വയനാട്ടിലെ കൽപ്പറ്റ, ബത്തേരി, മാനന്തവാടി നിയമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് സാധ്യതകൾ ലേഖനം വിലയിരുത്തുന്നു. ഫണ്ട് തട്ടിപ്പ് വിവാദങ്ങളും വികസന അവകാശവാദങ്ങളും പ്രചാരണ വിഷയമാകുമ്പോൾ, ടി സിദ്ദിഖ്, ഐ സി ബാലകൃഷ്ണൻ, ഒ ആർ കേളു തുടങ്ങിയ പ്രമുഖ സ്ഥാനാർഥികളുടെ വിജയസാധ്യതകൾ വിശകലനം ചെയ്യുകയാണ് ഈ ഉള്ളടക്കം.
കല്‍പറ്റ: വയനാട്ടില്‍ ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം ആവേശകരമായിരുന്നു. പൊതുവേ, വയനാട് എന്ന് പറയുന്നത് കോൺഗ്രസിന്‍റെ ഒരു പൊന്നാപുരം കോട്ടയാണ് എന്നു പറയാം. അപൂർവ്വം ചില സമയങ്ങളിൽ ഒഴികെ ബാക്കിയുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിന്‍റെ ഒരു സ്ട്രോങ്-ഹോൾഡ് ഏരിയയാണ് വയനാട്. അതുകൊണ്ട് തന്നെയാണ് പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും അവരുടെ ഏറ്റവും സേഫ്-സോൺ എന്ന രീതിയില്‍ വയനാട്ടിൽ വന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചത്. പക്ഷേ, മുമ്പ് അപൂർവ്വം ചില സമയങ്ങളിൽ എൽഡിഎഫ് വെന്നിക്കൊടി പാറിച്ച സാഹചര്യവും വയനാട്ടിലുണ്ട്.
2026 നിയമസഭ തെരഞ്ഞെടുപ്പില്‍, വയനാട് ജില്ലയില്‍ കോൺഗ്രസിന്‍റെ ഫണ്ട് തട്ടിപ്പും പിണറായി സര്‍ക്കാരിന്‍റെ വികസനവും ആയിരുന്നു എല്‍ഡിഎഫിന്‍റെ പ്രധാന പ്രചാരണായുധം. അതുകൊണ്ടുതന്നെ വയനാട്ടിലെ തെരഞ്ഞെടുപ്പ് ചൂട് സംസ്ഥാനമാകെ വലിയ ശ്രദ്ധയാകര്‍ഷിച്ചു. മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ടുകൊണ്ട് തുടർച്ചയായ വിവാദങ്ങൾ വയനാട്ടില്‍ ഉയര്‍ന്നുകൊണ്ടേയിരുന്നു, അവ ഇപ്പോഴും സജീവമാണുതാനും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തുടക്കം മുതൽ അവസാനം വരെ ജില്ലയിലാകെ ഈ വിഷയം നിറഞ്ഞുനിന്നു. സംസ്ഥാന തലത്തില്‍ തന്നെ എല്‍ഡിഎഫിന്‍റെ പ്രചാരണ ഗാനം കോണ്‍ഗ്രസിന് എതിരായ ഫണ്ട് തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ടതായിരുന്നു.
കൽപ്പറ്റ നിലനില്‍ത്തുമോ ടി സിദ്ദിഖ്?
കൽപ്പറ്റ നിയോജക മണ്ഡലം എൽഡിഎഫിന് സാധ്യതയുള്ള സീറ്റായാണ് മുമ്പ് അറിയപ്പെട്ടിരുന്നത്. ഇടതുപക്ഷം ഇടയ്‌ക്കിടയ്ക്ക് വിജയിക്കുന്ന മണ്ഡലമായിരുന്നു കല്‍പ്പറ്റ. 2016-ല്‍ സി കെ ശശീന്ദ്രന്‍ ഇവിടെ നിന്ന് വിജയിച്ചിരുന്നു. കുറച്ച് തവണ കയ്യിൽ നിന്ന് പോയ ഒരു സീറ്റാണ് കോൺഗ്രസിനെ സംബന്ധിച്ച് കൽപ്പറ്റ എന്നും പറയാം. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ടി സിദ്ദിഖിനായിരുന്നു കൽപ്പറ്റയില്‍ ജയം. 5,470 വോട്ടുകള്‍ക്കായിരുന്നു അദേഹത്തിന്‍റെ വിജയം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അതിശക്തമായ ഇടത് തരംഗം ഉണ്ടായപ്പോഴും എൽഡിഎഫിൽ നിന്ന് ചെറിയ ഭൂരിപക്ഷത്തിനെങ്കിലും യുഡിഎഫ് പിടിച്ചെടുത്ത സീറ്റാണ് കൽപ്പറ്റ എന്ന പ്രത്യേകതയുണ്ടായിരുന്നു. ഇപ്രാവശ്യം, കൽപ്പറ്റ മണ്ഡലത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയാണ് ടി സിദ്ദീഖ് വീണ്ടും യുഡിഎഫ് സ്ഥാനാര്‍ഥിയായിരിക്കുന്നത്. താഴെത്തട്ടില്‍ വർക്ക് ചെയ്യുന്ന ഒരാളായാണ് സിദ്ദിഖ് അറിയപ്പെടുന്നത്. മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിലൊക്കെ സജീവമായി അദേഹം ഇടപെട്ടിരുന്നു. അതിനാല്‍തന്നെ ടി സിദ്ദിഖിന് ഒരു മേല്‍ക്കൈ മണ്ഡലത്തിലുണ്ട് എന്ന യുഡിഎഫ് ഭാഷ്യം തള്ളിക്കളയാനാവില്ല.
