തട്ടിപ്പ് പുറത്തുവന്നതോടെ ഒളിവില്‍ പോയ ഗോപിനാഥന്‍ നായരെ കൊട്ടാരക്കരയില്‍ വെച്ചാണ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പിടികൂടിയത്. സംഘം സെക്രട്ടറി പ്രദീപിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്സ് സഹകരണ സംഘത്തില്‍ നിന്ന് 200 കോടിയുടെ വെട്ടിപ്പ് നടത്തിയ സംഭവത്തിലെ പ്രധാന പ്രതിയെ ക്രൈം ബ്രാഞ്ച് പിടികൂടി. ഒളിവില്‍ കഴിഞ്ഞ സൊസൈറ്റി പ്രസിഡണ്ട് ഗോപിനാഥന്‍ നായരാണ് പിടിയിലായത്.

തട്ടിപ്പ് പുറത്തുവന്നതോടെ ഒളിവില്‍ പോയ ഗോപിനാഥന്‍ നായരെ കൊട്ടാരക്കരയില്‍ വെച്ചാണ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പിടികൂടിയത്. സംഘം സെക്രട്ടറി പ്രദീപിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഗോപിയ്ക്കൊപ്പം ഒളിവില്‍ പോയ മറ്റൊരു പ്രധാന പ്രതിയും സംഘം ജീവനക്കാരനുമായ രാജീവ് ഇപ്പോഴും ഒളിവിലാണ്. തിരുവനന്തപുരം നഗരമധ്യത്തിലെ സഹകരണ സംഘത്തില്‍ ബിഎസ്എന്‍എല്ലില്‍ നിന്ന് സ്വയം വിരമിച്ചവരാണ് കൂടുതലും നിക്ഷേപിച്ചത്. രണ്ട് കോടി രൂപവരെ നിക്ഷേപിച്ചവരും ഉണ്ട്. നിക്ഷേപകരുടെ പേരില്‍ അവരറിയാതെ ലക്ഷങ്ങളാണ് പ്രതികള്‍ വായ്പ എടുത്തത്. നിക്ഷേപിച്ച തുക രജിസ്റ്ററില്‍ കാണിക്കാതെ തട്ടിയെടുക്കുകയും ചെയ്തു. 

മുപ്പത് വര്‍ഷത്തോളം പാരമ്പര്യമുള്ള സഹകരണ സംഘത്തില്‍ ഗോപിനാഥന്‍ നായരോടുള്ള വിശ്വാസ്യതയാണ് പലര്‍ക്കും പ്രശ്നമായത്. പലര്‍ക്കും നിക്ഷേപിച്ച തുക കിട്ടാതായതോടെയാണ് ഇക്കഴിഞ്ഞ നവംബര്‍ 25 ന് ഏഷ്യാനെറ്റ്ന്യൂസ് ഈ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. ഗോപിനാഥന്‍ നായരും ജീവനക്കാരനായ രാജീവും റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിലാണ് പ്രധാനമായും പണം നിക്ഷേപിച്ചത്. ഇതില്‍ പലതും തിരിച്ചുപിടിക്കാനുള്ള നീക്കവും സഹകരണ വകുപ്പ് തുടങ്ങിയിട്ടുണ്ട്. ഷോപ്പിംഗ് കോംപ്ലക്സുകളും വീടുകളും ഭൂമിയും സ്വകാര്യ ധനകാര്യ സ്ഥാപനവുമടക്കം കോടികളുടെ സമ്പാദ്യമാണ് ഇരുവരും ഉണ്ടാക്കിയത്. ബിഎസ്എന്‍എല്ലില്‍ വിരമിക്കും വരെ ജോലി ചെയ്ത് ഉണ്ടാക്കിയ ആകെയുള്ള സമ്പാദ്യമാണ് പലരുടെയും നഷ്ടമായത്.