കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾക്കായി രാഹുൽ ഗാന്ധി നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിച്ചു. കൂടുതൽ എംഎൽഎമാരുടെ പിന്തുണയോടെ കെ.സി. വേണുഗോപാലിന് മുൻതൂക്കമുണ്ടെന്നാണ് സൂചനയെങ്കിലും, സോണിയ ഗാന്ധിയും എ.കെ. ആന്റണിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. 

ദില്ലി: കേരളത്തിലെ മുഖ്യമന്ത്രി തർക്കത്തിൽ തീരുമാനം എടുത്തിട്ടല്ല രാഹുൽ ഗാന്ധി നേതാക്കളെ ദില്ലിയിലേക്ക് വിളിച്ചതെന്ന് എഐസിസി വൃത്തങ്ങൾ. നേതാക്കളുടെ അഭിപ്രായം കേട്ട ശേഷം രാഹുൽ ​ഗാന്ധി തീരുമാനിക്കും. മുതിര്‍ന്ന നേതാവ് സോണിയ ഗാന്ധി ഇതുവരെ ആരുടെയും പേര് പറഞ്ഞിട്ടില്ല. മുതിർന്ന നേതാവ് എകെ ആന്റണിയും ആരെയും നിർദ്ദേശിച്ചില്ലെന്നാണ് സൂചന. അതേസമയം, എംഎൽഎമാരുടെ എണ്ണം അവഗണിക്കരുതെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് കെ.സി. വേണു​ഗോപാലിനെ പിന്തുണയ്ക്കുന്നവർ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകളുടെ ഭാ​ഗമായി രാഹുൽ ഗാന്ധി നേരിട്ട് അഭിപ്രായങ്ങൾ തേടുകയാണ്. രാഹുൽ, നെഹ്റു കുടുംബത്തോട് അടുപ്പമുള്ള പലരുടെയും അഭിപ്രായം തേടി. ഇന്ന് കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളുമായും സംസാരിക്കും. അതേസമയം, സോണിയ ഗാന്ധി തീരുമാനം എടുക്കണമെന്നാണ് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ അഭിപ്രായം. കെസി വേണു​ഗോപാലുമായി ഖർ​ഗെയ്ക്കും രാഹുലിനും വ്യക്തിപരമായ ബന്ധമുണ്ട് എന്ന സാഹചര്യത്തിലാണ് സോണിയ ​ഗാന്ധി തീരുമാനിക്കട്ടെയെന്ന നിലപാടിലേക്ക് ഖർ​ഗെ എത്തിയത്. എട്ടു ദിവസമായിട്ടും തീരുമാനം പ്രഖ്യാപിക്കാൻ കഴിയാത്തതിൽ ഘടകകക്ഷികളിൽ അടക്കം പ്രതിഷേധം പുകയുകയാണ്.

ചര്‍ച്ചകളുടെ ഭാഗമായി രാഹുല്‍ ഗാന്ധി മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുമായും പ്രിയങ്ക ഗാന്ധിയുമായും സംസാരിച്ചിരുന്നു. ലീഗിന്‍റെ നിലപാടും, സംസ്ഥാനത്തെ സാഹചര്യവും പ്രിയങ്ക രാഹുലിനെ ധരിപ്പിച്ചു. അവസാനവട്ട ചര്‍ച്ചകളിലും കെസി വേണുഗോപാലിനാണ് മുന്‍തൂക്കം. അന്‍പതിലേറെ എംഎല്‍എമാരുടെ പിന്തുണ കെസിക്കുണ്ടെന്നും, വി ഡി സതീശനും, രമേശ് ചെന്നിത്തലക്കും ഒറ്റയക്കമാണെന്നുമാണ് നിരീക്ഷകരുടെ റിപ്പോര്‍ട്ടിലുള്ളത്. ജനപ്രതിനിധികളുടെ പിന്തുണ സംഖ്യ മറികടന്ന് മറ്റ് ഘടകങ്ങള്‍ സമീപകാലത്തൊന്നും ഹൈക്കമാന്‍ഡ് പരിഗണിച്ചിട്ടില്ല. ബുധനാഴ്ചയോടെ തീരുമാനം വന്നേക്കുമെന്ന സൂചനയാണ് നിലവിലുള്ളത്.

തീരുമാനം നീളുന്നത് കോണ്‍ഗ്രസിന് ദേശീയ തലത്തിലും ക്ഷീണമായിരിക്കുകയാണ്. പ്രധാന മന്ത്രിയുടെ പരിഹാസത്തിന് പിന്നാലെ ശിവസേന ഷിന്‍ഡെ വിഭാഗവും കോണ്‍ഗ്രസിനെ പരിഹസിച്ചു. ഇതിനിടെ രാഹുല്‍ ഗാന്ധിയുടെ ചോയ്സ് കെസി വേണുഗോപാലാണെന്നും, സംസ്ഥാനത്ത് പ്രതിഷേധം തണുക്കുന്നത് നോക്കി പ്രഖ്യാപനം വൈകിക്കുകയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.