തിരുവനന്തപുരം: കേരളം ലോക്ക് ഡൗൺ ചട്ടം ലംഘിച്ചെന്ന കേന്ദ്ര വിമര്‍ശനത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 'കേന്ദ്രവും സംസ്ഥാനവും തമ്മില്‍ സംഘ‍‍ര്‍ഷമില്ല. കേന്ദ്രത്തിന്‍റെ പൊതുവായ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് കാര്യങ്ങള്‍ നടപ്പാക്കുക എന്ന് നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ചില കാര്യങ്ങളില്‍ കേന്ദ്രത്തിന്‍റെ അനുമതി വാങ്ങിയേ നടപ്പാക്കൂ എന്നും പറഞ്ഞിരുന്നു. ചില കാര്യങ്ങളില്‍ വ്യത്യാസം കാണും. അവ ഇവിടുത്തെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. അവ‍ സംഘര്‍ഷങ്ങളോ ത‍ര്‍ക്കങ്ങളോ അല്ല. അത് കേന്ദ്രത്തിനും മനസിലാകും' എന്നും വാര്‍ത്താസമ്മേളനത്തില്‍ പിണറായി പറഞ്ഞു. 

എന്നാല്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ക‍ര്‍ശനമായി നടപ്പാക്കും എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 'ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയതോടെ വാഹനങ്ങള്‍ ക്രമാതീതമായി നിരത്തിലെത്തി. വല്ലാത്ത തിരക്കുണ്ടായതായി പലയിടത്തുനിന്ന് റിപ്പോ‍‍ര്‍ട്ട് വന്നു. ലോക്ക് ഡൗണില്‍ കേരളം ഇളവുവരുത്തിയെന്ന വാദമുണ്ടായി. സുരക്ഷാ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച അനുവദിക്കില്ല. പൊതുഗതാഗതം തല്‍ക്കാലം ഉണ്ടാകില്ല. കൊവിഡിന് എതിരായ ജാഗ്രത തുടര്‍ന്നേ മതിയാകൂ. സ‍ര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്വന്തം വാഹനത്തില്‍ ഓഫീസിലെത്താം' എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

കേരളം മാ‍‍‍‍‍‍ര്‍ഗരേഖ ലംഘിച്ചു; തുറന്നടിച്ച് കേന്ദ്രം

കേരളം ലോക്ക് ഡൗൺ ഇളവുകൾ സംബന്ധിച്ച് കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗരേഖ ലംഘിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇന്ന് വ്യക്തമാക്കിയിരുന്നു. ഹോട്ടലുകൾ തുറക്കാനോ, ബാർബർ ഷാപ്പുകൾ പ്രവർത്തിപ്പിക്കാനോ, സിറ്റി ബസ്സുകൾ സർവീസ് നടത്താനോ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടില്ല. ഇത്തരം ഇളവുകൾ നൽകുന്നത് രോഗം നിയന്ത്രണ വിധേയമായ ഇടത്ത് വീണ്ടും രോഗം പടരുന്നതിന് ഇടയാക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ജോയന്‍റ് സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കൊവിഡ് ലോക്ക്ഡൗൺ സംബന്ധിച്ചുള്ള ചട്ടങ്ങൾ എല്ലാ സംസ്ഥാനങ്ങളും പാലിക്കണമെന്ന് സുപ്രീംകോടതിയുടെ മാർഗനിർദേശമുള്ളതാണ്. അത് പാലിക്കാൻ എല്ലാ സംസ്ഥാനങ്ങളും ബാധ്യസ്ഥരാണ്. അതല്ലെങ്കിൽ രാജ്യത്തെ ആരോഗ്യസംവിധാനത്തിന് തന്നെ വലിയ ഭീഷണിയാകും ഇതെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു.

ലോക്ക് ഡൗണില്‍ തിരുത്തുകള്‍ ഇവ

ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി പിൻവലിക്കും. എന്നാല്‍ പാഴ്സലുകൾ നൽകാൻ അനുമതിയുണ്ടാകും. ബാർബർ ഷോപ്പുകൾ തുറക്കാൻ അനുമതിയില്ല. എസി അല്ലാത്ത ബാർബർ ഷോപ്പുകൾ സാമൂഹ്യാകലം പാലിച്ച് തുറക്കാനായിരുന്നു തീരുമാനം. അത് പിൻവലിച്ചിട്ടുണ്ട്. അതേസമയം, ബാർബർമാർക്ക് വീടുകളിൽ പോയി മുടിവെട്ടാമെന്ന് കേന്ദ്രാനുമതി പ്രകാരം സർക്കാർ വ്യക്തമാക്കുന്നു. ഇത് കേന്ദ്ര ഉത്തരവിൽ വ്യക്തമായി പറയുന്നുണ്ട്. 

സംസ്ഥാനത്ത് ബൈക്കിൽ രണ്ട് പേർക്ക് സഞ്ചരിക്കാം, ബന്ധുവാണെങ്കിൽ എന്നാണ് വ്യക്തമാക്കിയിരുന്നത്. ഇതും പിൻവലിക്കാൻ സംസ്ഥാനം തീരുമാനിച്ചിട്ടുണ്ട്. ബൈക്കിൽ ഒരാൾ മാത്രമേ യാത്ര ചെയ്യാനാകൂ. കാറുകളിലും, നാൽച്ചക്ര വാഹനങ്ങളിലും പിന്നിൽ രണ്ട് പേർക്ക് ഇരിക്കാമെന്ന നിബന്ധനയും പിൻവലിക്കും. പിന്നിൽ ഒരാൾ, മുന്നിൽ ഡ്രൈവർ എന്നായിരുന്നു കേന്ദ്രസർക്കാർ ഉത്തരവ്. അത് തന്നെ പാലിക്കാനാണ് സംസ്ഥാനത്തിന്‍റെ തീരുമാനം.

അതേസമയം, വർക്ക് ഷോപ്പുകൾ തുറക്കുന്നതിൽ ഇളവ് നൽകണമെന്ന് കേന്ദ്രത്തോട് വീണ്ടും അഭ്യർത്ഥിക്കാനാണ് സംസ്ഥാനത്തിന്‍റെ തീരുമാനം. ദേശീയപാതകളിലുള്ള ഹെവി ട്രക്ക് അടക്കമുള്ള വർക്ക് ഷോപ്പുകൾക്ക് നേരത്തേ തുറക്കാൻ അനുമതിയുണ്ട്. നിലവിൽ മറ്റ് വർക്ക് ഷോപ്പുകൾക്ക് ആഴ്ചയിൽ രണ്ട് ദിവസം തുറക്കാനായിരുന്നു സംസ്ഥാന അനുമതി. ഇത് തുടരുന്ന കാര്യത്തിലാണ് വീണ്ടും സംസ്ഥാനം കേന്ദ്രത്തിന്‍റെ അനുമതി തേടുന്നത്. 

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ കേരളം കൊണ്ടുവന്ന ഇളവുകളിൽ തിരുത്ത് വരുത്തുമെന്ന ചീഫ് സെക്രട്ടറിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കൊവിഡിന്റെ വ്യാപനം പിടിച്ചുകെട്ടാൻ കേരളത്തിന് കഴിഞ്ഞത് ലോക്ഡൗൺ കർശനമാക്കിയതുകൊണ്ടാണെന്നും ആത്മവിശ്വാസം അഹങ്കാരത്തിന് വഴിമാറരുതെന്നും വി മുരളീധരന്‍ പറഞ്ഞു.