Asianet News MalayalamAsianet News Malayalam

'ബിജെപി അജണ്ട കേരളത്തിൽ നടക്കില്ല': കേന്ദ്രത്തിനും ആർഎസ്എസിനും തലശേരി ബിഷപ്പിനുമെതിരെ മുഖ്യമന്ത്രി

ഏതെങ്കിലും അവസരവാദികളായ ആളുകളെ സുഖിപ്പിക്കുന്ന വാർത്തമാനത്തിന് കിട്ടുമെന്ന് കരുതി അത് പൊതുവികാരമെന്നു കരുതണ്ട

Kerala CM Pinarayi Against BJP central govt Bishop Pamplani at Kannur kgn
Author
First Published Mar 22, 2023, 7:11 PM IST

ദില്ലി: പ്രതിപക്ഷ ശബ്ദം പാർലമെന്റിൽ ഉയരാൻ പാടില്ലെന്നു ഭരണകക്ഷി തീരുമാനിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ പെരളശ്ശേരിയിൽ ഇഎംഎസ്, എകെജി അനുസ്മരണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് പാർലമെന്ററി ജനാധിപത്യം അട്ടിമറിക്കപ്പെടുകയാണെന്നും അദ്ദേഹം വിമർശിച്ചു.

ജനാധിപത്യ ത്തെ ആട്ടിമറിക്കാൻ സാധ്യമായതൊക്കെ ചെയ്യുന്ന സർക്കാറായി കേന്ദ്രസർക്കാർ മാറിയെന്ന വിമർശനവും മുഖ്യമന്ത്രി നടത്തി. കേന്ദ്രസർക്കാർ രാജ്യത്തെ ഭരണഘടനാ സ്ഥാനങ്ങളെ കൈപ്പിടിയിൽ ഒതുക്കുകയാണ്. എല്ലാം ആർഎസ്എസിന്റെ കൈയിൽ ഒതുങ്ങണമെന്നാണ് അവർ ചിന്തിക്കുന്നത്. ജുഡീഷ്യറിയ്ക്ക് സ്വാതന്ത്ര സ്വഭാവം പാടില്ലെന്നും തങ്ങൾക്ക് അലോസരം ഉണ്ടാകാൻ പാടില്ലെന്നതുമാണ് ആർഎസ്എസിന്റെ നിലപാട്. പരമോന്നത കോടതിക്ക് പോലും പരസ്യമായി കാര്യങ്ങൾ പറയേണ്ടി വരുന്നുവെന്നും പിണറായി പറഞ്ഞു.

പാർലമെന്റിനെ കേന്ദ്രം ഭരിക്കുന്ന ബിജെപി നോക്കുകുത്തിയാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുസ്ലിങ്ങൾക്ക് നേരെ സംഘപരിവാർ ആക്രമണം തുടരുകയാണ്. ചെറിയ ന്യൂനപക്ഷമായ ക്രൈസ്തവ വിഭാഗത്തിനു നേരെ എന്തെല്ലാം അക്രമണമാണ് സംഘ പരിവാർ നടത്തുന്നത്? കേരളത്തിന്റെ അന്തരീക്ഷം അല്ല മറ്റിടങ്ങളിൽ ക്രൈസ്തവർക്കടക്കം ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഒരു വർഗീയതയോടും കേരളത്തിൽ വിട്ടു വീഴ്ച ഇല്ലാത്ത സമീപനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. നിർഭാഗ്യവശാൽ കേരളത്തിൽ മതവിഭാഗങ്ങളിലെ ചിലരെ പ്രീണിപ്പിക്കാൻ സംഘപരിവാർ ശ്രമിക്കുന്നു. മതന്യൂനപക്ഷ വിഭാഗങ്ങളിലെ ചില പ്രധാനികളെ ഇവർ സമീപിക്കുന്നുണ്ട്. പക്ഷെ വലിയ സ്വീകാര്യത അതിനു കിട്ടുന്നില്ല. ഏത് തെറ്റായ നീക്കത്തിനും ചിലരെ വീഴ്ത്താൻ പറ്റും. ആ ചിലർ പൊതുവായതല്ല പൊതുവികാരവുമല്ലെന്ന് മുഖ്യമന്ത്രി ബിഷപ്പ് പാംപ്ലാനിക്കെതിരായ പരോക്ഷ വിമർശനത്തിൽ വ്യക്തമാക്കി.

