ഉന്നയിച്ച വിഷയങ്ങളിൽ എടുത്ത തുടർ നടപടികൾ വിശദീകരിച്ച് പ്രതിമാസ റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും വകുപ്പ് മേധാവിമാർക്കും വകുപ്പ് സെക്രട്ടറി കത്തയച്ചു.
തിരുവനന്തപുരം: ഭരണപരമായ കാര്യങ്ങളിൽ മോശം പ്രകടനം കാഴ്ചവെച്ച ആരോഗ്യവകുപ്പിന് ചീഫ് സെക്രട്ടറിയുടെ വിമർശനം. ആരോഗ്യവകുപ്പിലെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിനാണ് വിമർശനം. കോടതിയിലെ കേസുകൾ, സ്ഥലംമാറ്റം, അച്ചടക്ക നടപടികൾ, സീനിയോറിറ്റി ലിസ്റ്റ്, അവധി പുനഃക്രമീകരണം എന്നിവയിലടക്കം വീഴ്ചയുണ്ടായെന്നാണ് ചീഫ് സെക്രട്ടറിയുടെ വിമർശനം.
കോടതിയിൽ കെട്ടിക്കിടക്കുന്ന മുപ്പതിലേറെ വർഷത്തെ പഴക്കമുള്ള സർക്കാർ തീരുമാനങ്ങൾക്ക് മേലുള്ള കേസുകൾ, വിധി വന്നിട്ടും നടപ്പാക്കാതെ ക്ഷണിച്ചുവരുത്തിയ കോടതിയലക്ഷ്യ കേസുകൾ, കൃത്യമായി നോക്കാത്തതിനാൽ കോടതിയിൽ സർക്കാർ കേസ് തോറ്റ് നൽകേണ്ടി വരുന്ന ഭീമൻ നഷ്ടപരിഹാരംതുടങ്ങി എല്ലാറ്റിനും ചീഫ് സെക്രട്ടറി ഉത്തരം പറയേണ്ടി വരുന്നതോടെയാണ് സംസ്ഥാനതല യോഗത്തിൽ ചീഫ് സെക്രട്ടറി ഇക്കാര്യം വകുപ്പിനെ അറിയിച്ചത്. കാര്യങ്ങൾ അക്കമിട്ട് നിരത്തി ആരോഗ്യസെക്രട്ടറി കത്ത് നൽകി. മോശം പ്രകടനമെന്ന യോഗത്തിലുണ്ടായ പരാമർശം എടുത്തുപറഞ്ഞ് ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവ്വീസിനെതിരായ വിമർശനം കത്തിലുണ്ട്. 700 കേസുകളെങ്കിലും കോടതികളിലും മറ്റുമായി ഡിഎച്ച്എസിൽ മാത്രമെന്ന് ഉന്നത ഉദ്യോഗസ്ഥർ തന്നെ പറയുന്നു.
സ്ഥലംമാറ്റം, അവധി, സ്ഥാനക്കയറ്റം എല്ലാത്തിലും തർക്കങ്ങളുണ്ട്. കൊവിഡ് കാലത്ത് പോലും അർഹിച്ച ഗ്രേഡ് പേ, റേഷ്യോ പ്രമോഷൻ, ലീവ് സറണ്ടർ എന്നിവ നിഷേധിച്ചതിൽ കെ.ജി.എം.ഒ.എ അടക്കം നിരന്തര സമരത്തിലാണ്. ആരോഗ്യപ്രവർത്തകർക്കെതിരെ അതിക്രമം രൂക്ഷമായ സമയത്ത് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന തെറ്റായ ഉത്തരം നിയമസഭയിൽ ആരോഗ്യമന്ത്രിക്ക് തയാറാക്കി നൽകിയതിലും ഉദ്യോഗസ്ഥർ പ്രതിക്കൂട്ടിലായിരുന്നു.
വകുപ്പ് ആസ്ഥാനത്തുനിന്നു ഫയലുകൾ കാണാതായതിലെ വിവാദങ്ങൾ വേറെയുമുണ്ട്. നേരത്തെ കൊവിഡ് മരണക്കണക്കുകളിലെ പിഴവിന് ഡിഎംഒമാരോട് വിശദീകരണം ചോദിച്ച് ആരോഗ്യസെക്രട്ടറി താഴക്ക് കത്തയച്ചിരുന്നു. അന്ന് സംസ്ഥാനതലത്തിൽ നടന്ന വെട്ടിക്കുറയ്ക്കലാണ് പ്രശ്നത്തിനിടയാക്കിയതെന്ന് കാട്ടി ഉദ്യോഗസ്ഥർ തന്നെ അതൃപ്തി വ്യക്തമാക്കിയിരുന്നു. ഏതായാലും പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കണമെന്നതിൽ വരും ദിവസങ്ങളിൽ വിശദമായ നിർദേശം പുറത്തിറങ്ങുമെന്നാണ് ഡിഎംഒമാർ പ്രതീക്ഷിക്കുന്നത്.

