തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിൽ നടന്ന എൻഫോഴ്സ്മെന്റ് റെയിഡിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വ്യക്തിക്കെതിരെ ഉയർന്ന ആരോപണത്തെ സംബന്ധിച്ച അന്വേഷണത്തിൽ അതുമായി ബന്ധപ്പെട്ട്  സിപിഎം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും എന്താണ് നിജസ്ഥിതി എന്നറിയാതെ സർക്കാർ എന്ന നിലയിൽ  മുൻകൂര്‍ പ്രവചനം നടത്താനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

അന്വേഷണ ഏജൻസിയുടെ അന്വേഷണവുമായി ബന്ധപ്പെട്ടതാണ് വിഷയം.  അവരുടെ ( അന്വേഷണ ഏജൻസിയുടെ) കൈയ്യിൽ എന്തെല്ലാമാണ് ഉള്ളതെന്ന് അറിയാതെ ഇക്കാര്യത്തിൽ പ്രതികരിക്കാൻ കഴിയില്ല. റെയിഡിനിടെ നിയമവിരുദ്ധ കാര്യങ്ങൾ നടന്നെങ്കിൽ അത് നേരിടാൻ നിയമമുണ്ട്. കുടുംബത്തിന് പരാതിയുണ്ടാകാം. അതിന് അനുസരിച്ച് അവർ നിയമനടപടി സ്വീകരിച്ചിട്ടുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

അതേ സമയം കെ ഫോൺ പദ്ധതിയെ അടക്കം അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായും. ഇതിനായി അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് പുകമറ സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ചില കേന്ദ്ര ഏജൻസികൾ സര്‍ക്കാർ പ്രവർത്തനങ്ങളെ അട്ടിമറിക്കാനാകുമോ എന്ന് കൂടി ആലോചിക്കുകയാണെന്നും പിണറായി കൂട്ടിച്ചേർത്തു