തിരുവനന്തപുരം: തലസ്ഥാനത്തെ ബെവ്കോ ജീവനക്കാരി കൊവിഡ് 19 നിരീക്ഷണത്തിൽ. പനി ബാധിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. എന്നാൽ കൊവിഡ് ബാധയാണെന്ന സംശയത്തെ തുടർന്ന് ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. ഇവരുടെ സ്രവ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.

സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് വ്യാപനം തടയാൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ അവൈലബിൾ കാബിനറ്റ് യോഗം നടക്കുന്നുണ്ട്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ബെവ്കോ ഔട്‌ലെറ്റുകൾ അടച്ചിടേണ്ടതുണ്ടോ എന്ന കാര്യത്തിൽ ഈ യോഗത്തിൽ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. തലസ്ഥാനത്തുള്ള മന്ത്രിമാർ മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. അതേസമയം കാസർകോടും പത്തനംതിട്ടയിലും കൂടുതൽ ഐസൊലേഷൻ സെന്ററുകൾ തുറക്കാൻ തീരുമാനമായിട്ടുണ്ട്. 

പത്തനംതിട്ടിയിൽ ഒരാൾക്കൂടി ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. കാനഡയിൽ നിന്നെത്തിയ ആളാണ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ഐസൊലേഷൻ കേന്ദ്രങ്ങൾ തുറക്കാൻ ജില്ലാ കളക്ടർ പിബി നൂഹ് നിർദ്ദേശം നൽകിയിട്ടുണ്ട്.

കാസർകോട് നിരോധനാജ്ഞ തുടരുകയാണ്. ഇതിൽ ഒരു ഇളവും ഉണ്ടാകില്ലെന്ന് കളക്ടർ സജിത് ബാബു അറിയിച്ചു. വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. ജില്ലയിൽ 44 ഐസൊലേഷൻ വാർഡുകളും കൊവിഡ് സെന്ററുകളും തുടങ്ങും. ഇവ ഉടൻ പ്രവർത്തനം ആരംഭിക്കും. എല്ലാ പഞ്ചായത്തുകളിലും മുൻസിപാലിറ്റികളിലും കൊവിഡ് ഐസൊലേഷൻ കേന്ദ്രങ്ങൾ തുറക്കും.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക