കേരളത്തിലെ 140 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് 78.20 ശതമാനം എന്ന കനത്ത പോളിങോടെ അവസാനിച്ചു. ഭരണത്തുടർച്ച അവകാശപ്പെട്ട് എൽഡിഎഫും, നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് യുഡിഎഫും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. മെയ് നാലിന് വോട്ടെണ്ണൽ നടക്കാനിരിക്കെ, മുന്നണികൾ ആകാംഷയോടെ കാത്തിരിക്കുകയാണ്.
തിരുവനന്തപുരം: 140 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അവസാനിച്ചിരിക്കുകയാണ്. കനത്ത പോളിങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഏറ്റവും ഒടുവിലത്തെ കണക്കു പ്രകാരം 78.20 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. 2021-ലേതിനേക്കൾ കൂടുതലാണിത്. ഏറ്റവും കൂടുതൽ പോളിങ് ചിറ്റൂർ മണ്ഡലത്തിലാണ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് പത്തനംതിട്ട മണ്ഡലത്തിലാണ്. കോഴിക്കോടും പാലക്കാടും പോളിങ് 80 ശതമാനം കടന്നു.
ബൂത്തുകളിലേക്ക് ഒഴുക്ക്
883 സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിക്കാൻ 30,471 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരുന്നത്. പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽഡിഎഫ് സർക്കാർ തുടരുമെന്നാണ് എൽഡിഎഫ് വ്യക്തമാക്കുന്നത്. എന്നാൽ യുഡിഎഫ് തരംഗമായിരിക്കും ഫലം പുറത്തുവരുമ്പോൾ കാണാൻ സാധിക്കുകയെന്നാണ് യുഡിഎഫ് പറയുന്നത്. കേരളത്തിൽ ഒരു സർപ്രൈസ് ഉണ്ടാകുമെന്നാണ് എൻഡിഎ വ്യക്തമാക്കുന്നത്.
പോള്ളുന്ന ചൂടിനെ വകവെക്കാതെ വോട്ടർമാർ ബൂത്തുകളിലേക്ക് ഒഴുകുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. 2.69 കോടിയിലധികം ആളുകൾക്കാണ് ഈ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടായിരുന്നത്. ഇതിൽ 1.38 കോടി സ്ത്രീകളും 1.31 കോടി പുരുഷന്മാരും 277 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമാണ്. 23 ദിവസം നീണ്ട വാശിയേറിയ പരസ്യപ്രചാരണങ്ങൾക്കും നിശബ്ദ പ്രചാരണത്തിനും ശേഷമാണ് സംസ്ഥാനം ഇന്ന് ജനവിധി രേഖപ്പെടുത്തിയത്.
മുന്നണികളുടെ അവകാശവാദം
നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയത്തിൽ വലിയ ആത്മവിശ്വാസമാണ് കോൺഗ്രസ് പ്രകടിപ്പിക്കുന്നത്. വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ ശേഷം മുൻ കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ പറഞ്ഞത് 100 സീറ്റുകളിൽ യുഡിഎഫ് വിജയിക്കുമെന്നാണ്. എൽഡിഎഫിൻ്റെ ഭരണ തുടർച്ച ഒരിക്കലും അനുവദിക്കില്ലെന്നും, യുഡിഎഫ് അധികാരത്തിൽ വരുമെന്ന കാര്യത്തിൽ 100 ശതമാനം ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിഡി സതീശനും നൂറിലധികം സീറ്റുകൾ ലഭിക്കുമെന്നാണ് അഭിപ്രായപ്പെട്ടത്. എന്നാൽ ഉയർന്ന വോട്ടിംഗ് ശതമാനം എൽഡിഎഫിന് അനുകൂലമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കിയത്. തൂക്കുമന്ത്രിസഭയായിരിക്കും വരികയെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ പ്രതികരിച്ചത്. കേരളത്തിൽ സർപ്രൈസ് ഉണ്ടാകുമെന്നാണ് നടനും എംപിയുമായ സുരേഷ് ഗോപി പ്രതികരിച്ചത്.
രാത്രി ഏഴ് മണി കഴിഞ്ഞും പലയിടത്തും പോളിങ് ബൂത്തിന് മുന്നിൽ നീണ്ട നിരയാണ് കാണാൻ സാധിച്ചത്. ഇനി 25 നാൾ മുന്നണികൾക്ക് കൂട്ടലും കിഴിക്കലിന്റെയും ദിനങ്ങളാണ്. മെയ് നാലിനാണ് വോട്ടെണ്ണൽ. ആര് സംസ്ഥാനം ഭരിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ഇനി ജനങ്ങൾ.


