Asianet News MalayalamAsianet News Malayalam

'കാമ്പസുകളിൽ യുവതികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാനുള്ള ശ്രമമില്ല', സിപിഎം കത്ത് തള്ളി മുഖ്യമന്ത്രി

സംസ്ഥാന ഇന്റലിജൻസ് മേധാവി ഇത്തരത്തിൽ റിപ്പോർട്ട് നൽകിയിട്ടില്ല. അത്തരമൊരു ശ്രമം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകി.

Kerala cm pinarayi vijayan reject cpm letter over attempt to lure young women to extremism in campus
Author
Thiruvananthapuram, First Published Oct 4, 2021, 12:58 PM IST

തിരുവനന്തപുരം: പ്രൊഫഷണൽ കോളേജ് കാമ്പസുകൾ കേന്ദ്രീകരിച്ച്  യുവതികളെ വർഗീയതയിലേക്കും തീവ്രവാദത്തിലേക്കും ആകർഷിക്കാൻ ശ്രമം നടക്കുന്നുവെന്ന സി പി എം  കത്ത് തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരമൊരു ശ്രമം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകി. സംസ്ഥാന ഇന്റലിജൻസ് മേധാവി ഇത്തരത്തിൽ റിപ്പോർട്ട് നൽകിയിട്ടില്ലെന്നും എം കെ മുനീർ, നജീബ് കാന്തപുരം എന്നിവരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകി.

കാമ്പസുകളിൽ യുവതികളെ വർഗീയതയിലേക്കും മതതീവ്രവാദത്തിലേക്കും ആകർഷിക്കാൻ ബോധപൂർവ്വം ശ്രമം നടക്കുന്നുവെന്നായിരുന്നു സി പി എം കത്ത്. പാർട്ടി സമ്മേളനങ്ങൾക്കായി കീഴ്ഘടകങ്ങൾക്ക് നൽകിയ കത്തിലായിരുന്നു ഈ പരാമർശം. സി പി എം ഇക്കാര്യം പറഞ്ഞത് എന്ത് തെളിവിന്റെ  അടിസ്ഥാനത്തിലാണെന്ന് വിശദീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. 

അതേ സമയം മത-സാമുദായിക സംഘടനകളുടെ യോഗം വിളിക്കേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. വിഭാഗീയ ശക്തികൾ സമൂഹമാധ്യമങ്ങളുടെ വിദ്വേഷ പ്രചരണം നടത്തുന്നുണ്ട്.വാട്സ്ആപ്പ് ഹർത്താലും, വർഗീയ പ്രചരണവും നടത്തി സംഘർഷം സൃഷ്ടിക്കാൻ നീക്കം നടക്കുന്നു. ഇത്തരകാർക്കെതിരെ പോലീസ് നടപടി സ്വീകരിക്കുന്നുണ്ട്. മറ്റൊരു ഭാഗത്ത് വ്യാജ വാർത്തകൾ നൽകി വർഗീയ കലാപം സൃഷ്ടിക്കാൻ ചില ഓൺലൈൻ പോർട്ടലുകൾ ശ്രമിക്കുന്നതായി മുഖ്യമന്ത്രി കുറ്റപ്പെടുത്തി.ഇത് തടയാനായി രഹസ്യാന്വേക്ഷണ വിഭാഗവും സൈബർ സെല്ലും പരിശോധന ശക്തമാക്കി. ഇത്തരം സംഭവങ്ങളിൽ ഓൺലൈൻ പോർട്ടലുകൾക്കെതിരെ കേസ് എടുത്തതായും മുഖ്യമന്ത്രി മറുപടിയിൽ വ്യക്തമാക്കി.

 

Follow Us:
Download App:
  • android
  • ios