കോട്ടയം: കേരള കോൺഗ്രസ് ചെയർമാൻ സ്ഥാനവും കക്ഷി നേതാവ് സ്ഥാനവും വിട്ടുകൊടുക്കേണ്ടതില്ലെന്ന് മാണി വിഭാഗത്തിന്‍റെ തീരുമാനം. സമവായമുണ്ടായില്ലെങ്കിൽ സംസ്ഥാനകമ്മിറ്റി വിളിച്ച് ഭൂരിപക്ഷത്തിലൂടെ ചെയർമാനെ നിശ്ചയിക്കണമെന്ന നിലപാടിലാണ് മാണി വിഭാഗം. സംസ്ഥാനകമ്മിറ്റി വിളിക്കുന്നതിന് മുൻപ് സ്റ്റിയറിംഗ് കമ്മിറ്റിയും പാർലമെൻ്ററി പാർട്ടിയോഗവും വിളിക്കണമെന്നാണ് പി ജെ ജോസഫിന്‍റെ ആവശ്യം.

സി എഫ് തോമസിനെ കക്ഷി നേതാവാക്കി പി ജെ ജോസഫിനെ ചെയർമാനാക്കണമെന്നാണ് ജോസഫ് വിഭാഗം മുന്നോട്ട് വയ്ക്കുന്നത്. ഇത് സമവായത്തിലൂടെ തീരുമാനിക്കണം. സി എഫ് തോമസിനെ ചെയർമാനാക്കണമെന്ന് ഒരു ഘട്ടത്തിൽ ജോസ് കെ മാണി നിർദ്ദേശിക്കുകയും പി ജെ ജോസഫ് അത് അംഗീകരിക്കുകയും ചെയ്തതാണ് എന്നാൽ ഇപ്പോൾ നിലപാട് മാറ്റി.

ഇതിൽ ചില തല്പരകക്ഷികളുടെ ഇടപെടലുണ്ടെന്നാണ് മാണിവിഭാഗത്തിന്റ ആരോപണം. അതിനാലാണ് ഇരുസ്ഥാനവും വിട്ടുകൊടുക്കേണ്ടതില്ലെന്ന് മാണി വിഭാഗം നിലപാടെടുക്കുന്നത്. പി ജെ ജോസഫ് വിഭാഗം പാർട്ടിയിലേക്ക് വന്നപ്പോൾ പ്രധാനപ്പെട്ട രണ്ട് സ്ഥാനങ്ങൾ മാണിക്കാണെന്ന് കരാറുണ്ടായിരുന്നു. ഇതിൽ പിന്നോട്ട് പോകാൻ കഴിയില്ലെന്നാണ് മാണി വിഭാഗത്തിന്റെ നിലപാട്.

ജോസ് കെ മാണിയുടെ നേതൃത്വത്തിൽ മാണി വിഭാഗം നേതാക്കൾ പാർട്ടി ഓഫീസിൽ യോഗം ചേർന്നാണ് കടുത്ത തീരുമാനവുമായി മുന്നോട്ട് പോകാൻ ധാരണയായത്. 23ന് ഫലപ്രഖ്യാപനത്തിന് ശേഷം സംസ്ഥാനകമ്മിറ്റി വിളിക്കാനാണ് ജോസ് കെ മാണി ആലോചിക്കുന്നത്.