കോട്ടയം: കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫിലേക്കോ എൽഡിഎഫിലേക്കോ എന്ന ചർച്ചകൾക്കിടെ പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റിയോഗം ഇന്ന് രണ്ട് മണിക്ക് കോട്ടയത്ത് നടക്കും. യുഡിഎഫ് വിട്ടാൽ ജോസ് കെ മാണി വിഭാഗം വഴിയാധാരമാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന നിർണായക നീക്കത്തിന് ആവേശം പകർന്നിട്ടുണ്ട്. പാർട്ടിയുടെ ഭാവി നിലപാടുകളെക്കുറിച്ചും സ്റ്റിയറിംഗ് കമ്മിറ്റി ചർച്ച ചെയ്യും.

പഞ്ചായത്ത് തെരഞ്ഞെടുപ്പും നിയമ സഭാ ഉപതെരഞ്ഞെടുപ്പുകളും അടുത്തതോടെ രാഷ്ട്രീയ നിലപാട് ഉടൻ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് ജോസ് കെ മാണി വിഭാഗം. യുഡിഎഫിലേക്ക് മടക്കിക്കൊണ്ട് വരാൻ കോൺഗ്രസ് വീണ്ടും താൽപ്പര്യം കാട്ടിയെങ്കിലും പി ജെ ജോസഫ് അതിനെ ശക്തമായി എതിർത്തു. മാത്രമല്ല, ജോസ് വിഭാഗം എൽഡിഎഫുമായി കൂടുതൽ അടുക്കുന്നു എന്ന സൂചനകൾ കിട്ടിയതോടെ കോൺഗ്രസും നീക്കങ്ങളിൽ നിന്ന് പുറകോട്ട് പോയി. മറു വശത്ത് ഇടത് മുന്നണിയാകട്ടെ യുഡിഎഫ് വിട്ടു വന്നാൽ സ്വീകരിക്കാമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. നേരത്തെ എതിർ ശബ്ദം ഉയർത്തിയ സിപിഐയും നിലപപാട് മയപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാനാണ് ജോസ് കെ മാണി വിഭാഗത്തിന്‍റെ നീക്കം. ആ സാഹചര്യത്തിൽ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ നിർണായക ചർച്ചകൾ നടക്കും. കേരള കോൺഗ്രസ് എമ്മിലെ ഭൂരിപക്ഷം ആളുകളും ഇടത് സഹകരണം താൽപ്പര്യപ്പെടുന്നു എന്നാണ് സൂചന. ഇന്നതെ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇക്കാര്യം വിശദമായി ചർച്ച ചെയ്യും.

ഇടതുമുന്നണിയുടെ നിലപാട് സംബന്ധിച്ച കോടിയേരിയുടെ പ്രസ്താവനയും പുതിയ നീക്കങ്ങൾക്ക് വേഗത പകർന്നിട്ടുണ്ട്. ഔദ്യോഗിക വിഭാഗമായി മാറിയ ജോസ് കെ മാണിയുടെ നിലപാടിനനുസരിച്ച് തുടർ നടപടി സ്വീകരിക്കും എന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിക്കഴിഞ്ഞു. ഒൻപതാം തീയതിക്കകം യുഡിഎഫും വിഷയം ചർച്ച ചെയ്യുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം അനുകൂലമായി വന്നത് രണ്ട് മുന്നണികളുമായുള്ള ജോസ് കെ മാണിയുടെ വിലപേശലിന് ശക്തി കൂട്ടിയിട്ടുണ്ട്. വൈകാതെ അന്തിമ തീരുമാനത്തിലേക്ക് എത്താനാണ് സാധ്യത. കൂറുമാറ്റ നിരോധന നിയമ പ്രകാരം ജോസഫ് വിഭാഗത്തിന് എതിരെ കടുത്ത നടപടികളുമായി നീങ്ങാനും തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ചർച്ചകളും സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലുണ്ടാകും.