വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സിപിഎമ്മില്‍ രണ്ടഭിപ്രായമില്ലെന്ന് മുതിർന്ന സിപിഎം നേതാവ് എകെ ബാലൻ
തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സിപിഎമ്മില്‍ രണ്ടഭിപ്രായമില്ലെന്ന് മുതിർന്ന സിപിഎം നേതാവ് എകെ ബാലൻ. വിഷയത്തിൽ ഇപി ജയരാജൻ എന്ത് പറഞ്ഞു എന്ന് അറിഞ്ഞില്ലെന്നും ദിവ്യ എസ് അയ്യരെ വിഴിഞ്ഞം എംഡി സ്ഥാനത്തുനിന്ന് മാറ്റിയതിൽ ദുരൂഹതയുണ്ട്, ദിവ്യയെ മാറ്റിയത് അദാനിയ്ക്ക് വേണ്ടിയാണ്. വി ഡി സതീശന്‍റെ ബെംഗളൂരു യാത്ര ഇതുമായി കൂട്ടിവായിക്കണം, കെ കെ ശൈലജയും പികെ ശ്രീമതിയും മറിച്ചൊരു അഭിപ്രായം പറഞ്ഞത് തിരുത്തിയിട്ടുണ്ട്. പാർട്ടി വിരുദ്ധമായി അവർ അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കിൽ അവർ തിരുത്തും. പിണറായിക്കെതിരെ ഒരു പടയൊരുക്കവും പാർട്ടിയിൽ ഇല്ല. ഉണ്ടെങ്കിൽ തന്നെ അത് നടക്കാനും പോകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ വിഷയത്തില്‍ സിപിഎമ്മിലെ ഭിന്നാഭിപ്രായങ്ങളിൽ പിണറായി വിജയന് കടുത്ത അതൃപ്തിയുണ്ട്. പിണറായിയുടെ അതൃപ്തിയിലും ഇപി ജയരാജനും കെകെ ശൈലജയും പികെ ശ്രീമതിയും നിലപാടിൽ മാറ്റമില്ലാതെ തുടരുകയാണ്. അതിനിടെ, കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷിന് പിന്തുണ ആവർത്തിച്ച് എംവി ഗോവിന്ദൻ രംഗത്തെത്തി. വിഴിഞ്ഞത്തെ ചൊല്ലിയാണ് കണ്ണൂർ സിപിഎം ലോബിയിൽ ഭിന്ന സ്വരം ഉടലെടുത്തത്. രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായാണ് പിണറായിയുടെ നിലപാടിനെ കണ്ണൂർ നേതൃത്വം ചോദ്യം ചെയ്യുന്നത്.


