തിരുവനന്തപുരം: പ്രളയാനന്തര കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വികസന സംഗമം ഇന്ന് കോവളത്ത് വച്ച് നടക്കും. നവകേരള നിർമ്മാണത്തിന് ദേശീയ-രാജ്യാന്തര തലത്തിലുള്ള സാമ്പത്തിക-സാങ്കേതിക സഹായങ്ങൾ ഉറപ്പാക്കുക എന്നതാണ് കോൺക്ലേവിന്റെ പ്രധാന ലക്ഷ്യം. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള പ്രമുഖ ഏജൻസികളും സ്ഥാപനങ്ങളും വൈകിട്ട് മൂന്നിന് നടക്കുന്ന കോൺക്ലേവിൽ പങ്കെടുക്കാനെത്തും.

ലോകബാങ്ക് എഡിബി, ജൈക്ക അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രതിനിധികളും വികസന സംഗമത്തിനെത്തുന്നുണ്ട്. മുഖ്യമന്ത്രി അധ്യക്ഷനായ സമിതി പുനർനിർമ്മാണ കർമ്മപദ്ധതി പ്രതിനിധികൾക്ക് മുന്നിൽ അവതരിപ്പിക്കും. അടിസ്ഥാന സൗകര്യവികസനത്തിൽ ഊന്നിയുള്ള പദ്ധതികൾക്കാണ് റീ ബിൽഡ് കേരള ഇനീഷ്യേറ്റീവ് രൂപകല്പന ചെയ്തിരിക്കുന്നത്.

റോഡുകൾ, കുടിവെള്ളം, ജലസേചനം എന്നിവക്കാണ് പദ്ധതിയിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ പുനർനിർമ്മാണമാണ് കേരളത്തിന്റെ ലക്ഷ്യം. വിവിധ മേഖലകൾ തിരിച്ചുള്ള ധനകാര്യചർച്ചകളിൽ വകുപ്പ് സെക്രട്ടറിമാർ വിഷയങ്ങളവതരിപ്പിക്കും. മഹാപ്രളയത്തെ തുടർന്ന് സംസ്ഥാനത്താകെ  30,000 കോടി രൂപയുടെ നഷ്ടമാണ് സർക്കാർ കണക്കാക്കിയത്. ലോകബാങ്കിന്റെ ഒന്നാം ഗഡു 1720 കോടിയും ജർമ്മൻ ധനകാര്യസ്ഥാപനം കെഎഫ്ഡബ്ല്യു വാഗ്ദാനമായ 1400 കോടിയും മാത്രമാണ് കേരളത്തിന് ഇതുവരെ ഉറപ്പായ ധനസഹായങ്ങൾ.