സിപിഎം വേദിയിൽ ഉമർ ഫൈസി മുക്കം നടത്തിയ വിവാദ പ്രസംഗം സമസ്ത മുശാവറ ഗൗരവമായി ചർച്ച ചെയ്യുമെന്ന് പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. നേതാക്കളുടെ പരസ്യ പ്രസ്താവനകൾ സംഘടനയുടെ ഔദ്യോഗിക നിലപാടല്ലെന്നും അച്ചടക്ക ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി

കോഴിക്കോട്: സി പി എം വേദിയിൽ ഉമർ ഫൈസി മുക്കം നടത്തിയ വിവാദ പ്രസംഗം സമസ്ത മുശാവറ ഗൗരവപൂർവ്വം പരിശോധിക്കുമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ അറിയിച്ചു. ഉമർ ഫൈസിയുടേത് ഉൾപ്പെടെ ചില നേതാക്കളുടെയും പോഷക സംഘടനകളുടെയും പരസ്യ പ്രസ്താവനകൾ അച്ചടക്കത്തിനും സംഘടനാ നിലപാടുകൾക്കും നിരക്കാത്തതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിലുള്ള പ്രതികരണങ്ങൾ തീർത്തും ഒഴിവാക്കണമെന്നും ജിഫ്രി തങ്ങൾ ആവശ്യപ്പെട്ടു. ഈ പ്രസ്താവനകൾ സമസ്തയുടെ ഔദ്യോഗിക നയമോ നിലപാടോ അല്ലെന്നും അതിൽ ആരും വഞ്ചിതരാകരുതെന്നും ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു. സംഘടനയുടെ തീരുമാനങ്ങളും നിലപാടുകളും മുശാവറ യോഗം ചേർന്ന് തീരുമാനിക്കുന്നതാണെന്നും, അത് ഉത്തരവാദപ്പെട്ടവർ കൃത്യമായി വിശദീകരിക്കുമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ജിഫ്രി തങ്ങളുടെ പ്രസ്താവന

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടേയും പോഷക സംഘടനകളുടേയും ചില നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരസ്യ പ്രസ്താവനകളും പ്രതികരണങ്ങളും മുശാവറ ഗൗരവമായി ചർച്ച ചെയ്യുമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു. കെ ഉമർ ഫൈസി മുക്കം സി പി എം സെമിനാറിൽ നടത്തിയ പ്രസംഗം മുശാവറ ഗൗരവപൂർവ്വം പരിശോധിക്കും. സമസ്തയുടേയും പോഷകഘടകങ്ങളുടേയും നേതാക്കൾ സംഘടന അച്ചടക്കത്തിനും നിലപാടുകൾക്കും നിരക്കാത്ത വിധം പരസ്യപ്രസ്താവനകളും പ്രതികരണങ്ങളും നടത്തുന്നത് തീർത്തും ഒഴിവാക്കേണ്ടതാണ്. ഇത്തരം പ്രസ്താവനകൾ സമസ്തയുടെ ഔദ്യോഗിക നയമോ നിലപാടോ അല്ലെന്നും അതിൽ ആരും വഞ്ചിതരാവരുതെന്നും തങ്ങൾ കൂട്ടിച്ചേർത്തു. സമസ്തയുടെ നിലപാടുകളും തീരുമാനങ്ങളും മുശാവറ യോഗം ചേർന്നു തീരുമാനിക്കുന്നതാണെന്നും അത് ഉത്തരവാദപ്പെട്ടവർ വിശദീകരിക്കുന്നതാണെന്നും തങ്ങൾ പറഞ്ഞു.

മുശാവറയിൽ നിന്ന് ഒഴിവാക്കാൻ ചർച്ചകൾ സജീവം

അതേസമയം സി പി എം വേദിയിലെ പ്രസംഗത്തിന്‍റെ പേരിൽ ഉമർ ഫൈസി മുക്കത്തെ മുശാവറയിൽ നിന്ന് ഒഴിവാക്കാൻ ചർച്ചകൾ സജീവമാക്കിയിരിക്കുകയാണ് സമസ്തയിലെ ഒരു വിഭാഗം. പോഷക സംഘടന നേതാക്കൾ സമസ്ത നേതൃത്വത്തെ ബോധിപ്പിക്കാനുള്ള കാര്യങ്ങൾ തീരുമാനിക്കാൻ യോഗം ചേർന്നു. വരുന്ന മുശാവറയിൽ ഉമർ ഫൈസിയെ ഒഴിവാക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കാനാണ് നീക്കം. തനിക്കെതിരെ നടപടി ആവശ്യപ്പെട്ടവർ ഉന്നയിക്കുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്ന പ്രതികരണവുമായി ഉമർ ഫൈസി രംഗത്തെത്തി. വഖവ് ബോർഡുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തെറ്റായ പ്രചാരണം നടക്കുമ്പോൾ വഖഫ് ബോർഡ് അംഗം എന്ന നിലയിൽ വസ്തുത ബോധ്യപ്പെടുത്തേണ്ടത് കൊണ്ടാണ് സെമിനാറിൽ പങ്കെടുത്തതെന്നാണ് ഉമർ ഫൈസി മുക്കത്തിന്‍റെ പക്ഷം. ഉമർ ഫൈസിയോടുള്ള വ്യക്തി വിരോധമാണ് പുറത്താക്കാൻ ഉള്ള നീക്കത്തിന്റെ പിന്നിൽ എന്നാണ് ഫൈസി അനുകൂലികളുടെ പ്രതികരണം. വഖഫിൽ ആർ എസ് എസുകാരെ നിയമിക്കാൻ പോലും യു ഡി എഫ് ശ്രമിക്കുന്നു തുടങ്ങിയ വിമർശനങ്ങൾ ആയിരുന്നു ഉമർ ഫൈസി നടത്തിയത്. ഇത്തരത്തിലുള്ള രാഷ്ട്രീയ പ്രസംഗങ്ങൾ സമസ്തക്ക് യോജിച്ചതല്ല എന്നാണ് ഒരു വിഭാഗം സുന്നി നേതാക്കൾ ഉന്നയിക്കുന്നത്.

YouTube video player