മുൻ രാജ്യാന്തര വോളിബോൾ താരമായ മാണി സി കാപ്പൻ, കെ എം മാണിയുടെ നിര്യാണശേഷം പാലാ മണ്ഡലത്തിൽ തുടർച്ചയായി രണ്ട് തവണ വിജയിച്ചു. 2019-ലെ ഉപതെരഞ്ഞെടുപ്പിലും 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കാപ്പനായിരുന്നു ജയം.
പാലാ: പാലായുടെ കോര്‍ട്ടില്‍ ഹാട്രിക് സ്പൈക്ക് ഉതിര്‍ക്കുമോ മാണി സി കാപ്പന്‍? മുന്‍ രാജ്യാന്തര വോളിബോള്‍ താരമായ മാണി സി കാപ്പന്‍ ചലച്ചിത്ര നിര്‍മ്മാതാവും നടനും രാഷ്‌ട്രീയ നേതാവും എന്ന നിലയില്‍ മലയാളിക്ക് സുപരിചിതനാണ്. എഴുപതുകളുടെ അവസാനം വോളിബോള്‍ ഇതിഹാസം സാക്ഷാല്‍ ജിമ്മി ജോര്‍ജിന്‍റെ സഹതാരമായിരുന്ന മാണി സി കാപ്പന്‍ രാഷ്‌ട്രീയക്കളത്തില്‍ നീണ്ട കാത്തിരിപ്പിന് ശേഷമാണ് 2019-ല്‍ ആദ്യമായി പാലാ മണ്ഡലത്തില്‍ വെന്നിക്കൊടി പാറിച്ചത്. പാലായുടെ മാണി സാര്‍ ആയ കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പിലായിരുന്നു പാലായില്‍ അടുത്ത മാണിയുടെ ഉദയം. 2021-ല്‍ വീണ്ടും പാലായുടെ എംഎല്‍എയായി മാണി സി കാപ്പന്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഭൂരിപക്ഷം സുരക്ഷിതമായ 15,378 വോട്ടുകളായിരുന്നു.
വോളിബോള്‍ താരമായിരുന്ന മാണി സി കാപ്പന്‍
വീട്ടില്‍ രാഷ്‌ട്രീയവും രാഷ്‌ട്രീയ നേതാക്കളെയും ഏറെ കണ്ട് വളര്‍ന്ന ബാല്യമായിരുന്നു മാണി സി കാപ്പന്‍റെത്. സ്വാതന്ത്ര്യ സമര സേനാനിയും കോണ്‍ഗ്രസ് എംപിയുമായിരുന്ന ചെറിയാന്‍ ജെ കാപ്പന്‍റെ മകന്‍. എന്നാല്‍ രാഷ്‌ട്രീയത്തേക്കാള്‍ ചെറുപ്പത്തില്‍ മാണി സി കാപ്പന്‍റെ മനസില്‍ പതിഞ്ഞത് വോളിബോള്‍ കമ്പമായിരുന്നു. മാണി സി കാപ്പന്‍ എന്ന വോളിബോള്‍ പ്രതിഭയ്‌ക്ക് ദിശാബോധം പകര്‍ന്നത് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും മടപ്പള്ളി കോളേജുമാണ്. 1976-ല്‍ മാണി സി കാപ്പന് തന്‍റെ ഇരുപതാം വയസില്‍ കാലിക്കറ്റ് സര്‍വകലാശാല വോളിബോള്‍ ടീം ക്യാപ്റ്റനായി. കേരള ടീമിലും കെഎസ്‌ഇബിയുടെ ഡിപ്പാര്‍ട്‌മെന്‍റ് ടീമിലും കളിച്ചു. മാണി സി കാപ്പന്‍റെ ആ കായിക വളര്‍ച്ച ഇന്ത്യന്‍ കുപ്പായം വരെയെത്തി. 1978-ല്‍ അബുദാബി സ്പോര്‍ട്‌സ് ക്ലബില്‍ ജിമ്മി ജോര്‍ജിനൊപ്പം പ്രൊഫഷണല്‍ വോളിയില്‍ കളിച്ച പരിചയവും മാണി സി കാപ്പനുണ്ട്. ജിമ്മിയുമായുള്ള ആത്മബന്ധത്തെ കുറിച്ച് പലതവണ മാധ്യമങ്ങളോട് മനസുതുറന്നിട്ട് മാണി സി കാപ്പന്‍.