അതേസമയം, ടൗൺഷിപ്പ് വിവാദം ശക്തമായി ഉയർത്തിയിരുന്നത് കൊണ്ടുതന്നെ എല്‍ഡിഎഫ് കരുതുന്നത് കൽപ്പറ്റയില്‍ ടി സിദ്ദിഖിനെ ഇത്തവണ പിടിച്ചുകെട്ടാൻ പറ്റും എന്നാണ്. കല്‍പറ്റയില്‍ ആര്‍ജെഡിയുടെ പി കെ അനില്‍ കുമാറാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ബിജെപിയുടെ ജില്ലാ പ്രസിഡന്‍റ് പ്രശാന്ത് മലവയലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. വോട്ട് വിഹിതം കൂട്ടാമെന്നാണ് എന്‍ഡിഎയുടെ കണക്കുകൂട്ടല്‍. എങ്കിലും, കൽപ്പറ്റയിൽ നിലവില്‍ ഒരു അപ്പർ ഹാൻഡ് യുഡിഎഫിനുണ്ട് എന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ തവണത്തെ 5,000-ത്തിന്‍റെ സ്ഥാനത്ത് ഇത്തവണ 20,000 അടുത്തുള്ള ഭൂരിപക്ഷം നേടാനാകും എന്നാണ് യുഡിഎഫ് ക്യാംപിന്‍റെ പ്രതീക്ഷ.
വിവാദങ്ങള്‍ കൊടുമ്പിരികൊള്ളുന്ന ബത്തേരി
ബത്തേരി എന്ന് പറയുന്നത് ഇരു പക്ഷത്തും വിവാദങ്ങള്‍ കത്തുന്ന മണ്ഡലമാണ്. സിപിഎമ്മിന്‍റെ നിയന്ത്രണത്തിലുള്ള ഡെവലപ്‌മെന്‍റ് സൊസൈറ്റി സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപണം നേരിടുന്ന ബ്രഹ്മഗിരിയാണ് വലിയൊരു വിവാദ കേന്ദ്രം. നൂറുകണക്കിന് പേർക്കാണ് അവിടെ പൈസ നഷ്‌ടപ്പെട്ടത്. സിപിഎമ്മുകാരായിരുന്നു പണം നഷ്‌ടമായവരില്‍ മുഴുവനും. ബത്തേരിയില്‍ ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിലും ബ്രഹ്മഗിരി സാമ്പത്തിക തട്ടിപ്പ് വലിയ പ്രചാരണായുധമായി. സമാന വിഷയത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വൻ തിരിച്ചടി കിട്ടിയിരുന്നു ബത്തേരിയിൽ. കയ്യിലിരുന്ന മുൻസിപ്പാലിറ്റിയിൽ ഇടതുമുന്നണി തോറ്റു. മുൻസിപ്പാലിറ്റി ഉണ്ടായതിന് ശേഷം അവിടം ഭരിച്ചിരുന്നത് എൽഡിഎഫ് ആയിരുന്നു. നഗരസഭയ്‌ക്ക് പുറമെ ഒന്ന് രണ്ട് പഞ്ചായത്തുകള്‍ കൂടിയും എല്‍ഡിഎഫിന് ബത്തേരിയില്‍ നഷ്‌ടപ്പെടുകയുണ്ടായി.
ബ്രഹ്മഗിരി തട്ടിപ്പ് നിയമസഭ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫിനെ കുഴയ്‌ക്കുമ്പോള്‍ കോണ്‍ഗ്രസിനും ബത്തേരി നിയോജക മണ്ഡലത്തില്‍ ഒരു വിവാദ കൊടുങ്കാറ്റുണ്ട്. വയനാട് ഡിസിസി ട്രഷറര്‍ എൻ എം വിജയന്‍റെ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ ഐ സി ബാലകൃഷ്‌ണന്‍ പ്രതി ചേര്‍ക്കപ്പെട്ട സാഹചര്യമുണ്ടായിരുന്നു. പിന്നീട് കോടതി അദേഹത്തിന് ജാമ്യം അനുവദിച്ചു. എന്നിരുന്നാലും, എൻ എം വിജയന്‍റെ മരണവുമായി ബന്ധപ്പെട്ട് സിറ്റിംഗ് എംഎല്‍എയും നിലവിലെ യുഡിഎഫ് സ്ഥാനാർഥിയുമായ ഐസി ബാലകൃഷ്‌ണന്‍ വലിയ വിമര്‍ശനം നേരിടുന്ന സാഹചര്യം ഇപ്പോഴുമുണ്ട്.
ഐ സി ബാലകൃഷ്ണനെതിരെ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി എം എസ് വിശ്വനാഥന്‍ ഒരു മുൻ കോൺഗ്രസുകാരനാണ്. സ്ഥാനാര്‍ഥിത്വം കിട്ടാത്തതിനെ തുടർന്നാണ് അദേഹം എൽഡിഎഫിലേക്ക് ചേക്കേറി 2021 മുതല്‍ മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വിശ്വനാഥനെ, ഐസി ബാലകൃഷ്‌ണന്‍ 11,822 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി. ഇത്തവണയും ഐസി ബാലകൃഷ്ണന്‍ മോശമല്ലാത്ത ഭൂരിപക്ഷത്തില്‍ വിജയിക്കും എന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. മണ്ഡലത്തില്‍ തുടര്‍ച്ചയായി മൂന്നുവട്ടം എംഎല്‍എ ആയിരുന്നതിനാല്‍ ശക്തമായ വ്യക്തിബന്ധമുണ്ട് ഐസി ബാലകൃഷ്‌ണന്. അതിനാല്‍, ചെറിയ ഭൂരിപക്ഷം ആണെങ്കിലും ഒരു തരംഗം ഇക്കുറി യുഡിഎഫിന് ഉണ്ടെങ്കിൽ ബാലകൃഷ്‌ണന്‍ ബത്തേരിയില്‍ ജയിച്ചുകയറാനിടയുണ്ട്. എൻ എം വിജയന്‍റെ ആത്മഹത്യാ വിഷയങ്ങൾ തിരിച്ചടിച്ചാല്‍ ഐ സി ബാലകൃഷ്‌ണന്‍ തോൽക്കാനുള്ള സാധ്യതയും തള്ളാനാവില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും എൻ എം വിജയന്‍റെ ആത്മഹത്യ ബത്തേരിയില്‍ ഒരു പ്രചാരണ വിഷയമായിരുന്നെങ്കിലും അത് ഏറ്റില്ല. എൻ എം വിജയൻ താമസിച്ചിരുന്ന വാർഡിൽ പോലും യുഡിഎഫ് ആണ് ജയിച്ചത്.
എന്നാല്‍, ബത്തേരിയില്‍ ഒരു അട്ടിമറി നടത്തുമെന്ന് എൽഡിഎഫ് ഇപ്പോള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ബിജെപിയുടെ കവിത എ എസ് ആണ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി. കുറുമര്‍ സമൂഹത്തിൽ നിന്നുള്ള ആളാണ് കവിത. വോട്ട് വിഹിതം കൂട്ടുകയാവും കവിതയുടെ മുന്നിലുള്ള ആദ്യ കടമ്പ.