മതിനിരപേക്ഷത സംരക്ഷിക്കപ്പെടണം എന്നാണ് പൊതു വികാരം. വർഗീയതയുടെ ഏറ്റവും വലിയ രൂപമാണ് ആർഎസ്എസ്. അതിന്റെ രാഷ്ട്രീയ രൂപമാണ് ബിജെപി. അത് ആർക്കും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. മതനിരപേക്ഷ ചിന്താഗതിക്കാർ ഇവരെ മാറ്റി നിർത്തുകയാണ്. സ്വാഭാവികമായും വെപ്രാളമുണ്ടാകും. ഏതെങ്കിലും അവസരവാദികളായ ആളുകളെ സുഖിപ്പിക്കുന്ന വാർത്തമാനത്തിന് കിട്ടുമെന്ന് കരുതി അത് പൊതുവികാരമെന്നു കരുതണ്ട. ബി ജെ പി അജണ്ട നടപ്പാക്കാനാകുന്ന നാടല്ല കേരളം. കേരളത്തിൽ ഒരു സീറ്റ് കിട്ടാൻ വേണ്ടി ജനസംഘമായ കാലം മുതൽ കളി തുടങ്ങിയതാണ്. ഒരു ബിജെപി നേതാവ് നിയമ സഭയിൽ വരുന്നത് 2016 ലാണ്. ചരിത്രം മറക്കരുത്. നാണംകെട്ട സംഭവമാണെങ്കിലും അത് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു സീറ്റ്‌ നഷ്ടപ്പെട്ടതിൽ ബിജെപിക്കു വിഷമമുണ്ടാകും. ജനങ്ങളോടൊപ്പം അല്ല ബിജെപി. ജനങ്ങളെ ഉപദ്രവിക്കുന്ന നടപടി ആയതിനാൽ ബിജെപി ക്കു എതിരെ ജനരോഷം ഉയരുന്നു. സംസ്ഥാനത്തെ കേന്ദ്രം കടുത്ത രീതിയിൽ അവഗണിക്കുകയാണ്. സംസ്ഥാന സർക്കാരിനെ എങ്ങിനെ അസ്ഥിരപ്പെടുത്താമെന്നാണ് കേന്ദ്രം നോക്കുന്നത്. സംസ്ഥാനത്തെ ശ്വാസം മുട്ടിക്കാനാണ് ശ്രമം. അർഹമായ കേന്ദ്ര വിഹിതം സംസ്ഥാനത്തിന് കിട്ടുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭീഷണിപ്പെടുത്തിയും പ്രീണിപ്പിച്ചും വോട്ട് വാങ്ങാമെന്നാണ് ബിജെപി കരുതുന്നത്. അതും പക്ഷെ കേരളത്തിൽ വിജയിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്താണ് കേരളത്തിലെ പ്രതിപക്ഷത്തിന് സംഭവിക്കുന്നതെന്ന് മുഖ്യമന്ത്രി പിന്നീട് ചോദിച്ചു. ബ്രഹ്മപുരം അടിയന്തര പ്രമേയമായി വന്നു. തദ്ദേശ മന്ത്രി മറുപടിയും പറഞ്ഞു. നിയമസഭയിൽ അതിന്റെതായ നടപടി ക്രമങ്ങൾ ഉണ്ട്. പ്രതിപക്ഷം സ്പീക്കറുടെ ഡയസിലേക്ക് ഇരച്ചു കയറി. എന്താണ് ഇതിന്റെ ഒക്കെ അർത്ഥം? പ്രതിപക്ഷ മുദ്രാവാക്യത്തെ പറ്റി താൻ പറയുന്നില്ല. അത് അവരുടെ സംസ്കാരം. പ്രതിപക്ഷ നേതാവിന്റെ പ്രസംഗം അവസാന വാക്കിൽ എത്തിയപ്പോഴാണ് പ്രതിഷേധം ഉണ്ടായത്. 

അടിയന്തര പ്രമേയത്തിന് അനുമതി ഉണ്ടോയെന്ന് സ്പീക്കർക്ക് പറയാൻ അവസരം നൽകിയില്ല. ഇതാണ് സഭയിൽ ഉണ്ടായത്. സമാന്തര സഭ, സ്പീക്കറുടെ മുഖം മറക്കുന്നതുമൊക്കെ പാർലമെന്ററി കീഴ്‌വഴക്കമാണോ? സമവായ ശ്രമം ആണ് ഭരണപക്ഷം നടത്തിയത്. ഭരണ പക്ഷം പ്രകോപനം ഉണ്ടാക്കിയില്ല. വാച് ആൻഡ് വാർഡിന് നേരെ ക്രൂരമായ ആക്രമണം അരങ്ങേറിയെന്ന പരാതി വന്നു. മര്യാദയോടെ അല്ലാത്ത പെരുമാറ്റം നേരിടേണ്ടി വന്ന യുവതികളായ വാച് ആൻഡ് വാർഡുണ്ട്. നമ്മുടെ നാടിനൊരു സംസ്കാരമുണ്ട്. അതിനു വിരുദ്ധമായാണ് പ്രതിപക്ഷം പ്രവർത്തിച്ചത്. എങ്ങോട്ടാണ് പ്രതിപക്ഷത്തിന്റെ പോക്ക്? അമർഷവും രോഷവും സ്വഭാവികമല്ലേ? അവരുടെ ഔദ്യോഗിക കൃത്യം തടപ്പെടുത്തിയാൽ സ്വാഭാവിക നടപടി വരില്ലേ? ഇതാണോ സഭാ രീതി? സഭയിൽ സ്വീകരിക്കേണ്ടത് സഭ്യമായ രീതി? സഭ്യമല്ലാത്ത രീതിയാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. 

Follow Us:
Download App:
  • android
  • ios