സിനിമയിലെ മാണി
കേരളത്തില്‍ തിരിച്ചെത്തിയ മാണി സി കാപ്പനെ പിന്നീട് കാണുന്നത് സിനിമയിലാണ്. എക്കാലത്തെയും ഹിറ്റ് മലയാള സിനിമകളിലൊന്നായ 'മേലേപ്പറമ്പ് ആണ്‍വീട്' പോലുള്ള സിനിമകള്‍ നിര്‍മ്മിച്ചു. 'മാന്നാര്‍ മത്തായി സ്‌പീക്കിംഗ്' എന്ന മാസ്‌മരിക ചിത്രം നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്‌തു. 25-ഓളം സിനിമകളില്‍ അഭിനയിക്കുകയും ചെയ്‌തു മാണി സി കാപ്പന്‍.
മാണി സാറിന്‍റെ പാലാ
കേരള കോണ്‍ഗ്രസ് അതികായകരില്‍ ഒരാളായ കെ എം മാണി 52 വര്‍ഷം കേരള നിയമസഭയില്‍ പ്രതിനിധീകരിച്ച മണ്ഡലമാണ് പാലാ. 1965, 1967, 1970, 1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016 എന്നീ 13 നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കെ എം മാണി പാലായില്‍ നിന്ന് വിജയിച്ചു. കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായിരുന്നയാള്‍ എന്ന റെക്കോര്‍ഡ് കെ എം മാണിക്കാണ്. ഏറ്റവും കൂടുതല്‍ കാലം ധനമന്ത്രിയായതിന്‍റെയും ബജറ്റ് അവതരിപ്പിച്ചതിന്‍റെയും റെക്കോര്‍ഡും മാണി സാറിന് സ്വന്തം.
എന്നാല്‍, 'മാണി സാറിന്‍റെ പാലാ' 2019 ഉപതെരഞ്ഞെടുപ്പ് മുതല്‍ സാക്ഷ്യം വഹിക്കുന്നത് മാണി സി കാപ്പന്‍റെ തേരോട്ടത്തിനാണ്. കെ എം മാണിയുടെ അപ്രതീക്ഷിത വിടവാങ്ങലിനെ തുടര്‍ന്ന് നടന്ന 2019-ലെ പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവ് ജോസ് ടോം പുലിക്കുന്നേലായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അന്ന് എന്‍സിപി സംസ്ഥാന ട്രഷററായിരുന്ന മാണി സി കാപ്പനും. അഞ്ചാം സെറ്റിലേക്ക് കടന്ന വോളിബോള്‍ ഫൈനല്‍ പോലെയൊരു ആവേശ മത്സരത്തില്‍ ജോസ് ടോമിനെ 2,943 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തോല്‍പിച്ച് മാണി സി കാപ്പന്‍ ആദ്യമായി കേരള നിയസഭയിലെത്തി. കെ എം മാണിയുമായി മൂന്നുവട്ടം മത്സരിച്ച് പരാജയപ്പെട്ട ശേഷമായിരുന്നു പാലായില്‍ മാണി സി കാപ്പന്‍റെ ആദ്യ ജയം. പാലായില്‍ കെ എം മാണി യുഗത്തിന് ശേഷം നടന്ന ആദ്യ നിയസഭ തെരഞ്ഞെടുപ്പ് ഫലം അങ്ങനെ മാണി പക്ഷത്തിന് നിരാശയായി.
