തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് പ്രതിസന്ധിയുടെ അപകടനില തരണം ചെയ്തെന്ന് പറയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  സാമൂഹ്യവ്യാപനം എന്ന ഭീഷണി അകന്ന് പോയെന്നും പറയാറായിട്ടില്ല. ഈ സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണ്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ടാഴ്ച നീട്ടിയിരിക്കുകയാണ്. കൂടുതലായി ചില ഇളവുകളും നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ച പൊതുവായ ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്ന് സംസ്ഥാനത്തിന്‍റെ സവിശേഷത കൂടി ഉള്‍ക്കൊണ്ട് നിയന്ത്രണങ്ങള്‍ നടപ്പിലാക്കും.

അതിനുള്ള മാര്‍ഗ്ഗ നിര്‍ദേങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. സ്വാഭാവിക ജനജീവിതം എത്രത്തോളം അനുവദിക്കാനാകും എന്നാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ ഉത്തരവ് അനുസരിച്ച് മേയ് 17 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിട്ടുള്ളത്. കേന്ദ്രം ഇന്നലെയിറക്കിയ പട്ടിക അനുസരിച്ച് എറണാകുളവും വയനാടും ഗ്രീന്‍ സോണില്‍ ആയിരുന്നു.

എന്നാല്‍, വീണ്ടും പോസിറ്റീവ് കേസ് വന്നതോടെ വയനാടിനെ ഓറഞ്ച് സോണിലേക്ക് മാറ്റുകയാണ്. അതോടൊപ്പം കേന്ദ്ര മാനദണ്ഡം അനുസരിച്ച് തന്നെ 21 ദിവത്തിലധികമായി കൊവിഡ് പോസിറ്റീവ് കേസുകള്‍ ഇല്ലാത്ത ആലപ്പുഴ, തൃശൂര്‍ ജില്ലകളെ കൂടി ഗ്രീന്‍ സോണില്‍ പെടുത്തുകയാണ്. നിലവില്‍ കൊവിഡ് രോഗികള്‍ ഇല്ലാത്ത ജില്ലകളാണിത്. കണ്ണൂര്‍, കോട്ടയം ജില്ലകളെയാണ് റെഡ് സോണില്‍ പെടുത്തിയിട്ടുള്ളത്.

അതങ്ങനെ തുടരും. ഓരോ ജില്ലയിലെയും സ്ഥിതി വിലയിരുത്തി സോണുകളില്‍ മാറ്റം വരുത്തും. റെഡ് സോണ്‍ ജില്ലകളിലെ ഹോട്ട്‍ സ്പോട്ടുകളില്‍ ലോക്ക് ഡ‍ൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും. ബാക്കി പ്രദേശങ്ങളില്‍ ചില ഇളവുകളുണ്ടാകും. ഹോട്ട് സ്പോട്ടുകളായ നഗരസഭകളുടെ കാര്യത്തില്‍ ഏത് വാര്‍ഡോ ഡിവിഷനാണോ പ്രശ്നബാധിതമായത് അതടച്ചിടുകയായിരുന്നു.

ഇത് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുകയാണ്. ഗ്രീന്‍ സോണ്‍ ജില്ലകളില്‍ പൊതുവായ സുരക്ഷ മുന്‍കരുതലുകകള്‍ പാലിക്കണം. കേന്ദ്രം പൊതുവായി അനുവദിച്ച ഇളവുകള്‍ സംസ്ഥാനത്താകെ നടപ്പാകും. എന്നാല്‍, ചില കാര്യങ്ങളില്‍ പ്രത്യേക നിയന്ത്രണം ഉണ്ടാകും. 

അനുവദനീയമല്ലാത്ത പ്രധാന കാര്യങ്ങള്‍

ഗ്രീന്‍ സോണില്‍ അടക്കം പൊതുഗതാഗതം അനുവദിക്കില്ല

സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമെ രണ്ട് പേരില്‍ കൂടുതല്‍ യാത്ര ചെയ്യാനാവില്ല, 
ഹോട്ട് സ്പോട്ടുകളില്‍ അതും പാടില്ല

ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രമേ സഞ്ചരിക്കാവൂ. വളരെ അത്യാവശ്യമായി പോകുന്ന കാര്യമാണെങ്കില്‍ റെഡ് സോണില്‍ ഒഴികെ ഇളവ് അനുവദിക്കും.

ആളുകള്‍ കൂടി ചേരുന്ന ഒരുപരിപാടിയും പാടില്ല. അത് സാമൂഹിക, രാഷ്ട്രീയ, കുടുംബ പരിപാടിയായാലും അനുവദിക്കില്ല.

സിനിമ തീയേറ്റര്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയിലുള്ള നിയന്ത്രണങ്ങള്‍ തുടരണം.

പാര്‍ക്ക്, ജിംനേഷ്യം തുടങ്ങിയിടങ്ങളിലും ഒത്തുചേരരുത്.

മദ്യ ഷോപ്പുകളും ഈ ഘട്ടത്തില്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. 

മാളുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടീ പാര്‍ലറുകളും പ്രവര്‍ത്തിക്കരുത്.

വിവാഹം, മരണാനന്തര ചടങ്ങുകളില്‍ 20ല്‍ അധികം ആളുകള്‍ പാടില്ല

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല. പരീക്ഷയുടെ കാര്യത്തിന് മാത്രം നിബന്ധനകള്‍ പാലിച്ച് തുറക്കാം

ഞായറാഴ്ച പൂര്‍ണ ഒഴിവ് ദിവസമായി കണക്കാക്കണം. കടകളോ ഓഫീസുകളോ ഒന്നും തുറക്കരുത്. വാഹനങ്ങളും അന്ന് പുറത്തിറങ്ങരുത്. 

ആവശ്യസര്‍വ്വീസുകള്‍ അല്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ മെയ് 15 വരെ മുന്‍ നിയന്ത്രണങ്ങള്‍ അനുസരിച്ച് തന്നെ പ്രവര്‍ത്തിക്കണം.

ഇളവുകള്‍ ഇങ്ങനെ

ഗ്രീന്‍ സോണുകളില്‍ കടകമ്പോളങ്ങള്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഏഴരവരെ. അകലം പാലിക്കണം. ആഴ്ചയില്‍ ആറ് ദിവസം തുറക്കാം.

ഓറഞ്ച് സോണില്‍ നിലവിലുള്ള സ്ഥിതി തുടരണം.

ഗ്രീന്‍ സോണുകളില്‍ സേവന മേഖലകളില്‍ 50 ശതമാനം ജീവനക്കാരുടെ സേവനം ലഭ്യമാക്കും. ഓറഞ്ച് സോണില്‍ നിലവിലുള്ള സ്ഥിതി.

ഹോട്ട് സ്പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഹോട്ടലുകള്‍ക്ക് പാഴ്സലുകള്‍ നല്‍കാം. നിലവിലുള്ള സമക്രമം പാലിക്കണം

ഒന്നിലധികം നിലകളില്ലാത്ത ചെറുകിട തുണിക്കടകള്‍ അഞ്ചില്‍ താഴെ ജീവനക്കാരുടെ സേവനത്തോടെ തുറന്ന് പ്രവര്‍ത്തിക്കാം. ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ മാത്രം

ടാക്സി, യൂബര്‍ ക്യാബ് തുടങ്ങിയവ അനുവദിക്കും.  ഡ്രൈവറും രണ്ട് യാത്രക്കാരും മാത്രം. റെഡ് സോണില്‍ പാടില്ല. 

ചരക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണമില്ല.

അത്യാവശ്യ കാര്യങ്ങള്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഏഴര വരെ പുറത്തിറങ്ങാം. ഹോട്ട് സ്പോട്ടുകളില്‍ പ്രത്യേക നിയന്ത്രണം ഉണ്ടാകും.

65 വയസിന് മുകളിലും 10 വയസില്‍ താഴെ ഉള്ളവരും വീട്ടില്‍ തന്നെ തുടരണം.

രാത്രി യാത്ര പാടില്ല

കൃഷിയുടെയും വ്യവസായത്തിന്‍റെയും കാര്യത്തില്‍ മുന്‍ ഇളവുകള്‍ തുടരും.

നിശ്ചിത സ്ഥലങ്ങളില്‍ പ്രഭാതസവാരി അനുവദിക്കും.

പോസ്റ്റ് ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.

മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം തുറക്കാം.

ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ പ്രത്യേക അനുമതിയോടെ അന്തര്‍ജില്ലാ യാത്രയ്ക്ക് അനുമതി