തിരുവനന്തപുരം: എപി അബ്ദുള്ളക്കുട്ടിയെ ബിജെപി ദേശീയ ഉപാധ്യക്ഷനാക്കിയതിൽ  ഭിന്നതയില്ലെന്ന് ആണയിട്ട് കേരളത്തിലെ നേതാക്കൾ.  സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് തീരുമാനമെന്ന് കെ സുരേന്ദ്രനും ന്യൂപക്ഷങ്ങളിലേക്കുള്ള പാലമാണ് അബ്ദുള്ളക്കുട്ടിയെന്ന് എംടി രമേശും പ്രതികരിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിമാറാൻ തയ്യാറുള്ളവരെ ലക്ഷ്യംവച്ചുള്ള നീക്കമാണ് അബ്ദുള്ളക്കുട്ടിയുടെ നിയമനത്തിലൂടെ കേന്ദ്ര നേതൃത്വം നടത്തിയത്.

കുമ്മനം രാജശേഖരൻ, ശോഭ സുരേന്ദ്രൻ തുടങ്ങിയ മുതിർന്ന നേതാക്കളെ അവഗണിച്ച്  അബ്ദുള്ളക്കുട്ടിയെ ദേശീയ നേതൃത്വത്തിലേക്ക് ഉയർത്തിയതിൽ ഗ്രൂപ്പുകൾക്ക് അതീതമായ വികാരമാണ് കേരള ബിജെപിയിലുള്ളത്. പക്ഷെ പരസ്യപ്രതികരണം ഉചിതമാകില്ലെന്ന് നേതാക്കൾ കരുതുന്നു. അവഗണിച്ചു എന്നു പറയുന്നവരെ പാർട്ടി പരിഗണിക്കുന്നത് കാത്തിരുന്നു കാണൂ എന്നായിരുന്നു സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം.

അബ്ദുള്ളക്കുട്ടി യോഗ്യനെന്ന് കുമ്മനം പറയുമ്പോൾ ന്യൂന പക്ഷങ്ങൾക്ക് ബിജെപിയിൽ വലിയ സ്ഥാനമുണ്ടെന്ന് അബ്ദുള്ളക്കുട്ടിയുടെ സ്ഥാനലബ്ധി തെളിയിച്ചു എന്നാണ് എം ടി രമേശ് പ്രതികരിച്ചത്. ന്യൂനപക്ഷങ്ങൾക്ക് മോദി സർക്കാരിലേക്കുള്ള പാലമാണ് അബുള്ളക്കുട്ടി.  ഇത് കൂടുതൽ ന്യൂനപക്ഷങ്ങളെ ബിജെപിയിലേക്ക് അടുപ്പിക്കും. വീട്ടിലേക്ക് കയറി വരുന്നവരെ കസേര ഇട്ട് സ്വീകരിക്കന്നതാണ് ബിജെപിയുടെ രീതിയെന്നും എം ടി രമേശ് പറഞ്ഞു.

അതേസമയം, കേരളത്തിന്റെ അക്കൗണ്ടിലാണ് തന്റെ നേട്ടം എന്നുപറഞ്ഞ് വിവാദത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനാണ് അബ്ദുള്ളക്കുട്ടിയുടെ ശ്രമം. കേന്ദ്രത്തിൽ അധികാരം ഉണ്ടായിട്ടും കേരളത്തിൽ നേട്ടം ഉണ്ടാക്കാനാകാത്തത് സംസ്ഥാന നേതാക്കളുടെ പിടിപ്പുകേടാണെന്നാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തൽ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി മാറിയെത്തുന്നവരെ ആകർഷിക്കാൻ അബ്ദുള്ളക്കുട്ടി അനുഭവം എടുത്തുകാട്ടാം എന്നാണ് ആലോചന. ഒപ്പം മുസ്ലിംവിരുദ്ധ പാർട്ടിയെന്ന വിമർശത്തിന് ദേശീയ തലത്തിലും പ്രതിരോധം തീർക്കാമെന്നും പാർട്ടി കണക്കുകൂട്ടുന്നു.