മുസ്ലിം ലീഗിന്‍റെ നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടികയിൽ സജീവ പരിഗണനയിലുള്ളത് പത്തോളം പുതുമുഖങ്ങൾ. എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ.നവാസ് ഉൾപ്പെടെ ഒരുപറ്റംയുവനേതാക്കൾ ഇത്തവണ അങ്കം കുറിക്കാനാണ് സാധ്യത. 

മലപ്പുറം: മുസ്ലിം ലീഗിന്‍റെ നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടികയിൽ സജീവ പരിഗണനയിലുള്ളത് പത്തോളം പുതുമുഖങ്ങൾ. എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ.നവാസ് ഉൾപ്പെടെ ഒരുപറ്റം യുവനേതാക്കൾ ഇത്തവണ അങ്കം കുറിക്കാനാണ് സാധ്യത. നിയസഭയിലേക്ക് മികച്ച സ്ട്രൈക്ക് റേറ്റിലൊരു പച്ചപ്പടയെ കളത്തിലിറക്കാനാണ് ലീഗിന്‍റെ നീക്കം. ഇരുപതിൽ അധികം സീറ്റുകൾ ജയിച്ച് യുഡിഎഫിനെ അധികാരത്തിലേറ്റാൻ വിജയക്കോണി ചാരുകയാണ് ലക്ഷ്യം. തദ്ദേശപ്പോരിലെ വിജയപ്പെരുമ നിയമസഭയിലും ആവര്‍ത്തിക്കുന്നതിനായി ലീഗിന്‍റെ അണിയറയിൽ ഒരുക്കം സജീവമാണ്. സ്ഥാനാര്‍ത്ഥികൾ ആരാകണം, എന്താകണം മാനദണ്ഡം, പാര്‍ട്ടിയുടെ ചാലശക്തികൾ എന്നിവയെല്ലാം പാര്‍ട്ടി നേതൃത്വം ഇഴകീറി പരിശോധിക്കുകയാണ്. ഒന്നും പുറത്തുപോവാതെ നോക്കാൻ അതിലേറ ജാഗ്രത പുലര്‍ത്തുന്നുണ്ട്. 

സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലും പികെ കുഞ്ഞാലിക്കുട്ടിയടക്കമുള്ളവര്‍ ഒന്നും തുറന്നുപറയാതെയാണ് മറുപടി നൽകുന്നത്. ലീഗിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാണക്കാട് സാദിഖലി തങ്ങള്‍ പറയുമ്പോള്‍ അല്ലാതെ അറിയാൻ പോകുന്നില്ലെന്നാണ് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. പുതുമുഖങ്ങളിൽ ഒന്നാം പേര് എംഎസ്എഫ് സംസ്ഥാന പ്രസിഡൻ്റ് പി.കെ.നവാസിന്‍റേതാണ്. എംഎസ്എഫ് പ്രസിഡന്‍റുമാര്‍ക്ക് സീറ്റു കൊടുക്കൽ പതിവില്ല. എന്നാൽ, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെ പ്രകടനവും പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്നതിലെ മികവും നവാസിന് വാതിൽ തുറന്നേക്കും. ലീഗ് നാഷണൽ അസിസന്‍റ് സെക്രട്ടറി ഫൈസൽ ബാബു, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ടി.പി അഷ്റഫലി,ഓർഗനൈസിങ് സെക്രട്ടറി ഷിബു മീരാന്‍ എന്നിവരും പരിഗണനാ പട്ടികയിൽ മുന്നിലുണ്ട്. ആര്‍ക്കൊക്കെ ഷുവര്‍ സീറ്റുകൾ, വിയജസാധ്യതയുള്ളിടത്ത് ആരൊക്കെ എന്നിവയൊക്കെ കാത്തിരുന്നു കാണാമെന്നാണ് നേതാക്കള്‍ പറയുന്നത്. സിറ്റിങ് എംഎൽഎമാരിൽ ആരെയൊക്കെ മാറ്റിനിർത്തും എന്നതിനുസരിച്ചായിരിക്കും യുവതാരങ്ങളുടെ സാധ്യത. പാർട്ടി തോറ്റ താനൂർ മാത്രമാണ് ഓപ്പണ്‍ സീറ്റുള്ളത്.

നിയമസഭ സീറ്റുകളിലേക്ക് പരിഗണിക്കപ്പെടുമെന്ന് കരുതിയിരുന്ന വനിതാ നേതാക്കളായ നജ്മ തബ്ശീറയും ഫാത്തിമ തഹ്ലിയയും തദ്ദേശജനപ്രതിനിധികളായി. സീനിയോറിറ്റി പരിഗണിച്ചാണെങ്കിൽ വനിതാ അധ്യക്ഷ സുഹ്റ മമ്പാടും ദേശീയ അസി. സെക്രട്ടറി ജയന്തി രാജനും ജയിക്കാവുന്ന സീറ്റുകൾ പ്രതീക്ഷിക്കാം. കുന്ദമംഗലം, കോഴിക്കോട് സൗത്ത്, പേരാമ്പ്ര, കൂത്തുപറമ്പ്, സീറ്റുകളിൽ പുതുമുഖങ്ങള്‍ക്ക് നറുക്ക് വീണേക്കും. യുഡിഎഫ് സീറ്റ് വിഭജന ചർച്ച പൂർത്തിയായശേഷമാകും സ്ഥാനാർഥി നിർണയ ചർച്ചകൾ ലീഗ് സ്ഥിരീകരിക്കുക. 

YouTube video player