സംസ്ഥാനത്ത് പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ ആകെ 890 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളതെങ്കിലും പല സ്ഥാനാര്‍ത്ഥികളുടെയും അപര ഭീഷണി ഒഴിഞ്ഞില്ല. വിവിധ മണ്ഡലങ്ങളിൽ സ്ഥാനാര്‍ത്ഥികളുടെ പേരിന് സമാനമായ അപരന്മാര്‍ മത്സര രംഗത്തുണ്ട്.ബേപ്പൂര്‍ മണ്ഡലത്തിലെ പിവി അൻവറിനെതിരായാണ് ഏറ്റവും കൂടുതൽ അപരന്മാര്‍ മത്സര രംഗത്തുള്ളത്

തിരുവനന്തപുരം: സംസ്ഥാനത്ത് പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ ആകെ 890 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളതെങ്കിലും പല സ്ഥാനാര്‍ത്ഥികളുടെയും അപര ഭീഷണി ഒഴിഞ്ഞില്ല. വിവിധ മണ്ഡലങ്ങളിൽ സ്ഥാനാര്‍ത്ഥികളുടെ പേരിന് സമാനമായ അപരന്മാര്‍ മത്സര രംഗത്തുണ്ട്. ബേപ്പൂര്‍ മണ്ഡലത്തിലെ പിവി അൻവറിനെതിരായാണ് ഏറ്റവും കൂടുതൽ അപരന്മാര്‍ മത്സര രംഗത്തുള്ളത്. നാല് അപരന്മാരാണ് അൻവറിനെതിരെയുള്ളത്.അൻവറിന്റെ പേരിനോട് സാമ്യമുള്ളവർ പത്രിക നൽകിയതോടെ കടുത്ത മത്സരം നടക്കുന്ന മണ്ഡലത്തിൽ അത് വലിയ വെല്ലുവിളിയാകും.

തിരുവനന്തപുരം നേമത്തെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖരന് രാജീവ് കുമാർ ജി.എസ് എന്ന പേരിൽ അപരനുണ്ട്. ബ്രാഞ്ച് സെക്രട്ടറിയെ അപരനായി ഇറക്കി സിപിഎം തരംതാഴ്ന്ന രാഷ്ട്രീയം കളിക്കുന്നുവെന്നാണ് ബിജെപി ആരോപണം. കുട്ടനാട്ടിലെ യുഡിഎഫ് വിമതൻ സജി ജോസഫ് പത്രിക പിന്‍വലിച്ചു. മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർഥിയായി പത്രിക നൽകിയിരുന്ന കെ എം അഷ്റഫും പത്രിക പിൻവലിച്ചു. ഇതോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എകെഎം അഷ്റഫിന്‍റെ ഭീഷണിയൊഴിഞ്ഞു.യുഡിഎഫിന്‍റെയും മുസ്ലീം സംഘടകളുടെയും നിരന്തരമായ അഭ്യർഥന പ്രകാരമാണ് പത്രിക പിൻവലിച്ചതെന്ന് എസ്ഡിപിഐ വ്യക്തമാക്കി.

തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി സിപി ജോണിന് അപരഭീഷണി ഒഴിഞ്ഞു. എസ് ജോൺ എന്ന അപരൻ പത്രിക പിൻവലിച്ചു. 2011ൽ അപരൻ ജോൺ കൂടുതൽ വോട്ട് പിടിച്ചതോടെ 469 വോട്ടിന് സിപി ജോൺ കുന്നംകുളത്ത് തോറ്റിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി സുധീർ കരമനയുടെ അപരൻ സുധീർ രാജും പത്രിക പിൻവലിച്ചു.സിപി ജോണിന് കപ്പലും സുധീർ കരമനയ്ക്ക് ക്യാമറയുമാണ് ചിഹ്നം. കോവളത്തെ ഇടത് സ്വതന്ത്രൻ ഭഗത് റൂഫസിന് മുന്തിരി ചിഹ്നം അനുവദിച്ചു. നേമത്ത് രാജീവ് ചന്ദ്രശേഖറിന്‍റെ അപരൻ സിപിഎം പ്രാദേശിക നേതാവ് രാജീവ് കുമാർ പത്രിക പിൻവലിച്ചില്ല.തളിപ്പറമ്പിൽ കോൺഗ്രസ് വിമതൻ കൊയ്യം ജനാർദനൻ പത്രിക പിൻവലിച്ചില്ല. 

തളിപ്പറമ്പിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടികെ ഗോവിന്ദനെയാണ് യുഡിഎഫ് പിന്തുണക്കുന്നത്. തൃശൂരിൽ കോൺഗ്രസ് വിമതൻ ജയപ്രകാശ് പൂവത്തിങ്കൽ പത്രിക പിൻവലിച്ചത് യുഡിഎഫിന് ആശ്വാസമായി.ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർഥി പി.കെ ശശിക്കും അപരനുണ്ട്. ശശി പികെ എന്ന് പേരുള്ള ആളാണ് മത്സരിക്കുന്നത്. പേരിലെ ഇനീഷ്യലിൽ ആദ്യവും അവസാനവും ആണെന്ന വ്യത്യാസം മാത്രമാണ് ഇരുവരും തമ്മിലുള്ളത്. മണ്ണാർക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി എൻ ഷംസുദീന് മൂന്ന് അപരന്മാരുണ്ട്. ഷംസുദ്ദീൻ എടത്തനാട്ടുകര, ഷംസുദ്ദീൻ കർക്കിടാംകുന്ന് എന്നിവരാണ് ഷംസുദ്ദീനെതിരെ മത്സര രംഗത്തുള്ളത്.പട്ടാമ്പിയിൽ മുഹമ്മദ്‌ മുഹ്‌സിന് രണ്ട് അപരന്മാരുണ്ട്.

YouTube video player