Asianet News MalayalamAsianet News Malayalam

ഉപതെരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാനത്തിന്റെ കത്ത്

തദ്ദേശ തെരഞ്ഞെടുപ്പ് തീയതി നീട്ടാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തുടങ്ങി. കമ്മീഷന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനാണ് നീക്കം

Kerala chief secretary urges CEC to forgo kuttanad chavara by election 2020
Author
Thiruvananthapuram, First Published Sep 12, 2020, 8:05 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിഞ്ഞു കിടക്കുന്ന കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയാണ് കത്തയച്ചത്. നേരത്തെ മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലും ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന നിലപാട് ഉയർന്നിരുന്നു. ഇതറിയിച്ചുകൊണ്ടാണ് കത്തയച്ചിരിക്കുന്നത്.

സംസ്ഥാന സർക്കാറിന്റെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഇനി നവംബറിൽ ഉപതെരഞ്ഞെടുപ്പ് നടത്തിയാലും മൂന്ന് മാസത്തിൽ താഴെ മാത്രമേ അംഗങ്ങൾക്ക് കാലാവധി ഉണ്ടാവുകയുള്ളൂ. കൊവിഡ് സാഹചര്യം കൂടിയായതിനാൽ സഭ സമ്മേളിക്കുന്നതിനും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ മൂന്ന് മാസത്തേക്ക് മാത്രമായി തെരഞ്ഞെടുപ്പ് വേണോ എന്ന ചോദ്യമാണ് സംസ്ഥാന സർക്കാർ ഉന്നയിക്കുന്നത്.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് തീയതി നീട്ടാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തുടങ്ങി. കമ്മീഷന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനാണ് നീക്കം. ആറ് മാസം വരെ അഡ്മിനിസ്ട്രേറ്റീവ് ഭരണമാകാമെന്നാണ് ചട്ടം. തെരഞ്ഞെടുപ്പ് നീട്ടാനുള്ള സർക്കാരിന്റെ ശുപാർശ ലഭിച്ചാൽ നിയമവശം പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. അടുത്ത വെള്ളിയാഴ്ച ചേരുന്ന സർവകക്ഷി യോഗം എല്ലാ വിഷയവും ചർച്ച ചെയ്യും. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ താല്‍ക്കാലികമായി അല്‍പം മാറ്റിവെക്കാനും എന്നാല്‍ അനന്തമായി നീളാതെ എത്രയും വേഗം നടത്താനും സംസ്ഥാന തെരഞ്ഞെടുപ്പു കമീഷനോട് അഭ്യര്‍ത്ഥിക്കാൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ ധാരണയായിരുന്നു. 

പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളുടെ ഭരണസമിതിയുടെ അഞ്ചുവര്‍ഷ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് 2020 നവംബറില്‍ പുതിയ ഭരണസമിതികള്‍ അധികാരമേല്‍ക്കേണ്ടതുണ്ട്. ഇതിന് പകരം തദ്ദേശ സ്ഥാപനങ്ങളിൽ ആറ് മാസത്തെ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി പരമാവധി വേഗത്തിൽ തെരഞ്ഞെടുപ്പ് പൂർത്തീകരിക്കാനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആലോചിക്കുന്നത്.

Follow Us:
Download App:
  • android
  • ios