'എനിക്ക് ചില പരിമിതികളുണ്ട്. അത് ഞാൻ നേരത്തേ തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. അതിപ്പോളും നിലനിൽക്കുന്നതാണ്. പക്ഷേ പാർട്ടി പറഞ്ഞാൽ...', മനസ്സ് തുറന്ന് ചാണ്ടി ഉമ്മൻ ഏഷ്യാനെറ്റ് ന്യൂസിനോട്.
കാസർകോട്: ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ. 70 ശതമാനം സീറ്റുകളെങ്കിലും യുഡിഎഫ് യുവാക്കൾക്കും പുതുമുഖങ്ങൾക്കും നൽകണം. മക്കൾ രാഷ്ട്രീയത്തിൽ തെറ്റില്ലെന്നും ചാണ്ടി ഉമ്മൻ കാസർകോട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
'എനിക്ക് ചില പരിമിതികളുണ്ട്. അത് ഞാൻ നേരത്തേ തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. അതിപ്പോളും നിലനിൽക്കുന്നതാണ്. പാർട്ടിയെന്നത് ഒരു കുടുംബത്തിന്‍റേത് മാത്രമല്ലല്ലോ, പല ആളുകൾ ചേർന്നിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ, പാർട്ടിയെന്ത് തീരുമാനിച്ചാലും എനിക്ക് പ്രശ്നമല്ല, ഞാനത് അനുസരിക്കും', ചാണ്ടി ഉമ്മൻ പറയുന്നു.
രാഷ്ട്രീയത്തിൽ പിൻഗാമിത്വമുണ്ടോ? മക്കൾ രാഷ്ട്രീയം ശരിയാണോ? ചാണ്ടി ഉമ്മന്‍റെ മറുപടിയിങ്ങനെ: ''രാഷ്ട്രീയത്തിൽ പിൻഗാമിത്വമില്ലെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. കഴിഞ്ഞ 21 വർഷമായി ഞാൻ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഞാനാദ്യമായി പ്രചാരണത്തിന് ഇറങ്ങിയത് 2000-ത്തിൽ പുതുപ്പള്ളി പഞ്ചായത്തിലാണ്. അതെന്‍റെ പഞ്ചായത്താണ്. അതിന് ശേഷം 12 തെരഞ്ഞെടുപ്പുകളിൽ ഞാൻ പ്രചാരണത്തിനിറങ്ങിയിട്ടുണ്ട്. പ്രവർത്തനം തുടരുക എന്നതാണ് എന്‍റെ പോളിസി. മകനോ മകളോ രാഷ്ട്രീയത്തിൽ വരുന്നത് കൊണ്ട് തെറ്റൊന്നുമില്ല. അവര് രാഷ്ട്രീയത്തിൽ പദവികൾ നേടാൻ അതൊരു ക്വാളിഫിക്കേഷനാകുന്നതാണ് തെറ്റ്. പക്ഷേ അതൊരു ഡിസ്ക്വാളിഫിക്കേഷനുമാകരുതല്ലോ'', എന്ന് ചാണ്ടി ഉമ്മൻ.