Asianet News MalayalamAsianet News Malayalam

കേരളം ഒറ്റ നഗരമായി കണക്കാക്കി വികസനം: അര്‍ബൻ കമ്മീഷന് അംഗീകാരം നൽകി മന്ത്രിസഭാ യോഗം

അന്താരാഷ്ട്ര തലത്തിലെ വിദദ്ധരടങ്ങുന്ന കമ്മീഷൻ രൂപീകരിക്കാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലെ തീരുമാനം

Kerala cabinet forms urban commission to change state into one big city kgn
Author
First Published Dec 20, 2023, 11:28 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അർബൻ കമ്മീഷന് അംഗീകാരം നൽകി മന്ത്രിസഭായോഗം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അന്താരാഷ്ട്ര തലത്തിലെ വിദദ്ധരടങ്ങുന്ന കമ്മീഷൻ രൂപീകരിക്കാൻ തീരുമാനിച്ചത്. 2030 ഓടെ കേരളം ഒറ്റ നഗരമെന്ന നിലയിലേക്ക് മാറ്റിയെടുക്കാൻ സാധിക്കുന്ന തരത്തിലുള്ള വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് അര്‍ബൻ കമ്മീഷന്റെ ചുമതല. ഈ കമ്മീഷനിൽ 13 അംഗങ്ങളാണ് ഉണ്ടാവുക.

ഈ മേഖലയിലെ വിദഗ്ദ്ധനായ   ഡോ. എം. സതീഷ് കുമാര്‍ ആയിരിക്കും കമ്മിഷന്‍ അദ്ധ്യക്ഷന്‍. യു.കെ യിലെ  ബെല്‍ഫാസ്റ്റ്  ക്വീന്‍സ് യൂണിവേഴ്സിറ്റിയില്‍ സീനിയര്‍ അസ്സോഷിയേറ്റ് പ്രൊഫസര്‍ ആണ് ഇദ്ദേഹം. സഹ അധ്യക്ഷരായി കൊച്ചി മേയര്‍ അഡ്വ. എം. അനില്‍ കുമാർ, അഹമ്മദാബാദ് സെപ്റ്റ് മുന്‍ അധ്യാപകനും നഗരാസൂത്രണ വിദഗ്ദ്ധനുമായ ഡോ.ഇ.നാരായണന്‍ എന്നിവരെയാണ് തീരുമാനിച്ചിട്ടുള്ളത്. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മെമ്പർ സെക്രട്ടറിയാവും. സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തന പരിചയമുള്ള ഡോ ജാനകി നായർ, കൃഷ്ണദാസ്(ഗുരുവായൂർ), ഡോ കെ എസ ജെയിൻസ്, വി സുരേഷ്, ഹിതേഷ് വൈദ്യ, ഡോ. അശോക് കുമാർ, ഡോ. വൈ വി എൻ കൃഷ്ണമൂർത്തി, പ്രൊ. കെ ടി രവീന്ദ്രൻ, തെക്കിന്ദർ സിങ് പൻവാർ എന്നീ വിദഗ്ദ്ധ അംഗങ്ങൾ ചേർന്നതാണ് കമ്മീഷൻ. 

ഒരു വര്‍ഷത്തെ പ്രവര്‍ത്തന കാലാവധിയാണ് കമ്മീഷനുള്ളത്. കിലയുടെ നഗരഭരണ പഠന കേന്ദ്രമായിരിക്കും കമ്മീഷന്‍  സെക്രട്ടറിയേറ്റായി പ്രവര്‍ത്തിക്കുന്നത്. ഇതിനായി ഒരു നഗര നയ സെല്‍  രൂപീകരിക്കും. ലോകത്തെ  വിവിധ നഗരങ്ങളില്‍ പരന്നു കിടക്കുന്ന സമൂഹം എന്ന നിലയില്‍ ആഗോളമായി ബന്ധപ്പെട്ട് കിടക്കുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം നഗരവല്‍ക്കരണത്തെ കുറിച്ചുള്ള ആഗോള കാഴ്ചപ്പാട് വികസിപ്പിക്കുന്നതിന് കമ്മിഷന്‍ പ്രവര്‍ത്തനം സഹായകമാവും. കാലാവസ്ഥാ വ്യതിയാനം ഏറ്റവും ശക്തമായി ബാധിച്ച സംസ്ഥാനം എന്ന നിലയിലും അതീവ സങ്കീര്‍ണമായ നഗരവല്‍ക്കരണ പ്രക്രിയയ്ക്ക് വിധേയമാവുന്ന  പ്രദേശം എന്ന നിലയിലും കേരളത്തിന്റെ നഗരവല്‍ക്കരണത്തിന്റെ വിവിധ വശങ്ങള്‍ മനസ്സിലാക്കുന്നതിന് ഇതിലൂടെ കഴിയും. 

കേരളത്തിന്റെ അടുത്ത 25 വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്   വഴിതെളിക്കാന്‍ സഹായിക്കുന്ന വിധത്തില്‍ കമ്മീഷന്റെ കണ്ടെത്തലുകളും ശുപാര്‍ശകളും ഉപയോഗിക്കാന്‍ കഴിയുമെന്നാണ് പ്രതീഷിക്കുന്നത്. നഗര നയം രൂപീകരിക്കുന്നതിന് സാമ്പത്തികമായ പിന്തുണ നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍   റീ ബില്‍ഡ് കേരള, ജര്‍മ്മന്‍ വികസന ബാങ്കായ കെ. എഫ് ഡബ്ള്യു വുമായി ബന്ധപ്പെട്ട പദ്ധതി, കേരള ഖരമാലിന്യ പരിപാലന പദ്ധതി, അമൃത് എന്നീ പദ്ധതികളില്‍ ഉണ്ട്.  പുതിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കാത്ത വിധത്തില്‍ കമ്മീഷന്റെ പ്രവര്‍ത്തനത്തിന്  ഇത്തരം ഏജന്‍സികള്‍ ഈയാവശ്യത്തിനായി നീക്കി വച്ചിട്ടുള്ള ഗ്രാന്‍റ് ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.

2035 ഓടെ 92.8 ശതമാനത്തിന് മുകളില്‍  നഗരവല്‍ക്കരിക്കപ്പെട്ട സംസ്ഥനമായി കേരളം മാറുമെന്നാണ് ദേശീയ ജനസംഖ്യാ കമ്മിഷന്‍ വിലയിരുത്തല്‍. കേന്ദ്ര സര്‍ക്കാര്‍ കരട് നഗര നയത്തിന്‍റെ ചട്ടക്കൂട്  2018ല്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. നഗര വികസനം സംസ്ഥാന വിഷയമായതിനാല്‍ ഓരോ സംസ്ഥാനവും പ്രത്യേകമായി നഗര നയം പ്രസിദ്ധപ്പെടുത്തണമെന്ന് ഈ റിപോര്‍ട്ട് ശുപാര്‍ശ ചെയ്തു. അര്‍ബന്‍ കമ്മീഷന്‍ രൂപീകരിക്കുന്നതിലൂടെ ആദ്യമായി സ്വന്തം നഗര നയം രൂപീകരിക്കുന്ന സംസ്ഥാനമായി   കേരളം മാറും.

ഏഷ്യാനെറ്റ് ന്യൂസ്

Latest Videos
Follow Us:
Download App:
  • android
  • ios