Asianet News MalayalamAsianet News Malayalam

സ്മാര്‍ട്ടാകാന്‍ കേരളം; അതിവേഗ ഇന്റ‌ർനെറ്റ് സേവനം കെ-ഫോൺ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

ലോകോത്തര നിലവാരത്തിലുള്ള അതിവേഗ ഇന്റ‌ർനെറ്റ് സേവനം എല്ലാവർക്കും ലഭ്യമാക്കുകയാണ് കെ ഫോണിലൂടെ സ‌ർക്കാ‌ർ വിഭാവനം ചെയ്യുന്നത്

kerala Cabinet approves K-phone project
Author
Thiruvananthapuram, First Published Nov 7, 2019, 6:54 AM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ കെ-ഫോൺ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. രണ്ടായിരത്തി ഇരുപത്തിയൊന്നോട് കൂടി കെ ഫോൺ പദ്ധതി യാഥാ‌‌ർത്ഥ്യമാക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. ലോകോത്തര നിലവാരത്തിലുള്ള അതിവേഗ ഇന്റ‌ർനെറ്റ് സേവനം എല്ലാവർക്കും ലഭ്യമാക്കുകയാണ് കെ ഫോണിലൂടെ സ‌ർക്കാ‌ർ വിഭാവനം ചെയ്യുന്നത്. പദ്ധതിക്ക് 1548 കോടിരൂപയുടെ ഭരണാനുമതി മന്ത്രിസഭാ യോഗം നൽകി.

സംസ്ഥാനത്ത് ഉടനീളം ശക്തവും വേഗമേറിയതുമായ ഇന്‍റർനെറ്റ് സൗകര്യം, 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റ‌ർനെറ്റ് ഇതായിരുന്നു ഒരു വർഷം മുമ്പ് കെ ഫോൺ പദ്ധതി പ്രഖ്യാപിക്കുമ്പോൾ സർക്കാ‌രിന്‍റെ ഉദ്ദേശ്യം. 54,000 കിലോമീറ്റർ ലോകോത്തര നിലവാരത്തിലുള്ള ഒപ്ടിക്കൽ ഫൈബ‌ർ ശൃംഖലയാണ് കെ ഫോൺ യാഥാ‌ർത്ഥ്യമാക്കുക. ഇത് വഴി 10 എംബിപിഎസ് മുതൽ ഒരു ജിബിപിഎസ് വേഗത്തിൽ വിവരങ്ങൾ അയക്കാന്‍ സാധിക്കും. എന്നാൽ കെ ഫോൺ ഇൻറര്‍നെറ്റ് സേവന ദാതാവല്ല, മറ്റ് സേവനദാതാക്കൾക്ക് ഉപയോഗപ്പെടുത്താവുന്ന അടിസ്ഥാന സംവിധാനമാണ്.

കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റ‍ഡും കെഎസ്ഇബിയും ചേർന്നാണ് പദ്ധതി യാഥാ‌‌ർത്ഥ്യമാക്കുന്നത്. കെഎസ്ഇബിയുടെ പ്രസരണ ശൃംഖലക്കൊപ്പമാണ് പുതിയ ഫൈബ‌ർ നെറ്റ്‍വ‌ർക്കും സ്ഥാപിക്കുക. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനാണ് പദ്ധതിക്ക് വേണ്ട നി‌ർമ്മാണ പ്രവർത്തനങ്ങൾ നടത്താനുള്ള കരാ‌ർ.  താൽപര്യമുള്ള ഏതൊരു സേവനദേതാവിനും പദ്ധതിയിൽ ഭാഗമാകാം, ഏതെങ്കിലും ഒരു സേവനദാതാവിനായി മാത്രം കെ ഫോണിന്റെ സൗകര്യങ്ങൾ പരിമിതപ്പെടുത്തി നൽകില്ലെന്നും ഐടി സെക്രട്ടറി പറഞ്ഞു.

Follow Us:
Download App:
  • android
  • ios