Asianet News MalayalamAsianet News Malayalam

കേരളാ കോൺഗ്രസിലെ തമ്മിലടി; ബദൽ സംസ്ഥാന കമ്മിറ്റി വിളിക്കുന്നവരുടെ നടപടി പാർട്ടി വിരുദ്ധമെന്ന് പിജെ ജോസഫ്

പാർട്ടി ചെയർമാൻ സ്ഥാനത്തിന് വേണ്ടിയാണ് ഇപ്പോൾ ജോസ് കെ മാണി വിഭാഗവും പി ജെ ജോസഫ് വിഭാഗവും തമ്മിൽ പോര് തുടരുന്നത്. ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതിനുള്ള സംസ്ഥാന കമ്മറ്റിഉടന്‍ വിളിച്ചുചേര്‍ക്കണം എന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം കഴിഞ്ഞ ദിവസം പി ജെ ജോസഫിന് കത്തു നല്‍കിയിരുന്നു.

Kerala congress groupism, calling parallel state committee is indiscipline warns PJ Joseph
Author
Thodupuzha, First Published Jun 6, 2019, 12:14 PM IST

തൊടുപുഴ: കേരളാ കോൺഗ്രസ് മാണി വിഭാഗത്തിലെ പ്രതിസന്ധി തുടരുകയാണ്. ബദൽ സംസ്ഥാന കമ്മിറ്റി വിളിക്കുന്നവരുടെ നടപടി പാർട്ടി വിരുദ്ധമാണെന്ന് ആക്ടിംഗ് ചെയർമാൻ പി ജെ ജോസഫ് പറഞ്ഞു. പാർട്ടിയിലെ പ്രശ്നങ്ങൾ സമവായത്തിലൂടെ പരിഹരിക്കാനാണ് താൻ ശ്രമിക്കുന്നത്. സഭാ നേതൃത്വവും യു ഡി എഫും സമവായത്തിലൂടെ പ്രശ്നം പരിഹരിക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്നും പി ജെ ജോസഫ് പറഞ്ഞു. എന്നാൽ സംസ്ഥാന കമ്മിറ്റി ഉടൻ വിളിച്ചുചേർക്കില്ലെന്നാണ് പി ജെ ജോസഫിന്‍റെ നിലപാട്. ബദൽ സംസ്ഥാന കമ്മിറ്റി വിളിക്കാനുള്ള ശ്രമം ജോസ് കെ മാണി വിഭാഗം നടത്തുന്നതിനിടെയാണ് ഇതിനെതിരെ പി ജെ ജോസഫിന്‍റെ മുന്നറിയിപ്പ്.

പാർട്ടി ചെയർമാൻ സ്ഥാനത്തിന് വേണ്ടിയാണ് ഇപ്പോൾ ജോസ് കെ മാണി വിഭാഗവും പി ജെ ജോസഫ് വിഭാഗവും തമ്മിൽ പോര് തുടരുന്നത്. ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതിനുള്ള സംസ്ഥാന കമ്മറ്റിഉടന്‍ വിളിച്ചുചേര്‍ക്കണം എന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം കഴിഞ്ഞ ദിവസം പി ജെ ജോസഫിന് കത്തു നല്‍കിയിരുന്നു. കെ എം മാണിയുടെ നിര്യാണത്തെ തുടർന്ന് പാളയത്തിൽ പോര് രൂക്ഷമായ കേരളാ കോൺഗ്രസിൽ ജോസ് കെ മാണി വിഭാഗവും പി ജെ ജോസഫ് വിഭാഗവും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ തെരുവിലേക്ക് എത്തിയതിന് പിന്നാലെയാണ് പി ജെ ജോസഫ് വീണ്ടും നിലപാട് കടുപ്പിക്കുന്നത്. സമവായത്തിനുള്ള പി ജെ ജോസഫിന്‍റെ ക്ഷണം ജോസ് കെ മാണി വിഭാഗം ഇതുവരെ ചെവിക്കൊണ്ടിട്ടുമില്ല. സമവായത്തിന് ശേഷമേ സംസ്ഥാനകമ്മിറ്റി വിളിക്കൂ എന്നാണ് പി ജെ ജോസഫിന്‍റെ നിലപാട്.

പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറെ ജൂണ്‍ ഒമ്പതിന് മുമ്പായി തെരെഞ്ഞെടുക്കണമെന്ന് സ്പീക്കര്‍ നിർദ്ദേശിച്ചതിനാല്‍ അതിന് മുമ്പ് ചെയര്‍മാന്‍ തെരെഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണം എന്നാണ് ജോസ് കെ മാണി വിഭാഗത്തിന്‍റെ ആവശ്യം.  ജൂൺ ഒമ്പതിന് മുമ്പ് മുമ്പ് പാർലമെന്‍ററി പാർട്ടി യോഗം വിളിക്കുമെന്ന് പി ജെ ജോസഫ് ഇന്ന് തൊടുപുഴയിൽ പറഞ്ഞു. പാ‍ർട്ടിയുടെ താൽക്കാലിക ചെയർമാനാണെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പി ജെ ജോസഫ് കത്ത് നൽകിയത് പാർ‍ട്ടിയിലാലോചിക്കാതെയാണെന്ന് വ്യക്തമാക്കി ജോസ് കെ മാണി രംഗത്തെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സംസ്ഥാനകമ്മിറ്റി വിളിക്കുന്നത് കീഴ്വഴക്കമല്ലെന്ന് കാട്ടി തന്‍റെ കർശന നിലപാട് പി ജെ ജോസഫ് ആവർത്തിക്കുകയും ചെയ്തു. ജോസ് കെ മാണിക്ക് വൈസ് ചെയർമാൻ സ്ഥാനവും രാജ്യസഭാംഗത്വം നൽകി സാഹചര്യവും ചൂണ്ടിക്കാട്ടിയാണ് ജോസഫിന്‍റെ പ്രതിരോധം.

Follow Us:
Download App:
  • android
  • ios