തിരുവനന്തപുരം: നാളെ ചേരാനിരുന്ന സംസ്ഥാന ബിജെപി കോർ കമ്മിറ്റി യോഗം മാറ്റിവച്ചു. നേതാക്കൾക്കിടയിലെ ഭിന്നത രൂക്ഷമായതിനെ തുടർന്നാണിതെന്നാണ് വിവരം. അഖിലേന്ത്യാ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷായിരുന്നു യോഗം വിളിച്ചത്.

ആർഎസ്എസിന്റെ കടുത്ത എതിർപ്പാണ് പ്രധാന കാരണം. ബിഎൽ സന്തോഷുമായി ചർച്ചയ്ക്കില്ലെന്ന് ആർഎസ്എസ് നിലപാടെടുത്തു. വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനെ ഒഴിവാക്കിയതാണ് എതിർപ്പിന്റെ പ്രധാന കാരണമായത്. 

പിഎസ് ശ്രീധരൻ പിള്ള മിസോറാം ഗവർണ്ണറായതോടെ സംസ്ഥാനത്ത് ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. പുതിയ പ്രസിഡന്റിനെ കണ്ടെത്താനായിരുന്നു നാളെ യോഗം വിളിച്ചത്. എന്നാൽ ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ യോഗം മാറ്റിവയ്ക്കുകയായിരുന്നു.

വട്ടിയൂർക്കാവിൽ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ രണ്ടാം സ്ഥാനത്തായിരുന്നു ബിജെപി. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ കാൽ ലക്ഷത്തോളം വോട്ട് കുറഞ്ഞ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോയി. മൂന്നാം സ്ഥാനത്തായിരുന്ന ഇടതുമുന്നണി മണ്ഡലത്തിൽ വികെ പ്രശാന്തിലൂടെ അട്ടിമറി വിജയമാണ് നേടിയത്. 14000ത്തിലേറെ വോട്ടിന്റെ ലീഡ് മണ്ഡലത്തിൽ വികെ പ്രശാന്ത് നേടി.

മണ്ഡലത്തിൽ കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു ആർഎസ്എസ് നിലപാട്. എന്നാൽ കുമ്മനത്തിന്റെ പേര് അവസാന നിമിഷം ബിജെപി നേതൃത്വം ഒഴിവാക്കി. പകരം അഡ്വ എസ് സുരേഷിനെയാണ് രംഗത്തിറക്കിയത്. ഇദ്ദേഹത്തിന് പ്രതീക്ഷിച്ച മുന്നേറ്റം മണ്ഡലത്തിൽ ഉണ്ടാക്കാനായില്ല. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ആർഎസ്എസിനുണ്ടായ അതൃപ്തി പ്രചാരണത്തിലും പ്രകടമായിരുന്നു. എസ് സുരേഷിന് വേണ്ടി വോട്ടഭ്യർത്ഥിക്കാൻ ആർഎസ്എസ് രംഗത്തിറങ്ങിയിരുന്നില്ല.