2020 സെപ്റ്റംബറില്‍ കേന്ദ്രം പാസാക്കിയ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണിതെന്ന് മാത്യ കുഴല്‍നാടനും, സബ്ജക്ട് കമ്മിറ്റി പരിഗണിക്കാത്ത ബില്ല് ജനാധിപത്യ വിരുദ്ധമാണെന്ന് കെ ബാബുവും ക്രമപ്രശനം ഉന്നയിച്ചു. 

തിരുവനന്തപുരം: കേരള സാംക്രമിക രോഗങ്ങള്‍ ബില്ല് നിയമസഭ പാസാക്കി. സാംക്രമിക രോഗങ്ങളുടെ നിയന്ത്രണവും പ്രതിരോധവും സംബന്ധിച്ച നിയമങ്ങള്‍ ഏകീകരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനുമുള്ള ബില്ലാണ് നിയമസഭ പാസാക്കിയത്. രോഗം പകരുന്നതിന് കാരണമായേക്കാവുന്ന ആഘോഷങ്ങളും, ആചാരങ്ങളും, പൊതു സ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലും വ്യക്തികള്‍ കൂട്ടം കൂടുന്നതും നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്. 

പുറത്തുനിന്നും സംസ്ഥാനത്ത് എത്തിയവരില്‍ രോഗബാധ സംശയിക്കുന്നവരെ പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടായിരിക്കും. ആവശ്യമെന്ന് കുരുതുന്നിടത്തോളം സംസ്ഥാന അതിര്‍ത്തി അടച്ചിടാം. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം വരെ തടവും 10000 രൂപ പിഴ ശിക്ഷയുമുണ്ടാകും. കേന്ദ്ര നിയമത്തിന്‍റെ പ്രാബല്ല്യം ഇല്ലാതാക്കുന്ന ബില്ലിന്, കോടതിയില്‍ തിരിച്ചടി നേരിട്ടേക്കാമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ മുന്നറിയിപ്പ് നല്‍കി.

2020 സെപ്റ്റംബറില്‍ കേന്ദ്രം പാസാക്കിയ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണിതെന്ന് മാത്യ കുഴല്‍നാടനും, സബ്ജക്ട് കമ്മിറ്റി പരിഗണിക്കാത്ത ബില്ല് ജനാധിപത്യ വിരുദ്ധമാണെന്ന് കെ ബാബുവും ക്രമപ്രശനം ഉന്നയിച്ചു. ചട്ടങ്ങളും കീഴ്വഴക്കങ്ങളും പരിശോധിച്ച ശേഷം ക്രമപ്രശനം നിലനില്‍ക്കുന്നതല്ലെന്ന് സ്പീക്കര്‍ റൂളിംഗ് നല്‍കി. ഐകകണ്ഠേനയാണ് സഭ ബില്ല് പാസാക്കിയത്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ഓര്‍ഡിനന്‍സ് കൊണ്ടുവന്നെങ്കിലും അവസാന സമ്മേളനത്തിലും ബില്ല് അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona