Asianet News MalayalamAsianet News Malayalam

കെ എം മാണിയുടെ പ്രിയപ്പെട്ട ശിഷ്യൻ, രണ്ട് പതിറ്റാണ്ടായി ഇടുക്കിയുടെ നേതാവ്; റോഷി അഗസ്റ്റിൻ ഇനി മന്ത്രി

രണ്ട് പതിറ്റാണ്ട് മുമ്പ് ഇടുക്കി പിടിക്കാൻ കെ.എം.മാണി റോഷി അഗസ്റ്റിനെന്ന മുപ്പതുകാരനെ കോട്ടയത്ത് നിന്ന് മലകയറ്റിവിടുമ്പോൾ ആരും വിചാരിച്ചുകാണില്ല ആ ചെറുപ്പക്കാരൻ ഇടുക്കിയിൽ മായ്ക്കാനാവാത്ത ഒരു ചരിത്രമെഴുതുമെന്ന്. വരത്തനെന്ന, സ്വന്തം പാർട്ടിക്കാർ ഉൾപ്പടെയുള്ളവരുടെ ആക്ഷേപങ്ങളെല്ലാം മറികടന്ന് 2001ൽ ആദ്യമായി റോഷി നിയമസഭയിൽ എത്തി. 

kerala comgress m minister roshy augustine profile
Author
Idukki, First Published May 18, 2021, 5:11 PM IST

തിരുവനന്തപുരം: ജന്മംകൊണ്ടല്ലെങ്കിലും കർമ്മംകൊണ്ട് തനി ഇടുക്കിക്കാരനാണ് റോഷി അഗസ്റ്റിൻ. ഇടുക്കി ജില്ലയുടെ അതേപേരിലുള്ള മണ്ഡലത്തിൽ നിന്ന് ആദ്യമായി ഒരു മന്ത്രിയുണ്ടാവുന്നതും റോഷിയിലൂടെയാണ്. അഞ്ചാം തവണ ഇടുക്കിയില്‍ മത്സരത്തിനിറങ്ങിയപ്പോൾ രാഷ്ട്രീയത്തിനതീതമായ വ്യക്തിബന്ധങ്ങളാണ് കടുത്ത മത്സരത്തിലും മുന്നണി മാറിയിട്ടും റോഷി അ​ഗസ്റ്റിന് തിളക്കമാർന്ന വിജയം സമ്മാനിച്ചത്. രാഷ്ട്രീയ എതിരാളികളെ  ഞെട്ടിച്ച്‌  യു ഡി എഫ് കോട്ടകളിൽ പോലും മികച്ച ഭൂരിപക്ഷം നേടാനായി.  

രണ്ട് പതിറ്റാണ്ട് മുമ്പ് ഇടുക്കി പിടിക്കാൻ കെ.എം.മാണി റോഷി അഗസ്റ്റിനെന്ന മുപ്പതുകാരനെ കോട്ടയത്ത് നിന്ന് മലകയറ്റിവിടുമ്പോൾ ആരും വിചാരിച്ചുകാണില്ല ആ ചെറുപ്പക്കാരൻ ഇടുക്കിയിൽ മായ്ക്കാനാവാത്ത ഒരു ചരിത്രമെഴുതുമെന്ന്. വരത്തനെന്ന, സ്വന്തം പാർട്ടിക്കാർ ഉൾപ്പടെയുള്ളവരുടെ ആക്ഷേപങ്ങളെല്ലാം മറികടന്ന് 2001ൽ ആദ്യമായി റോഷി നിയമസഭയിൽ എത്തി. പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മുന്നണിസമവാക്യങ്ങൾ മാറിയ ഈ തെരഞ്ഞെടുപ്പിലും റോഷിയെ ഇടുക്കിക്കാർ ചേർത്തുപിടിച്ചത് അദ്ദേഹത്തെ ജനപ്രീതി ഒന്നുകൊണ്ടുമാത്രമാണ്.

പാലാ ചക്കാമ്പുഴയില്‍ ചെറുനിലത്തുചാലില്‍ വീട്ടില്‍ അഗസ്റ്റിന്‍ ലീലാമ്മ ദമ്പതികളുടെ മകനായി 1969 ജനുവരി 20നാണ് റോഷിയുടെ ജനനം. സ്കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ ഇടക്കോലി ഗവ. ഹൈസ്കൂള്‍ ലീഡറായി നേതൃത്വത്തിലേക്ക് തുടക്കം. പിന്നീട് കെ.എസ്.സി (എം) യൂണിറ്റ് പ്രസിഡന്‍റായും പാലാ സെന്‍റ് തോമസ് കോളേജ് യൂണിറ്റ് പ്രസിഡന്‍റായും യൂണിയന്‍ ഭാരവാഹിയായും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ നേതൃനിരയിലേക്കെത്തി. കേരളാ കോണ്‍ഗ്രസ് (എം) ന്‍റെ ഭാരവാഹിയായിമാറി. കേരളാ ലീഗല്‍ എയ്ഡ് അഡ്വൈസറി ബോര്‍ഡ് മെമ്പറായും രാമപുരം സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായി ആദ്യകാല പ്രവര്‍ത്തനം. കെ.എസ്.സി (എം) സംസ്ഥാന പ്രസിഡന്‍റായിരിക്കെ അഴിമതിക്കും ലഹരിവിപത്തുകള്‍ക്കുമെതിരെ 1995 ല്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 43 ദിവസം നീണ്ടുനില്‍ക്കുന്ന വിമോചന പദയാത്രയും 2001 ല്‍ വിമോചന യാത്രയും  നടത്തി ശ്രദ്ധേയമായി.

ഇരുപത്തിയാറാം വയസില്‍ പേരാമ്പ്രയില്‍ നിന്നായിരുന്നു നിയമസഭയിലേക്കുള്ള കന്നിയങ്കം. അന്ന് പരാജയം സംഭവിച്ചെങ്കിലും  കെ.എം മാണിയുടെ  പ്രിയ ശിഷ്യൻ  2001 ല്‍ ഇടുക്കിയില്‍ നിന്നും സിറ്റിങ് എംഎല്‍എ യെ പരാജയപ്പെടുത്തി . തുടര്‍ന്നുള്ള അഞ്ച് തെരഞ്ഞെടുപ്പുകളിലും മികച്ച ഭൂരിപക്ഷത്തോടെ വിജയം നേടാനായി.  കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടി ഉന്നതാധികാര സമിതി അംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ്. കെ എം മാണി പൊതുപ്രവര്‍ത്തകര്‍ക്ക് ഒരു മാതൃക എന്ന പുസ്തകത്തിന്‍റെ രചയിതാവ് കൂടിയാണ് റോഷി.

ഇടുക്കി മെഡിക്കല്‍ കോളേജും പുതിയ താലൂക്കും നിരവധിയായ റോഡുകളും പാലങ്ങളും ഹൈടെക് സൗകര്യങ്ങളോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും റോഷിയുടെ ഇച്ഛാശക്തിയുടെ ഭാഗമായാണ് യാഥാര്‍ത്ഥ്യമായത്. കെ എം മാണി ധനകാര്യ വകുപ്പ് മന്ത്രിയായിരിക്കെയാണ് ഇടുക്കിയിൽ മെഡിക്കൽ കോളേജിന് അനുമതി നൽകി പ്രാരംഭ പ്രവർത്തനം ആരംഭിച്ചത്. 2018 ലെ മഹാപ്രളയത്തിൽ ജനങ്ങളോടൊപ്പം നിലകൊണ്ട് പുനർനിർമ്മാണം സാധ്യമാക്കാൻ കഴിഞ്ഞു. ദുരന്തഭൂമിയായി മാറിയ ഇടുക്കിയെ ചേർത്തുപിടിച്ച റോഷിയെ മറക്കാനാവില്ല. തകർന്നുപോയ ഒരു ജനതയെ കൈപിടിച്ചുകയറ്റിയതിൽ റോഷിക്കുള്ള പങ്ക് ചെറുതല്ല. അതുകൊണ്ടൊക്കെ തന്നെയാണ് റോഷിയെ അഞ്ചാം അങ്കത്തിലും അവർ ജയിപ്പിച്ചത്. ഇടുക്കി മെഡിക്കൽകോളേജും നല്ല റോഡുകളുമൊക്കെ കൊണ്ടുവന്ന എംഎൽഎ മന്ത്രിയാകുമ്പോൾ ഇടുക്കിക്കാർ ഇനിയും ഒത്തിരി പ്രതീക്ഷിക്കുന്നുണ്ട്.

തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്‍ററില്‍ നേഴ്സ് ആയ റാണിയാണ്  റോഷി അ​ഗസ്റ്റിന്റെ ഭാര്യ. മൂത്തമകള്‍ ആന്‍മരിയ വാഴത്തോപ്പ് സെന്‍റ് ജോര്‍ജ്ജ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. രണ്ടാമത്തെ മകള്‍ എയ്ഞ്ചല്‍ മരിയ എട്ടാം ക്ലാസിലും ഇളയ മകന്‍ അഗസ്റ്റിന്‍ രണ്ടാം ക്ലാസിലും തിരുവനന്തപുരത്ത് പഠിക്കുന്നു.

Follow Us:
Download App:
  • android
  • ios