പോരാട്ടങ്ങളുടെ പോരായി മാനന്തവാടി
വയനാട്ടിലെ ഏറ്റവും ശക്തമായ മത്സരം നടക്കുന്നതാണ് മാനന്തവാടി നിയോജക മണ്ഡലത്തിലാണ്. കേരളത്തിലെ തന്നെ ഏറ്റവും ശക്തമായ മത്സരങ്ങളിലൊന്നിന് സാക്ഷ്യം വഹിക്കുന്ന മണ്ഡലം. മാനന്തവാടി പൊതുവെ അറിയപ്പെടുന്നത് യുഡിഎഫിന്‍റെ മണ്ഡലമായാണ്. എന്നാല്‍, എല്‍ഡിഎഫിന്‍റെ ഒ ആര്‍ കേളു കഴിഞ്ഞ രണ്ട് ടേമിലും മണ്ഡലത്തില്‍ വിജയിച്ചു. അദേഹം രണ്ടാം പിണറായി സർക്കാരിൽ പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രിയുമായി. പാര്‍ട്ടി വോട്ടിനൊപ്പം വ്യക്തി വോട്ടുകളും നേടിയാണ് കേളും വിജയിക്കുന്നത്. യുഡിഎഫിലെ തമ്മിലടിയും വിധിയെഴുത്തില്‍ നിര്‍ണായകമായിരുന്നു. ഇക്കുറിയും ഒ ആര്‍ കേളു തന്നെയാണ് മാനന്തവാടി നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
മാനന്തവാടിയില്‍ യുഡിഎഫിനായി മത്സരിക്കുന്നത് കോണ്‍ഗ്രസിലെ ഉഷ വിജയനാണ്. ഇക്കുറി യുഡിഎഫിന്‍റെ ഏറ്റവും നല്ല ഗ്രൂപ്പ്-വർക്ക് നടക്കുന്ന സ്ഥലങ്ങളിലൊന്നാണ് മാനന്തവാടി. അത് എൽഡിഎഫിൽ ഒരു പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്. ഉഷ വിജയന്‍റെ ഗ്രൂപ്പ് വർക്കിലും തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ മാനന്തവാടിയിൽ ഒരു പഞ്ചായത്തിൽ ഒഴികെ ബാക്കി എല്ലാ പഞ്ചായത്തുകളിലും യുഡിഎഫ് വിജയിച്ചതിലും നഗരസഭയില്‍ തുടര്‍ ഭരണം പിടിച്ചതിലും പ്രതീക്ഷ അര്‍പ്പിക്കുകയാണ് യുഡിഎഫ്. എല്‍ഡിഎഫിന്‍റെ കുത്തക പഞ്ചായത്തും കേളുവിന്‍റെ പഞ്ചായത്തും കൂടിയായ തിരുനെല്ലിയില്‍ പല സീറ്റുകളിലും നേരിയ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് തോറ്റത്. അതിനാല്‍ മാനന്തവാടിയില്‍ ഉഷ വിജയന്‍ വിജയിക്കുമെന്ന് പൂര്‍ണ പ്രതീക്ഷയര്‍പ്പിക്കുന്നു യുഡിഎഫ്. നല്ല ഭൂരിപക്ഷം അവര്‍ പ്രതീക്ഷിക്കുന്നുണ്ടുതാനും.
എങ്കിലും, കുറഞ്ഞ സമയം മാത്രം പ്രചാരണത്തിന് ലഭിച്ചതിനാല്‍ സ്ഥാനാർഥിയെ പരിചയപ്പെടുത്താന്‍ വേണ്ടത്ര സമയം യുഡിഎഫിന് കിട്ടിയിട്ടില്ലെന്നാണ് എൽഡിഎഫ് കരുതുന്നത്. അതിനാല്‍തന്നെ മാനന്തവാടി മണ്ഡലത്തില്‍ ഒ ആര്‍ കേളു ജയിക്കുമെന്ന് എല്‍ഡിഎഫ് കണക്കുകൂട്ടുന്നു. കേളുവിന് പാലങ്ങളും റോഡുകളുമടക്കം മണ്ഡലത്തില്‍ ഒരുപാട് വികസന പ്രവർത്തനങ്ങൾ ചെയ്യാൻ പറ്റിയെന്നാണ് എല്‍ഡിഎഫ് പറയുന്നത്. അതേസമയം, ബിജെപിയുടെ യുവമുഖം പി ശ്യാം രാജ് എന്‍ഡിഎയുടെ വോട്ട് വിഹിതം കൂട്ടുമെന്നാണ് അവകാശവാദം. ഒരു അട്ടിമറി വിജയം ഒക്കെ അവര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും കാത്തിരുന്നറിയണം. എന്തായാലും മാനന്തവാടി അതിശക്തമായ മത്സരത്തിനാണ് ഇക്കുറി സാക്ഷ്യം വഹിക്കുന്നത്. യുഡിഎഫ് അനുകൂല സ്വിങ് ഉണ്ടെങ്കിൽ ഉഷ വിജയൻ ജയിച്ചുകയറും. വികസനവും വ്യക്തിബന്ധങ്ങളും വോട്ടായാല്‍ ഒ ആര്‍ കേളു മാനന്തവാടിയില്‍ ഹാട്രിക് വിജയം നേടും.