2021 നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് മാണി പക്ഷം എല്‍ഡിഎഫിലേക്ക് അപ്രതീക്ഷിതമായി വന്നതോടെ പാലാ സീറ്റിനെ ചൊല്ലി മുന്നണിയില്‍ കലഹമായി. സിറ്റിംഗ് എംഎല്‍എ മാണി സി കാപ്പനില്‍ നിന്ന് പാലാ സീറ്റ് വാങ്ങി കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് എല്‍ഡിഎഫ് നല്‍കും എന്നായിരുന്നു വാര്‍ത്തകള്‍. ആ തര്‍ക്കത്തില്‍ എന്‍സിപി സംസ്ഥാന നേതൃത്വം രണ്ടുതട്ടിലായപ്പോള്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് എന്ന പുത്തന്‍ രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിച്ച് മാണി സി കാപ്പന്‍ യുഡിഎഫ് പിന്തുണ തേടി. ഈ പാര്‍ട്ടിയുടെ പേര് പിന്നീട് കേരള ഡെമോക്രാറ്റിക് പാര്‍ട്ടി എന്നാക്കി. 2021-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംഎല്‍എ മാണി സി കാപ്പനും (യുഡിഎഫ് സ്വതന്ത്രന്‍), കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയും (എല്‍ഡിഎഫ്) തമ്മില്‍ നേര്‍ക്കുനേര്‍ മത്സരം വന്നു. പാലായില്‍ വീണ്ടുമൊരു മാണിപ്പോര്. എന്നാല്‍, പാലായില്‍ മാണി സാറിന്‍റെ പാരമ്പര്യം തകര്‍ത്ത് മാണി സി കാപ്പന്‍ 15,378 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ആ തെരഞ്ഞെടുപ്പ് ജയിച്ച് വീണ്ടും നിയമസഭയിലെത്തി. അതായത്, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പാലായില്‍ മാണി സി കാപ്പന് വ്യക്തമായ ലീഡുണ്ടായിരുന്നു.
വീണ്ടും മാണി സി കാപ്പന്‍ vs ജോസ് കെ മാണി
2026 നിയമസഭ തെരഞ്ഞെടുപ്പില്‍ എത്തുമ്പോള്‍ ശക്തമായ ത്രികോണ പോരിന് കളമൊരുങ്ങിയിരിക്കുകയാണ് പാലായില്‍. വിജയ സ്‌മാഷ് തുടരാന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും കേരള ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാപകനുമായ മാണി സി കാപ്പന്‍ ഇറങ്ങുമ്പോള്‍ കഴിഞ്ഞ തവണത്തെ തോല്‍വിക്ക് മറുപടി നല്‍കാനുള്ള ഒരുക്കത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും കേരള കോണ്‍ഗ്രസ് എം നേതാവുമായ ജോസ് കെ മാണി. അതേസമയം, എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിജെപിയുടെ അഡ്വ. ഷോണ്‍ ജോര്‍ജ് കൂടി എത്തിയതോടെ പാലാ അങ്ങാടി ത്രികോണപ്പോരിന് തയ്യാറായിക്കഴിഞ്ഞു. പാലായില്‍ മൂന്ന് സ്ഥാനാര്‍ഥികളും വിജയ പ്രതീക്ഷയിലുമാണ്.
പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത മാണിമാര്‍
കെ എം മാണിയെ പോലെ, ജോസ് കെ മാണിയെ പോലെ, പാലാക്കാര്‍ക്ക് മാണി സി കാപ്പന്‍ എന്ന മാണിയെയും പരിചയപ്പെടുത്തലിന്‍റെ ആവശ്യമില്ല. ഈ നിയമസഭ തെരഞ്ഞെടുപ്പിലും പാലാ മാണി സി കാപ്പനെ തുണയ്‌ക്കുമോ എന്ന് മെയ് 4-ന് അറിയാം. 2016-ല്‍ കെ എം മാണിയുടെ ഭൂരിപക്ഷം 4,703 വോട്ടിലേക്ക് കുറച്ച് കൊണ്ടുവന്ന ചരിത്രമുണ്ട് മാണി സി കാപ്പന്. തന്‍റെ പ്രതാപകാലത്ത് മാണി സാറിന് 2011-ല്‍ 5,259 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മാത്രമേ മാണി സി കാപ്പനോട് ജയിക്കാനായിരുന്നുള്ളൂ എന്നതും ചരിത്രം. ക്രൈസ്‌ത വോട്ടുകളടക്കം പാലായിലെ വിധി നിര്‍ണയത്തില്‍ നിര്‍ണായകമാകും.


