Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് മഴക്കെടുതിയിൽ 39 മരണമെന്ന് മുഖ്യമന്ത്രി സഭയിൽ; മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് സഭ പിരിഞ്ഞു

304 ക്യംപുകൾ പ്രവർത്തിക്കുന്നുണ്ട്. 213 വീടുകൾ പൂർണമായി തകർന്നു. 1393 വീടുകൾ ഭാഗികമായി തകർന്നു. കേരളത്തിന്റെ തിരാ ദുഖമാണിതെന്നും ദുരിത ബാധിതരെ സർക്കാർ കൈവിടില്ലെന്നും മുഖ്യമന്ത്രി സഭയിൽ ഉറപ്പ് നൽകി. 

Kerala assembly pays homage to citizens who lost life in heavy rain and other natural calamities in the state
Author
Trivandrum, First Published Oct 20, 2021, 9:28 AM IST

തിരുവനന്തപുരം: മഴക്കെടുതിയിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് കേരള നിയമസഭ പിരിഞ്ഞു. ഇനി സമ്മേളനം 25ആം തീയതി. എംഎൽഎമാർക്ക് അവരവരുടെ മണ്ഡലങ്ങളിൽ മഴക്കെടുതിയുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതുള്ളതിനിലാണ് സഭ സമ്മേളനം 25വരെ നിർത്തിവച്ചത്. ദുരിതം അനുഭവിക്കുന്നവരെ സർക്കാർ കൈവിടില്ലെന്ന് മുഖ്യമന്ത്രി സഭയിൽ ആവർത്തിച്ചു.

തുടർച്ചയായി പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോഴും കൃത്യമായ മുന്നറിയിപ്പ് സംവിധാനം പരാജയമാണെന്ന് പ്രതിപക്ഷം ആക്ഷേപിച്ചു. വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ദുരന്ത നിവാരണ സംവിധാനം മെച്ചപ്പെടുത്തണമെന്നും കെ ബാബു സഭയിൽ ആവശ്യപ്പെട്ടു. പശ്ചിമഘട്ടം സംരക്ഷിക്കുന്നതിൽ വിദ്ഗ്ധ സമിയുടെ നിർദ്ദേശം തേടി മാറ്റങ്ങൾ വരുത്തണം. ദുരന്തബാധിതർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും പ്രതിപക്ഷം നിർദ്ദേശിച്ചു. 

ഇരട്ട ന്യൂനമർദ്ദമാണ് സംസ്ഥാനത്ത് അതി തീവ്ര മഴ സൃഷ്ടിച്ചതെന്ന് പറഞ്ഞ മുഖ്യമന്ത്രി ദുരന്ത നിവാരണത്തിനായി വിവിധ വകുപ്പുകളുടെ ഏകോപിത പ്രവർത്തനം നടക്കുന്നതായി സഭയെ അറിയിച്ചു. എൻഡിആർഎഫിന്റെ 11 ടീം രംഗത്തുണ്ട്. കിഴക്കൻ കാറ്റിൻ്റെ സ്വാധീനം മൂലം വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമായേക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കുന്നുണ്ടെന്നും അറിയിച്ചു. 

മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇത് വരെ 39 പേർ മരിച്ചുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സഭയെ അറിയിച്ചത്. ആറ് പേരെ കാണാതായി. 304 ക്യംപുകൾ പ്രവർത്തിക്കുന്നുണ്ട്. 213 വീടുകൾ പൂർണമായി തകർന്നു. 1393 വീടുകൾ ഭാഗികമായി തകർന്നു. കേരളത്തിന്റെ തിരാ ദുഖമാണിതെന്നും ദുരിത ബാധിതരെ സർക്കാർ കൈവിടില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. 

Follow Us:
Download App:
  • android
  • ios