൽ കളമൊരുങ്ങുമ്പോൾ ലീഗിന്റെ കോട്ട പിടിച്ചടക്കാമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് ക്യാമ്പ്.
മണ്ഡലം രൂപീകരിച്ച 2011 മുതൽ പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രഭാവത്തിലാണ് വേങ്ങര മണ്ഡലം അറിയപ്പെടുന്നത്. 2017-ൽ അദ്ദേഹം ലോക്സഭയിലേക്ക് മത്സരിച്ചപ്പോൾ ഇവിടെ ഒരു ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. 2021-ൽ വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയ അദ്ദേഹം 30,000-ത്തിന് മുകളിൽ ഭൂരിപക്ഷത്തോടെയാണ് വേങ്ങര മണ്ഡലത്തിൽ വിജയിച്ചത്. അതേസമയം, സിപിഐഎം ഓരോ തവണയും വേങ്ങരയിൽ സ്വാധീനം വർദ്ധിപ്പിക്കാൻ പല പരീക്ഷണങ്ങളും നടത്തുന്നുണ്ട്. 2021ൽ പി ജിജിയിലൂടെ 30% വോട്ട് വിഹിതം പിടിക്കാൻ ഇടതുപക്ഷത്തിന് സാധിച്ചു എന്നത് ശ്രദ്ധേയമാണ്. അതേസമയം, എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി തുടങ്ങിയ കക്ഷികൾക്ക് ഈ മണ്ഡലത്തിൽ കൃത്യമായ വോട്ട് ബാങ്കുണ്ട്. 2021ൽ നടന്ന തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച സബാഹ് കുണ്ടുപുഴക്കൽ 11,000-ത്തിലധികം വോട്ടുകൾ പിടിച്ചതും ശ്രദ്ധേയമായിരുന്നു.
ഇത്തവണ മുസ്ലീം ലീഗ് വേങ്ങരയിൽ ഒരു മാറ്റത്തിന് തയ്യാറെടുത്തിരിക്കുകയാണ്. മണ്ഡലത്തിൽ വൻ സ്വാധീനമുള്ള പി കെ കുഞ്ഞാലിക്കുട്ടിക്ക് പകരം കെ എം ഷാജിയാണ് ഇത്തവണ യുഡിഎഫിന് വേണ്ടി മത്സരത്തിനിറങ്ങുന്നത്. കെ എം ഷാജിയുടെ തീപ്പൊരി പ്രസംഗങ്ങളും യുവജനങ്ങൾക്കിടയിലെ സ്വീകാര്യതയും വോട്ടാക്കി മാറ്റാനാണ് ലീഗിന്റെ ശ്രമം. മറുഭാഗത്ത്, കഴിഞ്ഞ തവണ സ്വതന്ത്രനായി മത്സരിച്ച് മികച്ച പ്രകടനം കാഴ്ച വെച്ച സബാഹ് കുണ്ടുപുഴക്കലിനെയാണ് ഇടതുമുന്നണി ഇത്തവണ ഔദ്യോഗികമായി കളത്തിലിറക്കിയിരിക്കുന്നത്. ഇത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. സബാഹിന്റെ പ്രാദേശിക സ്വാധീനത്തിലാണ് ഇടതുപക്ഷം കണ്ണുവെയ്ക്കുന്നത്. ഇത്തവണ വേങ്ങരയെന്ന ലീഗ് കോട്ടയിൽ വിള്ളൽ വീഴ്ത്താനാകുമെന്ന് എൽഡിഎഫ് കണക്കുകൂട്ടുന്നുണ്ട്. ബിജെപിക്കായി വി എൻ ജയകൃഷ്ണനാണ് മത്സരിക്കുന്നത്.
വേങ്ങരയിലെ തെരഞ്ഞെടുപ്പ് ചരിത്രം
2011ൽ പി കെ കുഞ്ഞാലിക്കുട്ടി ഇടതുപക്ഷത്തിന്റെ കെ പി ഇസ്മായിലിനെ 38,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് മണ്ഡലത്തിൽ ലീഗിന്റെ ആധിപത്യത്തിന് തുടക്കമിട്ടത്. 2016ൽ വീണ്ടും അദ്ദേഹം സമാനമായ വിജയം ആവര്‍ത്തിച്ചു. സിപിഎമ്മിന്റെ പി പി ബഷീറിനെ 38,057 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയതോടെ മണ്ഡലത്തിന്റെ രാഷ്ട്രീയ സ്വഭാവം ലീഗിന് അനുകൂലമായി മാറി. 2017ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി ലോക്സഭയിലേയ്ക്ക് മത്സരിച്ചതിനെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ ലീഗിന് വേണ്ടി കെ എൻ എ ഖാദറാണ് കളത്തിലിറങ്ങിയത്. രണ്ടാം തവണയും ഭാഗ്യപരീക്ഷണത്തിനിറങ്ങിയ സിപിഎമ്മിന്റെ പി പി ബഷീറിനെ 23,300ലധികം വോട്ടുകള്‍ക്ക് അദ്ദേഹം പരാജയപ്പെടുത്തി. 2021ൽ നടന്ന തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി തിരിച്ചെത്തുകയും സിപിഎമ്മിന്റെ പി ജിജിയെ 30,000ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തുകയും ചെയ്തു.


