അതേസമയം, ക്രിസ്തുമസിന്റെ തലേനാൾ ബിവ്റേജസ് കോർപറേഷൻ 65.88 കോടി രൂപയുടെ മദ്യമാണ് ഒറ്റ ദിവസം വിറ്റത്. കഴിഞ്ഞ വർഷം ഇത് 55 കോടി രൂപയായിരുന്നു. ക്രിസ്‌തുമസ് ദിനത്തിൽ കേരളത്തിൽ ആകെ വിറ്റത്‌ 73 കോടി രൂപയുടെ മദ്യമാണ്. 

തിരുവനന്തപുരം: ക്രിസ്തുമസ് കാലത്തെ മദ്യവിൽപ്പനയിൽ (Christmas Liquor Sale) റെക്കോർഡ് ഇട്ട് തിരുവനന്തപുരം പവർ ഹൗസ് ഔട്ട്‍ലെറ്റ് (Thiruvananthapuram Power House Outlet). 73.54 ലക്ഷം രൂപയുടെ മദ്യമാണ് തിരുവനന്തപുരം ന​ഗരത്തിൽ തന്നെയുള്ള ഔട്ട്‍ലെറ്റ് വഴി വിറ്റത്. 70.70 ലക്ഷം രൂപയുടെ മദ്യം വാങ്ങിക്കുടിച്ച ചാല'ക്കുടി'ക്കാർ രണ്ടാം സ്ഥാനത്തും 60 ലക്ഷം രൂപയുടെ മദ്യംവിറ്റ ഇരിഞ്ഞാലക്കുട ഔട്ട്‍ലെറ്റ് മൂന്നാം സ്ഥാനത്താണ്‌. കഴിഞ്ഞ തവണയും ഈ ഔട്ട്‍ലെറ്റുകൾ തന്നെയായിരുന്നു മുന്നിൽ. അതേസമയം, ക്രിസ്തുമസിന്റെ തലേനാൾ ബിവ്റേജസ് കോർപറേഷൻ 65.88 കോടി രൂപയുടെ മദ്യമാണ് ഒറ്റ ദിവസം വിറ്റത്.

കഴിഞ്ഞ വർഷം ഇത് 55 കോടി രൂപയായിരുന്നു. ക്രിസ്‌തുമസ് ദിനത്തിൽ കേരളത്തിൽ ആകെ വിറ്റത്‌ 73 കോടി രൂപയുടെ മദ്യമാണ്. ബെവ്‌കോയ്ക്ക് പുറമെ കൺസ്യൂമർ ഫെഡ്‌ ഔട്ട്‍ലെറ്റുകൾ വഴി വിറ്റ മദ്യത്തിന്റെ കണക്ക് കൂടി കൂട്ടുമ്പോഴാണിത്. ക്രിസ്‌തുമസ് ദിവസം ബെവ്‌കോ ഔട്ട്‍ലെറ്റ് വഴി 65 കോടിയുടെയും കൺസ്യൂമർ ഫെഡ്‌ ഔട്‌ലറ്റ്‌ വഴി എട്ട് കോടി രൂപയുടെയും മദ്യം വിറ്റു.

ക്രിസ്‌തുമസ് തലേന്ന്‌ കൺസ്യൂമർഫെഡ്‌ വഴി 11.5 കോടി രൂപയുടെ മദ്യം വിറ്റു. ഇതുകൂടിയാകുമ്പോൾ ക്രിസ്തുമസ് ആഘോഷത്തിനായി കേരളം ആകെ കുടിച്ചത്‌ 150.38 കോടിരൂപയുടെ മദ്യമാകും. കഴിഞ്ഞ ക്രിസ്‌തുമസിന് 55 കോടി രൂപയുടെ മദ്യമാണ്‌ ബെവ്‌കോ വിറ്റത്‌. കൺസ്യൂമർ ഫെഡ്‌ ഔട്‌ലറ്റുകളിൽ 54 ലക്ഷം രൂപയുടെ വിൽപ്പന നടന്ന കൊടുങ്ങല്ലൂരാണ്‌ മുമ്പിൽ. കൊച്ചി ബാനർജി റോഡിലെ ഔട്‌ലറ്റിൽ 53 ലക്ഷം രൂപയുടെ വിൽപ്പന നടന്നു. ബെവ്‌കോ ഔട്ട്‍ലെറ്റുകൾ വഴി ക്രിസ്‌തുമസ് വരെയുള്ള നാല്‌ ദിവസം 215 കോടി രൂപയുടെ മദ്യം വിറ്റു.