ആർ സി അമല സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കണ്ണൂർ: കേരളത്തിന്റെ ഭാവി നിർണയിക്കുന്ന വോട്ടെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തിന് ഇടവേള ഉണ്ടാകരുതെന്നും വികസന തുടർച്ചയ്ക്ക് എൽഡിഎഫ് വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായി ആർ സി അമല സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കുടുംബത്തിനും നേതാക്കള്‍ക്കും ഒപ്പമാണ് മുഖ്യമന്ത്രി വോട്ട് ചെയ്യാനെത്തിയത്. അതിപ്രധാനമായ തെരഞ്ഞെടുപ്പാണ്. എൽഡിഎഫിന് മാത്രമേ പ്രതിബദ്ധതയോടെ നാടിന്റെ പുരോഗതിയെ മുന്നോട്ടുകൊണ്ടുപോകാനാകൂ. മറ്റേതെങ്കിലും കൂട്ടർക്ക് അതിന് കഴിയില്ല. പ്രതിസന്ധിക്കിടയിലും നാം മുന്നോട്ട് പോയി. വളരെ കൃത്യതയോടെ നാടിനെ മുന്നോട്ടു നയിക്കാൻ എൽഡിഎഫിന് കഴിഞ്ഞു.
എൽഡിഎഫിനെ പൊളിക്കാൻ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചത് കൊണ്ട് ഫലം ലഭിക്കില്ല. ജനങ്ങളെയാണ് ഞങ്ങൾ എപ്പോഴും വിശ്വസിക്കുന്നത്. ജനങ്ങൾ ഞങ്ങളെയും വിശ്വസിക്കുന്നു. കഴിഞ്ഞ പത്തുവർഷം ജനങ്ങളോടൊപ്പം ആണ് യാത്ര ചെയ്തത്. ആ യാത്രയാണ് ഈ തെരഞ്ഞെടുപ്പിലും തുടരേണ്ടത്. . 2021ൽ ലഭിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ ഇത്തവണ ജനങ്ങൾ എൽഡിഎഫിന് നൽകും. ഞങ്ങൾ ജനങ്ങളോടൊപ്പമാണ്. ജനങ്ങൾ ഞങ്ങളോടൊപ്പവും. എൽഡിഎഫ് പറഞ്ഞ നവകേരളം ഒരു സ്വപ്നമല്ല സാധ്യമാക്കാവുന്ന ഒരു പദ്ധതിയാണ്. അതിലേക്ക് നമുക്ക് നീങ്ങാം 2031 ലേക്കുള്ള കേരളം എങ്ങനെയാണ് നേരത്തെ തന്നെ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലക്കാട് പണം നൽകിയ സംഭവത്തിൽ, പൈസയുടെ കാര്യം വേറെ വർഗീയത വേറെയെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഈ രണ്ടു കാര്യങ്ങൾ കൊണ്ടും ആളുകളെ സ്വാധീനിക്കാൻ കഴിയില്ല. തെരഞ്ഞെടുപ്പിൽ രണ്ടു ജില്ലയൊഴികെ എല്ലായിടത്തും പോയതാണ്. അവിടെയുള്ള ജനങ്ങളെ നേരിട്ടു കണ്ടു. ആരെയാണോ ലക്ഷ്യമിടുന്നത് ആ കണ്ണിലെ, മുഖത്തെ തിളക്കം നേരിട്ട് അനുഭവിച്ചതാണ്. വർഗീയ പ്രചരണം കൊണ്ട് ഇല്ലാതാക്കാൻ കഴിയുനതല്ല. വി ഡി സതീശന്റെ രാഷ്ട്രീയ വനവാസ പരാമര്‍ശത്തിന്, വോട്ടിംഗ് കഴിഞ്ഞിട്ട് പറയാമെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. തെലുങ്കാന മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിവാദത്തിൽ അവരവർ തന്നെ പൂരിപ്പിക്കട്ടെയെന്നും കൂടുതൽ കാര്യം പിന്നീട് പറയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം ബി രാജേഷ്
എൽഡിഎഫ് വൻവിജയം നേടുമെന്ന് എം ബി രാജേഷ് പ്രതികരിച്ചു. കഴിഞ്ഞവർഷത്തേക്കാൾ അധികം സീറ്റുകൾ നേടി വീണ്ടും അധികാരത്തിൽ വരും. യുഡിഎഫിനെ ഭരണമേൽപ്പിക്കുന്ന കാര്യം ആലോചിക്കാൻ പോലും കേരളത്തിലെ ജനങ്ങൾക്ക് കഴിയില്ല. തുടക്കം മുതലേ താൻ പറഞ്ഞിരുന്നുവെന്നും തൃത്താല കംഫർട്ടബിൾ ആയി ജയിക്കുമെന്നും എം ബി രാജേഷ് പറഞ്ഞു. രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പറഞ്ഞ പ്രയോഗം അധിക്ഷേപമല്ലെന്നും എംബി രാജേഷ് പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞ ഡാഷ് യുഡിഎഫ് കാർ പൂരിപ്പിക്കുന്നതിന്റെ പ്രശ്നമാണെന്നും മുഖ്യമന്ത്രി നല്ല ഉദ്ദേശത്തോടുകൂടി ആകും അത് പറഞ്ഞതെന്നുമാണ് എം ബി രാജേഷിന്‍റെ വാക്കുകള്‍.



