വാക്സിനെടുക്കാത്ത വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടെയും കണക്കെടുത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പ് ആരോഗ്യ വകുപ്പിന് നല്‍കും. അത് അടിസ്ഥാനമാക്കി വാക്സിനേഷന്‍ ക്യാംപുകള്‍ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഭയക്കേണ്ടതില്ലാത്ത സാഹചര്യത്തിലേക്ക് എത്തുകയാണെന്നും സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് ഗൗരവമുള്ള ആലോചനകള്‍ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് വിദഗ്ധരുമായി ചര്‍ച്ച നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍‌ അറിയിച്ചു.

വാക്സിനെടുക്കാത്ത വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടെയും കണക്കെടുത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പ് ആരോഗ്യ വകുപ്പിന് നല്‍കും. അത് അടിസ്ഥാനമാക്കി വാക്സിനേഷന്‍ ക്യാംപുകള്‍ സജ്ജമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് വാക്സിനേഷന്‍ സൌകര്യമൊരുക്കുക.

ആരും വാക്സിൻ എടുക്കാതെ മാറി നിൽക്കരുത്. കോളേജുകളിൽ വാക്സിനേഷൻ സൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് ഉയര്‍ത്തുന്ന ഭീഷണികളെ നമുക്ക് അവഗണിക്കാനാവില്ല. എല്ലാ മുന്‍കരുതലും സ്വീകരിച്ച് സുരക്ഷാകവചം തകരാതെ നമുക്ക് മുന്നോട്ട് പോകാനാവണം. എങ്കിലേ ഈ പ്രതിസന്ധി വിജയകരമായി തരണം ചെയ്യാനാവൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona