കോട്ടയം: കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ ഇടതു മുന്നണി പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടായേക്കും. പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകളുടെ കാര്യത്തിൽ ധാരണ ആകാത്തതാണ് പ്രഖ്യാപനം വൈകിപ്പിക്കുന്നതെന്നാണ് സൂചന. ഇതിനിടെ ജോസ് ഇടതു മുന്നണിയിൽ പോകില്ലെന്ന പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ രംഗത്തെത്തി.

തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനു മുമ്പെത്തിയ കേരള കോണ്‍ഗ്രസിന്‍റെ ജന്മദിനത്തിൽ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാനാണ് ആദ്യം ജോസ് വിഭാഗം ആലോചിച്ചിരുന്നത്. എന്നാൽ ഇടതു മുന്നണിയുമായി സീറ്റു സംബന്ധിച്ച ചർച്ചകൾ പൂർത്തിയാകാത്തതാണ് ഇത് വൈകാൻ കാരണം.

യുഡിഎഫിലേക്കുള്ള സാധ്യത അവസാനിച്ചതോടെ വേഗത്തിൽ തീരുമാനമെടുക്കേണ്ട സമ്മർദ്ദത്തിലാണ് ജോസ് കെ മാണി. പാലാ സീറ്റ് വിട്ടു നൽകില്ലെന്ന് മാണി സി കാപ്പൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പകരം രാജ്യസഭ സീറ്റ് സ്വകരിക്കേണ്ടതില്ലെന്നുമാണ് എൻസിപി നിലപാട്. അതേ സമയം ജോസ് കെ മാണി മറ്റു മുന്നണിയിലേക്ക് പോകുന്നതോടെ കൂടുതൽ പേർ തങ്ങൾക്കൊപ്പമെത്തുമെന്നാണ് പി ജെ  ജോസഫിൻറെ കണക്കു കൂട്ടൽ.

ജോസ് വിഭാഗം എൻഡിഎയിലേക്ക് പോകാനാണ് ലക്ഷ്യമിടുന്നതെന്നും പി ജെ ജോസഫ് ആരോപിച്ചിരുന്നു. ഈ സാധ്യത തള്ളാതെ ആണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം വന്നത്. ജോസ് നിലപാട് പ്രഖ്യാപിക്കുന്നതോടെ സംസ്ഥാനത്തെ മുന്നണി രാഷ്ട്രീയത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കാത്തിരുന്നു കാണേണ്ടി വരും.