Asianet News MalayalamAsianet News Malayalam

വീണ്ടും നമ്പർ വണ്ണായി കേരളം; ചരിത്രത്തിലാദ്യമായി ഭിന്നശേഷി സൗഹൃദ രംഗത്തും ഒന്നാം സ്ഥാനം

  • ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിനും ശാക്തീകരണത്തിനും ഇവരെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിനും സംസ്ഥാനം നടത്തിയ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് അർഹമാക്കിയത്
  • ഡിസംബര്‍ മൂന്നിന് ലോക ഭിന്നശേഷി ദിനത്തില്‍ ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി അവാര്‍ഡ് സമ്മാനിക്കും
Kerala became best state in india for differently abled 2019
Author
Thiruvananthapuram, First Published Nov 15, 2019, 7:04 PM IST

തിരുവനന്തപുരം: ഭിന്നശേഷി രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ കേരളത്തെ 2019ലെ മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തു.  മന്ത്രി കെ.കെ. ശൈലജ ടീച്ചറാണ് ഇക്കാര്യം അറിയിച്ചത്. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിനും ശാക്തീകരണത്തിനും ഇവരെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിനും സംസ്ഥാനം നടത്തിയ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് അർഹമാക്കിയത്.

ഡിസംബര്‍ മൂന്നിന് ലോക ഭിന്നശേഷി ദിനത്തില്‍ ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി അവാര്‍ഡ് സമ്മാനിക്കും. ഈ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി നടപ്പിലാക്കി വരുന്ന നൂതന പദ്ധതികള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കേരളത്തില്‍ നിന്നും വിവിധ കാറ്റഗറികളിലായി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇതിന് മുമ്പ് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും മികച്ച സംസ്ഥാനത്തിനുള്ള അവാര്‍ഡ് ആദ്യമായാണ് ലഭിക്കുന്നത്. വകുപ്പിന്റെ മൊത്തം പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണീ അവാര്‍ഡെന്നും മന്ത്രി വ്യക്തമാക്കി.

സാമൂഹ്യനീതി വകുപ്പിന് കീഴില്‍ വിവിധ ഏജന്‍സികളായ ഭിന്നശേഷിക്കാരുടെ സംസ്ഥാന കമ്മീഷണറേറ്റ്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് & ഹിയറിംഗ്, കേരള സാമൂഹ്യസുരക്ഷാ മിഷന്‍, വികലാംഗക്ഷേമ കോര്‍പ്പറേഷന്‍, നിപ്മര്‍ തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങളിലൂടെ ഭിന്നശേഷിക്കാരുടെ വികസന പരിപാടികള്‍ ഏകോപിപ്പിച്ച് നടപ്പാക്കുന്നതിന് വകുപ്പിന് ഈ കാലയളവിൽ സാധിച്ചിട്ടുണ്ട്. ഇതിന് പുറമെ, ഭിന്നശേഷി മേഖലയിലെ സേവനം സമ്പൂര്‍ണതയിലെത്തിക്കുന്നതിനുള്ള മനുഷ്യവിഭവശേഷി രൂപീകരിക്കുന്നതിനും നിഷ് മുഖേന നടത്തുന്ന വിവിധ കോഴ്‌സുകള്‍ മുഖേന സാധ്യമായതും പരിഗണിച്ചാണ് ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.

Follow Us:
Download App:
  • android
  • ios