കൊച്ചി: വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും അവിവാഹിതര്‍ക്കും മിശ്രവിവാഹത്തിനടക്കം അവസരമൊരുക്കുന്ന വിപ്ലവ തീരുമാനവുമായി കെസിബിസി. പുതുതായി തുടങ്ങുന്ന മാട്രിമോണിയല്‍ സെറ്റ് വഴിയാണ് വലിയ മാറ്റം സൃഷ്ടിക്കുന്ന  നടപടിയുമായി കെസിബിസി ഫാമിലി കമ്മീഷന്‍ മുന്നോട്ട് വന്നിരിക്കുന്നത്. നാല്‍പ്പത് വയസില്‍ താഴെ പ്രായമുള്ള അവിവാഹിതര്‍, വിധവകള്‍, വിവാഹമോചിതര്‍ എന്നിവര്‍ക്കായി പുനര്‍വിവാഹത്തിനുള്ള വേദിയൊരുക്കുകയാണ് പ്രോ ലൈഫ് മാരി ഡോട്ട് കോം എന്ന മാട്രിമോണിയല്‍ സൈറ്റിലൂടെ കെസിബിസി ഫാമിലി കമ്മീഷന്‍.

കേരളത്തിലെ ലത്തിന്‍, റോമന്‍ കാത്തലിക്, മലങ്കര സഭകളില്‍ നടത്തിയ സര്‍വ്വേകളുടെ അടിസ്ഥാനത്തിലാണ് കെസിബിസിയുടെ നിര്‍ണായക തീരുമാനം. പലപ്പോഴും വിധവകളെ സമൂഹത്തിന്‍റെ പിന്നിലേക്ക് തള്ളപ്പെടുന്ന ഒരു ചുറ്റുപാടാണ് ഇന്നുള്ളത്. അത്തരത്തില്‍ പിന്നോക്കം പോകാതെ വീണ്ടുമൊരു കുടുംബ ജീവിതത്തിന് താല്‍പര്യമുള്ളവര്‍ക്ക് അവസരമൊരുക്കുകയാണ് കത്തോലിക്കാ സഭ ചെയ്യുന്നതെന്ന് കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശ്ശേരി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

വിധവകളെ ശാക്തീകരിക്കാന്‍ രൂപത അടിസ്ഥാനത്തില്‍ വിഡോ ഫോറം രൂപീകരിച്ചു. ഇതിന്‍റെ ഭാഗമായാണ് വിധവകള്‍ക്കും, വിവാഹമോചിതര്‍ക്കും നാല്‍പത് വയസില്‍ താഴെയുള്ള അവിവാഹിതര്‍ക്കും വേണ്ടി മാട്രിമോണിയല്‍ സൈറ്റ് രൂപീകരിക്കുന്നത്. കത്തോലിക്കര്‍ അല്ലാതുള്ള മറ്റ് ക്രിസ്തീയ വിഭാഗങ്ങള്‍ക്കും അന്യമതസ്ഥര്‍ക്കും ഈ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കെസിബിസി അവസരമൊരുക്കുന്നുണ്ട്. വിധവകള്‍ക്ക് സാമ്പത്തിക ഭദ്രത നല്‍കുന്നതിന് ഉതകുന്ന കൈത്തൊഴില്‍ പരിശീലനം നല്‍കും സര്‍ക്കാരില്‍ നിന്ന് വിധവകള്‍ക്ക് ലഭ്യമാകുന്ന സേവനങ്ങള്‍ ലഭ്യമാകുന്നതിന് ആവശ്യമായ സഹായങ്ങളും കെസിബിസി ഫാമിലി കമ്മീഷന്‍ ചെയ്യുമെന്ന് ഫാ. പോള്‍ മാടശ്ശേരി പറഞ്ഞു.

കേരളത്തിലെ 32 രൂപതകളിലായി ഒരുലക്ഷത്തില്‍ അധികം ആളുകള്‍ കത്തോലിക്കാ സഭയില്‍ മുപ്പത്തിയഞ്ച് വയസ് കഴിഞ്ഞിട്ടും അവിവാഹിതരായി നില്‍ക്കുന്ന സ്ഥിതി വിശേഷം ഇന്നുണ്ട്. സാമ്പത്തികം, പ്രാദേശികം, വിദ്യാഭ്യാസം, മറ്റ് സാമൂഹ്യപരമായ സാഹചര്യങ്ങളാണ് ഇതിന് കാരണമെന്നാണ് കെസിബിസി സര്‍വ്വേയില്‍ വ്യക്തമായത്. മലബാറിലെ ഏഴ് രൂപതകളില്‍ നടത്തിയ പഠനത്തില്‍ ഇരുപതിനായിരത്തില്‍ അധികം ആളുകള്‍ സ്ത്രീയും പുരുഷനും അവിവാഹിതരായിയുണ്ട്. ഇവര്‍ക്കായി ഒരു സംഗമം കോഴിക്കോട് വച്ച് നടത്തി. ഈ സംഗമത്തില്‍ മൂവായിരം പേരാണ് പങ്കെടുത്തത്. ഇതില്‍ 2800 പേര്‍ പുരുഷന്മാരും 200പേര്‍ സ്ത്രീകളുമായിരുന്നു പങ്കെടുത്തത്. 

ഇതോടെയാണ് പ്രാദേശിക പ്രതിബന്ധങ്ങളെ മറികടക്കാനാണ് കെസിബിസി ഫാമിലി കമ്മീഷന്‍ പ്രോ ലൈഫ്  മാരി ഡോട്ട് കോം ആരംഭിക്കുന്നത്. ഈ വെബ്സൈറ്റില്‍ വിധവകള്‍ക്കും അവിവാഹിതര്‍ക്കും വിവാഹമോചിതര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. വീണ്ടും വിവാഹിതരാവാന്‍ താല്‍പര്യമുള്ള ആളുകള്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ഫാ. പോള്‍ മാടശ്ശേരി പറഞ്ഞു. ഈ മൂന്ന് വിഭാഗങ്ങള്‍ക്ക് വേണ്ടി പ്രത്യേകമായുള്ളതാണ് ഈ വെബ്സെറ്റെന്നും ഫാ. പോള്‍ മാടശ്ശേരി കൂട്ടിച്ചേര്‍ത്തു. മറ്റ് സമുദായത്തില്‍ ഉള്ളവര്‍ക്ക് ഈ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ ബുദ്ധിമുട്ടില്ലെന്നും കെസിബിസി വിശദമാക്കി. 

അടുത്ത കാലത്തായി സമൂഹത്തില്‍ വിധവകള്‍ക്ക് സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുന്ന ഒരുസാഹചര്യമുണ്ട്. വിധവയെന്ന നിലയില്‍ അവരുടെ വസ്ത്രധാരണത്തില്‍ പോലും സമൂഹം നിയന്ത്രണം വരുത്തുന്ന സാഹചര്യമുണ്ട്. വിധവകള്‍ക്ക് ശാക്തീകരണ നടപടികള്‍ക്കൊപ്പം സമൂഹത്തിന് ബോധവല്‍ക്കരണ പരിപാടികളും കെസിബിസി സംഘടിപ്പിക്കുമെന്നും ഫാ. പോള്‍ മാടശ്ശേരി പറഞ്ഞു.