തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന കർശനമാക്കിയിരിക്കെ, സെക്രട്ടേറിയേറ്റ് ജീവനക്കാർക്ക് വേണ്ടി ചീഫ് സെക്രട്ടറി തന്നെ രംഗത്തിറങ്ങി. സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ വാഹനങ്ങൾക്ക് പിഴയീടാക്കരുതെന്നാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ഗതാഗത വകുപ്പ് സെക്രട്ടറിക്ക് വിശ്വാസ് മേത്ത കത്തയച്ചു. സെക്രട്ടേറിയേറ്റ് ജീവനക്കാർക്ക് പിഴ ചുമത്തരുതെന്ന് മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകണമെന്നാണ് ആവശ്യം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചിട്ടും പിഴ ഈടാക്കുന്നുവെന്നാണ് സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ പരാതി. ഇതിലാണ് ചീഫ് സെക്രട്ടറിയുടെ ഇടപെടൽ. ഇക്കാര്യത്തിൽ എന്ത് നടപടിയെടുത്തുവെന്ന് നാളെ രാവിലെ 11 മണിക്ക് തന്നെ അറിയിക്കണമെന്നും ഗതാഗത വകുപ്പ് സെക്രട്ടറിക്ക് അയച്ച കത്തിൽ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.