Asianet News MalayalamAsianet News Malayalam

കേരളം യൂറോപ്പിനേക്കാൾ മികച്ചത്; ഇനിയും വരുമെന്ന് കൊവിഡ് ഭേദമായ ഇറ്റാലിയൻ പൗരൻ

കൊവിഡ് രോഗം സ്ഥിരീകരിച്ച് കേരളത്തിൽ ചികിത്സയിൽ കഴിഞ്ഞ റോബർട്ടോ ടൊണെസോ എന്ന 57 കാരനാണ് കേരളത്തെ യൂറോപ്പിനേക്കാൾ മികച്ച ആരോഗ്യസംവിധാനമുള്ള നാടായി പ്രകീർത്തിച്ചത്

Kerala better than europe in fighting covid says Italian Roberto Tonesso
Author
Thiruvananthapuram, First Published Apr 20, 2020, 11:26 AM IST

തിരുവനന്തപുരം: ലോകം ഭീതിയോടെ നേരിട്ട മഹാമാരിയുടെ പിടിയിൽ നിന്നും തന്നെ രക്ഷിച്ച കേരളത്തിലെ ആരോഗ്യ പ്രവർത്തകരോട് നന്ദി അറിയിച്ച് ഇറ്റാലിയൻ പൗരൻ. കൊവിഡ് രോഗം സ്ഥിരീകരിച്ച് കേരളത്തിൽ ചികിത്സയിൽ കഴിഞ്ഞ റോബർട്ടോ ടൊണെസോ എന്ന 57 കാരനാണ് കേരളത്തെ യൂറോപ്പിനേക്കാൾ മികച്ച ആരോഗ്യസംവിധാനമുള്ള നാടായി പ്രകീർത്തിച്ചത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ കൊവിഡിനെ യൂറോപ്പിനേക്കാൾ നന്നായി നേരിട്ടത് കേരളമാണ്. ഇവിടമാണ് കൂടുതൽ സുരക്ഷിതം. എന്നാൽ ഇറ്റലിയിലേക്ക് പോയേ തീരൂ എന്നതിനാലാണ് ഞാൻ മടങ്ങുന്നത്. എന്റെ നാട് ഉൾപ്പെടുന്ന വടക്കൻ ഇറ്റലിയിൽ ലോക്ക് ഡൗണാണ്.  ഇനിയും കേരളത്തിലേക്ക് വരുമെന്നും റോബർട്ടോ ടൊണെസ്സോ പറഞ്ഞു.

ഫെബ്രുവരി 27 ന് തിരുവനന്തപുരത്തെത്തിയ റോബർട്ടോ ടൊണെസോ വർക്കലയിലാണ് താമസിച്ചിരുന്നത്. ഇദ്ദേഹം നിരവധി ഇടത്ത് പോയിരുന്നെങ്കിലും ആർക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരുന്നില്ല. രോഗ ലക്ഷണങ്ങളോടെ മാർച്ച് അഞ്ചാം തീയതിയാണ് ഇദ്ദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. അതിന് ശേഷം ഓട്ടോയിൽ ഇദ്ദേഹം റിസോര്‍ട്ടിലേക്ക് മടങ്ങുകയായിരുന്നു. 

കഴിഞ്ഞ 26ന് തന്നെ നെഗറ്റീവ് ആയിരുന്നുവെങ്കിലും ബാക്കി നിരീക്ഷണ കാലാവധി കൂടി കഴിഞ്ഞ് 38 ദിവസം കഴിഞ്ഞാണ് ഇയാൾ പുറത്തേക്ക് വരുന്നത്. റോബർട്ടോ ടൊണേസോയെ യാത്രയാക്കാൻ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുതൽ ജില്ലാ കളക്ടറും ആരോഗ്യപ്രവർത്തകരും വരെയുണ്ടായിരുന്നു. ഇതിനിടെ വീഡിയോ കോളിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജയുമെത്തി.

ചികിത്സയിലും പരിചരണത്തിലും അതീവ സന്തുഷ്ടനായാണ് റോബർടോ ടൊണേസോ കേരളം വിടുന്നത്. അതേസമയം ഇറ്റലിയിലെ സാഹചര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ വികാരാധീനനായി. ഫെബ്രുവരി 27ന് കേരളത്തിലെത്തിയ റോബർടോ ടൊണേസോയെ മാർച്ച് 13നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വർക്കലയിൽ നിരവധി പേരുമായി ഇടപെട്ട ഇദ്ദേഹത്തിന്റെ റൂട്മാപ്പ് കണ്ടെത്താൻ പോലും ബുദ്ധിമുട്ടി. പക്ഷെ പിന്നീട് ഇയാളുമായി ഇടപെട്ട എല്ലാവരുടെ പരിശോധനാ ഫലം നെഗറ്റീവായി. പിന്നാലെ ടൊണേസക്കും രോഗമുക്തി.

Follow Us:
Download App:
  • android
  • ios