Asianet News MalayalamAsianet News Malayalam

'കച്ചവട താൽപ്പര്യങ്ങൾക്ക് രാജ്യത്തെ വിട്ടുനൽകുന്ന ബജറ്റ്', വിമർശിച്ച് പിണറായി

കര്‍ഷകസംഘടനകളുമായി നടത്തിയ ചര്‍ച്ചകള്‍ എല്ലാം  നാടകങ്ങളായിരുന്നു എന്നും വിവാദ നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നുമുള്ളതിന്‍റെ സ്ഥിരീകരണം കൂടിയാണ് ബജറ്റിലൂടെ നടത്തിയിരിക്കുന്നത്.

kerala cm pinarayi vijayan on union budget
Author
Thiruvananthapuram, First Published Feb 1, 2021, 6:51 PM IST

തിരുവനന്തപുരം: എൻഡിഎ സർക്കാരിന്റെ കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനങ്ങളുന്നയിച്ച്  മുഖ്യമന്ത്രി പിണറായി വിജയൻ. കച്ചവട താൽപ്പര്യങ്ങൾക്ക് രാജ്യത്തെ വിട്ടുനൽകുന്ന ബജറ്റാണ് ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചതെന്ന് പിണറായി വിജയൻ ആരോപിച്ചു. കൂടുതല്‍ പൊതുസ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനും ഇന്‍ഷുറന്‍സ് മേഖലയിലടക്കം വിദേശ നിക്ഷേപം വര്‍ധിപ്പിക്കാനുമുള്ള ബജറ്റ് നിർദേശം, എല്ലാ മേഖലകളില്‍നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങി രാജ്യത്തെ പൂര്‍ണമായി കച്ചവടതാല്‍പര്യങ്ങള്‍ക്ക് വിട്ടുനല്‍കുന്നതിനുള്ളതാണ്.

ഡിജിറ്റൽ സെൻസസ് നടപ്പാക്കുമെന്ന ബജറ്റ് പ്രഖ്യാപനം അടിയന്തിരമായി പുനപരിശോധിക്കണം. ഫാം സെസ് എന്ന പേരിൽ പെട്രോളിനും ഡീസലിനും ഇന്ധന സെസ് ഏർപ്പെടുത്തിയിരിക്കുകയാണ്. കാർഷിക മേഖല പൂർണമായും സ്വകാര്യ കുത്തകൾക്ക് നൽകുന്നു. കൊവിഡ് പശ്ചാത്തലത്തിൽ വരുമാനം നഷ്ടമായവർക്ക് ആശ്വാസമൊന്നും ബജറ്റിലില്ല. വിലക്കയറ്റ മുക്കാവുകയും ജനങ്ങളെ കൂടുതൽ സാമ്പത്തിക ബുദ്ധിമുട്ടില്ലക്ക് തള്ളിവിടുകയും ചെയ്യുമെന്നും മുഖ്യമന്ത്രി ആരോപിച്ചു. 

കര്‍ഷകസംഘടനകളുമായി നടത്തിയ ചര്‍ച്ചകള്‍ എല്ലാം  നാടകങ്ങളായിരുന്നു. വിവാദ നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നതിന്റെ സ്ഥിരീകരണം കൂടിയാണ് ബജറ്റിലൂടെ നടത്തിയത്. കാലാകാലങ്ങളില്‍ കര്‍ഷകസംഘടനകള്‍ മുന്നോട്ടുവെച്ചിട്ടുള്ള ഫോര്‍മുല (C2+50%) പ്രകാരം താങ്ങുവില പ്രഖ്യാപിക്കാന്‍ പോലും കേന്ദ്രം തയ്യാറായിട്ടില്ല.

ഫാം സെസ് എന്ന പേരില്‍ പെട്രോളിനും ഡീസലിനും ഇന്ധന സെസ് ഏര്‍പ്പെടുത്തി. അത് വിലക്കയറ്റം വര്‍ധിപ്പിക്കുന്നതിനും പൊതുജനങ്ങളെ കൂടുതല്‍ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് തള്ളിവിടുന്നതിനും കാരണമാകും. ഇരുമ്പിനും സ്റ്റീലിനും വൈദ്യുതിക്കുമെല്ലാം വിലകൂടും. ഇത് നിര്‍മാണമേഖലയെ പ്രതികൂലമായി ബാധിക്കും. 

ലോകത്തെ തന്നെ ഏറ്റവും വലിയ ഡിജിറ്റല്‍ ഡിവൈഡുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇവിടെ ഡിജിറ്റല്‍ സെന്‍സസ് നടപ്പാക്കുമെന്ന പ്രഖ്യാപനം അടിയന്തരമായി പുനഃപരിശോധിക്കണം. സര്‍ക്കാര്‍ പദ്ധതികള്‍ കാര്യക്ഷമമായി ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും കൃത്യമായ സ്ഥിതിവിവര കണക്കുകള്‍ അത്യന്ത്യാപേക്ഷിതമാണ്. അവ തയ്യാറാക്കുന്നതിന് ഡിജിറ്റല്‍ സെന്‍സസ്  വെല്ലുവിളിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios