Asianet News MalayalamAsianet News Malayalam

മന്ത്രിസ്ഥാനം: എൽജെഡിയുടെയും തോമസിന്റെയും ആവശ്യം നടക്കില്ല; ഉറപ്പിച്ച് ഗണേഷും കടന്നപ്പള്ളിയും

കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രി പദവി മുൻ നിശ്ചയിച്ച പ്രകാരം ലഭിക്കും

Kerala cabinet revamp LJD demand for ministership will be rejected kgn
Author
First Published Sep 16, 2023, 7:03 AM IST

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭ രണ്ടര വർഷം പൂർത്തിയാക്കുന്ന സാഹചര്യത്തിൽ പുനഃസംഘടിപ്പിക്കുമ്പോൾ കെബി ഗണേഷ് കുമാറിനും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസ്ഥാനം ലഭിക്കും. എന്നാൽ മന്ത്രിസ്ഥാനം വേണമെന്ന എൽജെഡിയുടെയും എൻസിപി അംഗം തോമസ് കെ തോമസിന്റെയും ആവശ്യം തള്ളിക്കളയും. മന്ത്രിമാരുടെ എണ്ണം കൂട്ടാനാകില്ലെന്ന നിലപാടിലാണ് എൽഡിഎഫ്. ഇക്കാര്യം മുന്നണി യോഗത്തിൽ വിശദീകരിക്കും.

കോവൂർ കുഞ്ഞുമോന്റെ ആവശ്യവും പരിഗണിക്കില്ല. 2021 ലെ തെരഞ്ഞെടുപ്പ് ധാരണ പ്രകാരമുള്ള മാറ്റം മാത്രം മതിയെന്ന നിലപാടിലാണ് എൽഡിഎഫ്. പ്രായോഗിക പ്രശ്നം എൽജെഡിയെ അറിയിക്കും. അതിനിടെ കൃഷ്ണൻകുട്ടിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാനുള്ള ജെഡിഎസിലെ നീക്കവും ഫലം കാണില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മാറ്റം വേണ്ടെന്ന നിലപാടിനാണ് ജെഡിഎസിൽ മുൻതൂക്കം. മന്ത്രിയാകണമെന്ന തോമസ് കെ തോമസിന്റെ ആഗ്രഹത്തിന് എൻസിപി സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയില്ല. എകെ ശശീന്ദ്രൻ തുടരട്ടെയെന്നാണ് എൻസിപി നിലപാട്.

കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രി പദവി മുൻ നിശ്ചയിച്ച പ്രകാരം ലഭിക്കും. സോളാർ കേസിൽ കോടതി ഇടപെടൽ ഉണ്ടെങ്കിൽ മാത്രം ഗണേഷിന്റെ കാര്യത്തിൽ പുനരാലോചന നടത്തിയാൽ മതിയെന്നാണ് ഇടതുമുന്നണി നേതൃത്വത്തിലും സിപിഎം നേതൃത്വത്തിലും ഉണ്ടായിരിക്കുന്ന ധാരണ.

Asianet News | Nipah Virus | Nipah Virus Kerala | Asianet News Live

Follow Us:
Download App:
  • android
  • ios