ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ  'എബ്രഹാം ഉടമ്പടി'യുടെ ഭാഗമാകണമെന്ന പുതിയ നിബന്ധനയുമായി ഡൊണാൾഡ് ട്രംപ് രംഗത്ത്. പുതിയ നിബന്ധന മിഡിൽ ഈസ്റ്റിലെ സമാധാന ചർച്ചകളെ എങ്ങനെ ബാധിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

വാഷിങ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിയെങ്കിലും പുതിയ നിബന്ധന മുന്നോട്ടുവെച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ 'എബ്രഹാം ഉടമ്പടി'യുടെ (Abraham Accords) ഭാഗമാകണമെന്നാണ് ട്രംപിന്‍റെ പുതിയ ആവശ്യം. ഹോർമുസ് കടലിടുക്ക് തുറന്നുനൽകുക, ഇറാൻ യുറേനിയം സമ്പുഷ്ടീകരണം പൂർണമായി ഉപേക്ഷിക്കുക, ഇറാന് നഷ്ടപരിഹാരം നൽകില്ല തുടങ്ങിയ കടുത്ത നിബന്ധനകൾക്ക് പുറമെയാണ് ട്രംപ് പുതിയ നിർദേശം മുന്നോട്ടു വച്ചിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

എന്താണ് എബ്രഹാം ഉടമ്പടി?

2020-ൽ ട്രംപ് അമേരിക്കയുടെ പ്രസിഡന്‍റായിരിക്കെ ആണ് എബ്രഹാം ഉടമ്പടി കൊണ്ടുവന്നത്. ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കാൻ ചില മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ സമ്മതിച്ച, യുഎസ് മധ്യസ്ഥതയിലുള്ള കരാർ ആണിത്. യുഎഇ, ബഹ്‌റൈൻ, മൊറോക്കോ, സുഡാൻ, കസാക്കിസ്ഥാൻ തുടങ്ങിയ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളാണ് ഇതിനകം ഈ ഉടമ്പടിയുടെ ഭാഗമായിട്ടുള്ളത്. സൗദി അറേബ്യ, യുഎഇ, ഖത്തർ, പാകിസ്ഥാൻ, തുർക്കി, ഈജിപ്ത്, ജോർദാൻ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലെ ഭരണ നേതൃത്വവുമായി താൻ സംസാരിച്ചതായി ട്രംപ് തിങ്കളാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. മേഖലയിലെ സമാധാനത്തിനായി യുഎസ് നടത്തിയ ശ്രമങ്ങൾ കണക്കിലെടുത്ത് ഈ രാജ്യങ്ങളെല്ലാം ഒരേസമയം എബ്രഹാം ഉടമ്പടിയിൽ ഒപ്പുവെക്കണമെന്നാണ് ട്രംപിന്‍റെ പുതിയ ആവശ്യം.

ഈ ഉടമ്പടിയിൽ ഒപ്പിട്ട രാജ്യങ്ങൾക്ക് വലിയ സാമ്പത്തിക -സാമൂഹിക പുരോഗതിയാണ് ഉണ്ടായതെന്ന് ട്രംപ് അവകാശപ്പെട്ടു. ഉടമ്പടി വിപുലീകരണത്തിന് സൗദി അറേബ്യയും ഖത്തറും ഉടൻ ഒപ്പുവെച്ചുകൊണ്ട് തുടക്കം കുറിക്കണമെന്നും മറ്റ് രാജ്യങ്ങൾ അത് പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, പലസ്തീൻ പ്രശ്നത്തിന് വ്യക്തമായ 'ദ്വിരാഷ്ട്ര പരിഹാരം' ഉണ്ടായാൽ മാത്രമേ എബ്രഹാം ഉടമ്പടിയുടെ ഭാഗമാകൂ എന്ന് സൗദി നേരത്തെ ട്രംപിനെ അറിയിച്ചിരുന്നു. ഉടമ്പടിയുടെ ഭാഗമാകാൻ ഇറാനോടും ട്രംപ് ആവശ്യപ്പെട്ടു. ഒന്നുകിൽ എല്ലാവർക്കും ലാഭകരമായ വലിയൊരു കരാർ, അല്ലെങ്കിൽ വീണ്ടും ശക്തമായ യുദ്ധമുഖത്തേക്ക് എന്ന കടുത്ത മുന്നറിയിപ്പും ട്രംപ് നൽകുന്നു.

യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ യുഎസ് - ഇറാൻ സമാധാന കരാർ സംബന്ധിച്ച് ശുഭപ്രതീക്ഷ നൽകിയതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഈ പുതിയ നീക്കം. ദില്ലി സന്ദർശനത്തിനിടെ മാധ്യമങ്ങളോട് സംസാരിച്ച റൂബിയോ, മണിക്കൂറുകൾക്കകം ഒരു ശുഭവാർത്ത പ്രതീക്ഷാമെന്ന് പറഞ്ഞിരുന്നു. എന്നാൽ കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്ന പ്രചാരണങ്ങളെ ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഈൽ ബഗായി തള്ളി. വെടിനിർത്തൽ തുടരുകയാണെങ്കിലും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിൽ ഇറാന്റെ നിയന്ത്രണം തുടരുകയാണ്. ഇറാന്റെ തുറമുഖങ്ങൾ ഉപരോധിച്ച് യുഎസ് നാവികസേനയും രംഗത്തുണ്ട്. പുതിയ നിബന്ധനകൾ മിഡിൽ ഈസ്റ്റിലെ സമാധാന ചർച്ചകളെ എങ്ങനെ ബാധിക്കുമെന്നാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്.