വീണ്ടും ഡീൽ ആരോപണം കടുപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 2021ൽ എൽഡിഎഫിന് തുടര്‍ഭരണം കിട്ടിയത് ബിജെപിയുമായുള്ള ഡീലിലൂടെയാണെന്നും ഇത്തവണയും ഈ ഡീൽ ആവര്‍ത്തിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സംസ്ഥാനത്താകെ വോട്ട് കച്ചവടമാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ആലപ്പുഴ: വീണ്ടും ഡീൽ ആരോപണം കടുപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 2021ൽ എൽഡിഎഫിന് തുടര്‍ഭരണം കിട്ടിയത് ബിജെപിയുമായുള്ള ഡീലിലൂടെയാണെന്നും ഇത്തവണയും ഈ ഡീൽ ആവര്‍ത്തിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സംസ്ഥാനത്താകെ വോട്ട് കച്ചവടമാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സിപിഎം എസ്‍ഡിപിഐയെ കൂട്ടുപിടിച്ചാണ് ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. അധികാരം നഷ്ടമാകുമെന്ന ഭയമാണ് അവരെ ഇത്തരത്തിൽ കൂട്ടുകെട്ട് ഉണ്ടാക്കാൻ പ്രേരിപ്പിച്ചത്. ഏതുവിധേനയും അധികാരം പിടിക്കാൻ പിണറായി വിജയൻ ശ്രമിക്കുകയാണ്. അഭിമന്യുവിനെ കൊന്നവരെ പിണറായി കൂട്ട് പിടിക്കുകയാണ്. അഭിമന്യുവിന്റെ അമ്മയുടെ കരച്ചിൽ ഇപ്പോഴും മുഴങ്ങുന്നു. രണ്ട് വോട്ടിനു വേണ്ടി ഏത് ചെറ്റത്തരം കാണിക്കാനും മടിയില്ലെന്ന് പിണറായി തെളിയിക്കുകയാണ്. 2021 ഇൽ തന്നെ പിണറായി ബിജെപിയുമായി ധാരണയുണ്ടാക്കി.
കോൺഗ്രസ് മുക്ത ഭാരതം സ്വപ്നം കാണുന്നവർ ഒന്നിച്ചു. ട്വന്‍റി20ക്ക് അധിക സീറ്റ് കൊടുത്തത് ഡീലിന്‍റെ ഭാഗമാണ്. ട്വന്‍റി 20 സ്ഥാനാര്‍ത്ഥികളെ ആര്‍ക്കും അറിയില്ല. സംസ്ഥാനത്താകെ വോട്ട് കച്ചടവമാണ് നടക്കുന്നത്. ഭരണം മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. കേരളത്തിൽ യുഡിഎഫ് അനുകൂല തരംഗമാണ്. 100 സീറ്റിലധികം അധികം യുഡിഎഫ് നേടും. ജനങ്ങള്‍ വലിയ പ്രതീക്ഷയിലാണ്. അതിനെ തടയിടാനാണ് മുഖ്യമന്ത്രി വര്‍ഗീയ കക്ഷികളെ കൂട്ടുപിടിക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷക്കാലം കേരളത്തിൽ ഇരുണ്ട കാലമായിരുന്നു. മുഖ്യമന്ത്രി പോലും വികസനം ചർച്ച ചെയ്യുന്നില്ല. ഒരു വൻകിട പദ്ധതിയും കേരളീയത്തിൽ ഉണ്ടായില്ല.
പലയിടത്തും അക്രമം ഉണ്ടാക്കാൻ സിപിഎം ശ്രമം നടക്കുകയാണ്. പലയിടത്തും ഓഫീസുകള്‍ തകര്‍ക്കുകയാണ്. ന്യായമല്ലാത്ത കാര്യങ്ങളാണ് സിപിഎം ചെയ്യുന്നത്. വ്യാപകമായി കള്ളവോട്ട് ചെയ്യാൻ സിപിഎം ഒരുങ്ങുകയാണ്. മുഖ്യമന്ത്രി എസ്‍ഡിപിഐയെ തള്ളുന്നില്ല. മോദിയുടെയും പിണറായിയുടെയും പ്രസംഗം ഒന്നാണ്. എസ്‍ഡിപിഐയോട് സഹകരിക്കേണ്ടെന്നാണ് യുഡിഎഫ് നിലപാട്. മണ്ഡലത്തിൽ പ്രചാരണത്തിലായതിനാലാണ് യുഡിഎഫിന്‍റെ പ്രകടന പത്രിക പുറത്തിറക്കുന്ന പരിപാടിയിൽ പോകാൻ കഴിയാഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.



